'ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെ മെസി ബ്രാൻഡ് അംബാസഡർ'; ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് വിമർശനങ്ങളോട് പ്രതികരിക്കുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
മെസിയുമായുളള കരാർ കേവലം ഒരു സ്പോൺസർഷിപ്പ് മാത്രമല്ലെന്നും മറിച്ച് ഒരു സാമൂഹിക പങ്കാളിത്തം ആണെന്നും ദിവ്യ പറഞ്ഞു
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾക്കിടെ, ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ താരങ്ങളിലൊരാളായ ലയണൽ മെസിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിനെക്കുറിച്ച് പ്രതികരിച്ച് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ്. 2500 ജീവനക്കാരെ പിരിച്ചുവിട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു നടപടി. മെസിയുമായുളള കരാർ കേവലം ഒരു സ്പോൺസർഷിപ്പ് മാത്രമല്ലെന്നും മറിച്ച് ഒരു സാമൂഹിക പങ്കാളിത്തം ആണെന്നും ദിവ്യ പറഞ്ഞു. ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികണം.'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന സംരംഭത്തിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി മെസിയെ നിയമിക്കാനുള്ള തീരുമാനം ഈ സംരംഭത്തിന് കൂടുതൽ വ്യാപ്തി നൽകുമെന്നും ദിവ്യ പറഞ്ഞു.
''നിങ്ങൾ എന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റ് കണ്ടിട്ടുണ്ടെങ്കിൽ മനസിലാകും. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തെക്കുറിച്ച് ഇന്നലെപ്പോലും ഞാൻ സംസാരിച്ചു. 30 ലക്ഷം വിദ്യാർത്ഥികളെയും രണ്ടു ലക്ഷം അധ്യാപകരെയും ശാക്തീകരിച്ച ആന്ധ്രാപ്രദേശ് സർക്കാരുമായുള്ള പങ്കാളിത്ത സംരംഭത്തെക്കുറിച്ചായിരുന്നു അതിൽ പറഞ്ഞിരുന്നത്. എല്ലാവർക്കും വിദ്യാഭ്യാസം എന്ന പദ്ധതിക്കു കീഴിലുള്ള ഞങ്ങളുടെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണിത്, പക്ഷേ അതേക്കുറിച്ചൊന്നും ആരും എഴുതിന്നില്ല'', ദിവ്യ പറഞ്ഞു. ചിലപ്പോഴൊക്കെ ചില സംരംഭങ്ങൾ കൂടുതൽ വിജയകരമാക്കാൻ കൂടുതൽ പങ്കാളിത്തം ആവശ്യമാണെന്നും ദിവ്യ പറഞ്ഞു.
advertisement
''ഞങ്ങൾ സംസാരിക്കുന്നത് വിദ്യാഭ്യാസത്തെക്കുറിച്ചാണ്. അതുകൊണ്ട് തുറന്നു പറയട്ടെ. നിങ്ങൾ ഞങ്ങളെ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ ഈ സംരംഭത്തിന് അർഹിക്കുന്ന ശ്രദ്ധ ലഭിച്ചിരുന്നില്ല. മെസിയുടെ വരവോടെ ആ ശ്രദ്ധ ഞങ്ങൾ നേടിയെടുത്തു'', ദിവ്യ പറഞ്ഞു.
''എല്ലാവർക്കും വിദ്യാഭ്യാസം എന്ന സംരംഭത്തിന് കഴിഞ്ഞ പതിനെട്ട് മാസത്തിനിടയിൽ ലഭിക്കാത്ത ശ്രദ്ധ ഇപ്പോൾ ലഭിച്ചു. ഇനിയും ഒരുപാട് പേർ ഈ ഉദ്യമത്തിൽ പങ്കാളികളാകുകയും സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുന്നതുവരെ ഇത്തരമൊരു സംരംഭം ഒരിക്കലും വിജയിക്കില്ല. ഈ പദ്ധതിക്ക് ഒരു വലിയ സാധ്യതയുണ്ട്'', ദിവ്യ ഗോകുൽനാഥ് കൂട്ടിച്ചേർത്തു.
advertisement
ലയണൽ മെസിയെ ബ്രാൻഡ് അംബാസഡറാക്കാൻ ബൈജൂസ് ഒരുപാട് സമയവും പണവും ചെലവഴിച്ചെന്നറിയുമ്പോൾ പിരിച്ചുവിടപ്പെട്ട 2,500 ജീവനക്കാർക്ക് അതിൽ വേദനയുണ്ടാകില്ലേ എന്നും അവരോട് ഇത് എങ്ങനെ വിശദീകരിക്കുമെന്നും ചോദിച്ചപ്പോൾ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കളിക്കാരനായാണ് മെസിയെ പലരും കണക്കാക്കുന്നതെന്നും എന്നാൽ അതിനുമപ്പുറമാണ് കാര്യങ്ങൾ എന്നുമായിരുന്നു ദിവ്യയുടെ പ്രതികരണം. ''വിദ്യാഭ്യാസത്തെ വളരെയധികം വിലമതിക്കുന്ന, ഏറെ എളിമയുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. മറ്റു പല ബ്രാൻഡുകളുമായും മെസിക്ക് സഹകരിക്കാം. പക്ഷേ അദ്ദേഹം ഇന്ത്യൻ കമ്പനിയായ ബൈജൂസുമായി കൈകോർത്തു. കാരണം അദ്ദേഹം ഞങ്ങളുടെ ലക്ഷ്യത്തിലും ദൗത്യത്തിലും വിശ്വസിച്ചിരുന്നു'', ദിവ്യ കൂട്ടിച്ചേർത്തു.
advertisement
Also read: പിരിച്ചുവിട്ട ജീവനക്കാരോട് വൈകാരികമായി ക്ഷമ ചോദിച്ച് ബൈജു രവീന്ദ്രൻ
ഈ വർഷത്തിന്റെ നാലാം പാദത്തോടെ ലാഭം നേടാനാകും എന്നാണ് പ്രതീക്ഷയെന്നും അതിനായി ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ടായിരുന്നു എന്നും അവ തങ്ങൾ സ്വീകരിച്ചതായും ദിവ്യ ഗോകുൽനാഥ് പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 09, 2022 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
'ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെ മെസി ബ്രാൻഡ് അംബാസഡർ'; ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് വിമർശനങ്ങളോട് പ്രതികരിക്കുന്നു









