നമ്മുടെ ബാങ്ക് അനുഭവം
Last Updated:
ബാങ്കിംഗ് - വി .കെ ആദർശ്
1956ലെ കേരളപ്പിറവി മുതലിങ്ങോട്ടുള്ള നമ്മുടെ ബാങ്ക് അനുഭവം ഇതര സംസ്ഥാനങ്ങളെക്കാൾ ഭിന്നമായിരുന്നോ എന്ന് ചോദിച്ചാൽ അല്ല. പിന്നെ എന്തായിരുന്നു നമ്മുടെ പ്രത്യേകത, സഹകരണ സംഘങ്ങളുടെയും നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളേയും കൂടി ചേർത്ത് പരിശോധിച്ചാൽ ഒരു പക്ഷെ ഇന്ത്യയിൽ ഏറ്റവുമധികം ബാങ്കിംഗ് ഉൾചേർച്ച (Banking Inclusion) നടന്ന ഇടം കേരളമാകും. ജില്ല തിരിച്ച് നോക്കിയാൽ തൃശൂരാകും വ്യവസായ തലസ്ഥാനത്തേക്കാൾ പഴമയും ചരിത്രവും കൊണ്ട് ധനകാര്യ സംവിധാനത്തോട് കൂടുതൽ പ്രിയം കാട്ടിയത്. ചെറുകിട ചിട്ടിക്കമ്പനികൾ മുതൽ സർക്കാർ വിലാസം കെ എസ് എഫ് ഇ വരെയും തൃശൂർ ആണല്ലോ ആസ്ഥാനം.
advertisement
ഇക്കഴിഞ്ഞ അറുപത്തിരണ്ട് വർഷങ്ങൾക്കുള്ളിൽ ചെറുതും വലുതുമായ പല ബാങ്കുകളും ഇല്ലാതായി, ചിലത് ലയിച്ചു. ഉദാഹരണത്തിന് അത്ര പ്രശസ്തമല്ലാതിരുന്ന എന്നാൽ ശക്തമായ പ്രാദേശിക സാന്നിദ്ധ്യമായിരുന്ന പറവൂർ സെൻട്രൽ ബാങ്ക്, പെരുമ്പാവൂർ ബാങ്ക് ലിമിറ്റഡ് എന്നിവ ഇന്നില്ല, അങ്ങനെ ചെറിയ അനേകർ കളമൊഴിഞ്ഞു. ആദ്യത്തെ നോവൽ എഴുതിയ അപ്പു നെടുങ്ങാടി ഒരു ബാങ്കിന്‍റെ കൂടി സ്ഥാപകനുമായിരുന്നു, അതെ ആ നെടുങ്ങാടി ബാങ്കും കേരളം എന്ന ലേബൽ ഒഴിവാക്കേണ്ടി വന്നത് സാഹചര്യത്തിനൊപ്പം വിപണി നിയന്ത്രിത സമ്മർദ്ദമാകാം. ഈ പട്ടികയിൽ അവസാനത്തേത് നമ്മുടെ സ്വന്തം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അഥവാ എസ് ബി ടി ആയിരുന്നു. ഇന്നത് കേരള അവശേഷിപ്പെല്ലാം ഇല്ലാതാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെന്ന നാമത്തിലേക്ക് ലയിച്ചു.
advertisement

രാജ്യത്തെ ഇപ്പോഴത്തെ രീതി വച്ച് അടുത്ത മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ വ്യാപകമായ ലയനങ്ങളും കളം വിടലും ഒക്കെ നടക്കാൻ ഇടയുണ്ട്. സ്വകാര്യബാങ്കിന്‍റെ കാര്യമെടുത്താൽ ഫെഡറൽ ബാങ്ക് ശക്തമായ സാന്നിധ്യമായി വിപണി ജൈത്രയാത്ര തുടരുന്നു, സൗത്ത് ഇന്ത്യൻ ബാങ്കും ഒപ്പമുണ്ട്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ചെറുബാങ്ക് ആയി റിസർവ് ബാങ്ക് അനുമതി കിട്ടി പ്രവർത്തനം ആരംഭിച്ച ഇസാഫ് ബാങ്ക് ആകണം, കേരളം ജന്മം കൊണ്ട ശേഷം സംസ്ഥാനത്തിനനുവദിച്ച ആദ്യത്തെ ബാങ്ക്. ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചുള്ള കേരള ബാങ്കും എതാനും മാസങ്ങൾക്കകം പ്രവർത്തന പഥത്തിലെത്തും എന്ന് കരുതാം.
advertisement
ശക്തമായ എൻ ആർ ഐ പണവരവുള്ള സംസ്ഥാനമാണ് കേരളം, അത് കൊണ്ട് തന്നെ മിക്ക ബാങ്കുകൾക്കും വിദേശശാഖകളോ കുറഞ്ഞത് റപ്രസന്‍റേറ്റീവ് ഓഫീസെങ്കിലും മലയാളിസാന്നിധ്യം ഉള്ളിടത്തൊക്കെ ഉണ്ട്. പക്ഷെ ഈ കനത്ത നിക്ഷേപം ഉത്പാദന മേഖലയിലേക്ക് വഴിതിരിച്ച് വിട്ട്, സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കാനായോ എന്നത് പ്രസക്തമായ ചോദ്യം. ജൻ ധൻ അക്കൗണ്ടുമായി രാജ്യത്ത് വ്യാപകമായ പ്രചരണം ആരംഭിച്ചതിനും വർഷങ്ങൾക്ക് മുന്നെ എറണാകുളം സമ്പൂർണ ബാങ്കിംഗ് ജില്ല ആയി പ്രഖ്യാപിക്കപ്പെട്ടിരുന്നു എന്നതും ഓർക്കാം.
advertisement
നിലവിൽ നിക്ഷേപം എന്ന മേഖല പൂർണമായി ഇടപാടുകാരന്റെ നിയന്ത്രണത്തിൽ ആയി, മൊബൈൽ ഫോൺ വച്ച് തന്നെ ഒരു ബാങ്കിലെ പണം മറ്റൊരു ബാങ്കിലേക്കോ ഫിൻ ടെക് കമ്പനിയുടെ വാലറ്റിലെക്കോ ഒക്കെ ഏത് നേരത്തും എവിടെ വച്ചും മാറ്റാം. ശാഖാ മാനേജർ പോലും അറിയണമെന്നില്ല തന്റെ ശാഖയിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് പോയത്. ഇത് പോലെ തന്നെ വായ്പ അനുവദിക്കുന്ന സംവിധാനവും ഒരു തരം ഓട്ടോമേഷന് വിധേയമായിക്കൊണ്ടിരിക്കുന്നു. അതായത് ബാങ്കിങ്ങ് എന്നത് പാരമ്പര്യത്തഴമ്പോ, പ്രാദേശിക പെരുമയോ അല്ല മറിച്ച് തികച്ചും സാങ്കേതികവിദ്യയുടെ മേലുറപ്പിച്ച മത്സരവും സേവനാധിഷ്ഠിതവുമായ രംഗം എന്നതിലേക്ക്, അവിടെ എന്ത് കേരളം.
advertisement
(ലേഖകൻ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യിൽ സീനിയർ മാനേജരാണ്)
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2018 6:35 PM IST


