2024 ജൂലൈയിലെ GST സമാഹരണം 10.3 ശതമാനം വര്‍ധിച്ച് 1.82 ലക്ഷം കോടി രൂപയായി
- Published by:Vishnupriya S
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം സമാനകാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 14.4% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
2024 ജൂലൈ മാസത്തിലെ ചരക്ക് സേവന നികുതി (ജിഎസ്ടി ) വരുമാനത്തിലൂടെ കേന്ദ്ര സംസ്ഥാന സർക്കാർ സമാഹരിച്ചത് 1.82 ലക്ഷം കോടി രൂപയെന്ന് റിപ്പോർട്ട്. ഇത്തവണ 10.3 ശതമാനം വർദ്ധനവാണ് ജിഎസ്ടി വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ റീഫണ്ടുകൾ കൂടി കണക്കാക്കിയ ശേഷം 1.44 ലക്ഷം കോടി രൂപയാണ് 2024 ജൂലൈയിലെ അറ്റ ജിഎസ്ടി വരുമാനം. അതായത് കഴിഞ്ഞ വർഷം സമാനകാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 14.4% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
"കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ജിഎസ്ടി വരുമാനത്തിൽ 10 ശതമാനത്തിലധികം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇന്ത്യയിൽ ജിഎസ്ടി വരുമാനത്തിൽ കൂടുതൽ സ്ഥിരതയും പുരോഗതിയും പ്രകടമാക്കുന്നു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പല ആഘോഷങ്ങളും വരാനിരിക്കുന്നതിനാൽ വരുമാനം ഇനിയും വർദ്ധിക്കും" കെപിഎംജിയുടെ പരോക്ഷ നികുതി മേധാവിയും പങ്കാളിയുമായ അഭിഷേക് ജെയിൻ പറഞ്ഞു.
അതേസമയം 2024 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മൊത്ത ജിഎസ്ടി വരുമാനം 10.2 ശതമാനം ഉയർന്ന് 7.38 ലക്ഷം കോടി രൂപയുമായി. ഏറ്റവും കൂടുതൽ ജിഎസ്ടി പിരിച്ചെടുത്ത സംസ്ഥാനം മഹാരാഷ്ട്രയാണ് (28,970 കോടി). കർണാടക (13,025 കോടി രൂപ), ഗുജറാത്ത് (11,015 കോടി രൂപ), തമിഴ്നാട് (10,490 കോടി രൂപ), ഉത്തർപ്രദേശ് (9,125 കോടി രൂപ) എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് പിന്നിൽ ഏറ്റവും ഉയർന്ന നികുതി പിരിവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ ചരക്ക് ഇറക്കുമതിയുടെ ജിഎസ്ടി വരുമാനം ഉൾപ്പെടുത്താതെയുള്ള കണക്കുകളാണ് ഇത് .
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 03, 2024 8:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
2024 ജൂലൈയിലെ GST സമാഹരണം 10.3 ശതമാനം വര്‍ധിച്ച് 1.82 ലക്ഷം കോടി രൂപയായി


