മുംബൈ: രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ചതിന് പിന്നാലെ കൈയ്യിലുള്ള രണ്ടായിരം രൂപ നോട്ട് മാറ്റാനായി ബാങ്കിലേക്ക് പോകുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നോട്ട് മാറ്റാനായി തിരക്ക് കൂട്ടേണ്ടെന്നും നാല് മാസം വരെ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 30 വരെയാണ് കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റാൻ സമയം അനുവദിച്ചിരിക്കുന്നത്. നിലവില്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടേയുള്ളു. നോട്ടുകള്‍ ഇപ്പോഴും നിയമപരമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടയുടമകള്‍ 2000രൂപയുടെ നോട്ട് സ്വീകരിക്കാന്‍ വിസമ്മതിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”കാലാകാലങ്ങളില്‍ ചില പ്രത്യേക സീരീസ് നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കാറുണ്ട്. പുതിയ നോട്ടുകള്‍ പുറത്തിറക്കാറുമുണ്ട്. ഇപ്പോള്‍ 2000രൂപയുടെ നോട്ട് ഞങ്ങള്‍ പിന്‍വലിക്കുന്നു. എന്നാല്‍ അവ നിയമപരമായി തുടരുന്നുണ്ടെന്ന്,” ശക്തികാന്ത ദാസ് പറഞ്ഞു. സെപ്റ്റംബര്‍ 30ഓടെ പുറത്തിറക്കിയ എല്ലാ 2000രൂപയുടെ നോട്ടുകളും തിരികെ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also read-2000 രൂപാ നോട്ട് പിന്‍വലിച്ചതിനു പിന്നാലെ സ്വർണത്തിനും വെള്ളിയ്ക്കും ആവശ്യക്കാർ കൂടുന്നു
അതേസമയം അഴുക്ക് പുരണ്ടതും കീറിയതുമായ നോട്ടുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കരുതെന്ന് ബാങ്കുകളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കനത്ത ചൂട് കാലാവസ്ഥ തുടരുന്നതിനാല്‍ അതിന് ആവശ്യമായ ക്രമീകരണങ്ങൾ സജ്ജീകരിക്കാന്‍ അദ്ദേഹം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം എന്തിനാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്ന ചോദ്യത്തിനും അദ്ദേഹം വിശദീകരണം നല്‍കി.
2000 രൂപ നോട്ടുകള്‍ അവയുടെ ജീവിതചക്രം പൂര്‍ത്തിയാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നാലഞ്ച് വര്‍ഷം മുമ്പാണ് നോട്ടുകള്‍ അച്ചടിച്ചതെന്നും അതിന്റെ ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ലെ നോട്ട് നിരോധനത്തിന് ശേഷം 500, 1000 രൂപ നോട്ടുകള്‍ നിയമപരമായി പിന്‍വലിച്ചിരുന്നു. ആ കുറവ് നികത്താനായിട്ടാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
Also read- 2000 രൂപ നോട്ട് മാറ്റാൻ മതിയായ സൗകര്യം ഒരുക്കണം; ബാങ്കുകൾക്ക് റിസർവ് ബാങ്ക് മാർഗനിർദേശം
മറ്റ് മൂല്യത്തിലുള്ള നോട്ടുകള്‍ നിലവില്‍ പ്രചാരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2000 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ണ്ണമായി നിര്‍ത്തിയെന്നും ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. ” നോട്ടുകള്‍ അച്ചടിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ന് നിരവധി മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തിലുണ്ട്. 2000 രൂപ നോട്ടുകളുടെ പ്രചാരം ആറ് ലക്ഷത്തി എഴുപത്തിമൂവായിരം കോടിയില്‍ നിന്ന് ഏകദേശം മൂന്ന് ലക്ഷത്തി അറുപത്തിരണ്ടായിരം കോടിയായി കുറഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
20,000 രൂപ പിന്‍വലിക്കല്‍ പരിധിയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. ബാങ്കുകളുടെ പ്രവര്‍ത്തനസൗകര്യാര്‍ത്ഥമാണ് ഈ രീതി അവലംബിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പിന്‍വലിച്ച നോട്ടുകള്‍ സാധാരണ ഇടപാടുകളില്‍ അധികം ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിന് ഉപഭോക്താക്കള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഡിഇഎ സെക്രട്ടറി അജയ് സേത്ത് ബിസിനസ്സ് ടുഡെ ടീവിയോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Currency, Reserve Bank of India