ഇന്റർഫേസ് /വാർത്ത /Money / Mutual Funds | മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ? എങ്ങനെ അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കാം?

Mutual Funds | മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ? എങ്ങനെ അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കാം?

mutual-fund

mutual-fund

ചില മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഹ്രസ്വകാല ആവശ്യങ്ങൾക്ക് അല്ലെങ്കിൽ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായവയാണ്. എന്നാൽ ചിലത് ദീർഘകാല ലക്ഷ്യങ്ങൾക്ക് അനുയോജ്യമായവ ആയിരിക്കും

  • Share this:

നിങ്ങൾക്കു പോകാനുള്ള സ്ഥലത്തേക്കുള്ള യാത്രാമാർഗം എങ്ങനെയാണു തിരഞ്ഞെടുക്കാറുള്ളത്? എപ്പോഴും ഇത് ഒരു പോലെയായിരിക്കുമോ? വീട്ടിൽ നിന്നും 5 കിലോമീറ്റർ ദൂരത്തേക്കാണ് പോകേണ്ടതെങ്കിൽ ഒരു ഓട്ടോറിക്ഷ അല്ലെങ്കിൽ കാർ ആയിരിക്കും സൗകര്യപ്രദം. ഇനി അടുത്ത സംസ്ഥാനത്തേക്കോ രാജ്യത്തേക്കോ ആണ് യാത്രയെങ്കിൽ വിമാനം ആയിരിക്കും കൂടുതൽ അനുയോജ്യം. ചെറിയ ദൂരത്തിന് വിമാനവും ദീർഘ ദൂരത്തിനു ഓട്ടോറിക്ഷയും അസൗകര്യമായിരിക്കും. ഇതുപോലെ തന്നെയാണ് നിക്ഷേപത്തിനായി ഒരു മ്യൂച്വൽ ഫണ്ടിന്റെ ()Mutual Funds) തിരഞ്ഞെടുപ്പും. ലക്ഷ്യം കൃത്യമായി മനസിലാക്കിയാൽ മാത്രമേ തിരഞ്ഞെടുപ്പുകൾ സാധ്യമാകൂ. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ(Financial aim) എന്തൊക്കെയാണെന്ന് ആദ്യം തിരിച്ചറിയണം. ചില മ്യൂച്വൽ ഫണ്ട് സ്കീമുകൾ (Mutual Fund Schemes) ഹ്രസ്വകാല ആവശ്യങ്ങൾക്ക് അല്ലെങ്കിൽ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായവയാണ്. എന്നാൽ ചിലത് ദീർഘകാല ലക്ഷ്യങ്ങൾക്ക് അനുയോജ്യമായവ ആയിരിക്കും

പിന്നെ വേണ്ടത് റിസ്ക്‌ എടുക്കാനുള്ള സന്നദ്ധതയാണ്. ഓരോരുത്തരുടെയും സാമ്പത്തിക നിലയ്ക്കനുസരിച്ച് മാത്രമായിരിക്കും ഒരുപക്ഷെ റിസ്‌ക്കുകൾ ഏറ്റെടുക്കാൻ സാധിക്കുക. ഭാര്യയും ഭർത്താവും ഒന്നിച്ചാണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിൽ പോലും രണ്ടു പേരുടെയും റിസ്ക്‌ എടുക്കാനുള്ള സന്നദ്ധത വ്യത്യസ്തമായിരിക്കും. നിങ്ങളുടെ റിസ്ക്‌ എടുക്കാനുള്ള സന്നദ്ധത വിലയിരുത്താൻ ഫിനാൻഷ്യൽ പ്ലാനർമാർ അല്ലെങ്കിൽ ഇൻവെസ്റ്റ്‌മെൻറ് അഡ്വൈസർമാർ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരുടെ സഹായം തേടാവുന്നതാണ്.

ഇവയെല്ലാം ഉദ്ദേശിച്ചതു പോലെയാണെങ്കിലും വിപണിയിൽ ഇപ്പോൾ ധാരാളം മ്യൂച്ചൽ ഫണ്ടുകൾ ലഭ്യമാണ്. ഇവയിൽ നിന്നു നല്ലത് തെരഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. തിരഞ്ഞെടുപ്പുകൾക്കായി ചില മാനദണ്ഡങ്ങൾ സൂക്ഷിക്കുന്നത് നല്ലതാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഹ്രസ്വകാല നിക്ഷേപത്തിനേക്കാൾ കൂടുതലായി ദീർഘകാല നിക്ഷേപത്തിൽ ശ്രദ്ധിക്കുന്നതായിരിക്കും പൊതുവെ നല്ലത്. കാരണം മാർക്കറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ കഴിഞ്ഞ ഒന്നു രണ്ടു വർഷത്തെ പ്രകടനത്തെക്കാൾ കഴിഞ്ഞ പത്തു വർഷത്തെ പ്രകടനമാണ് കണക്കിൽ എടുക്കേണ്ടത്. അതായത് ചില ഫണ്ടുകൾ മാർക്കറ്റ് വളർച്ചയുടെ കാലത്ത് വൻ വളർച്ചയും എന്നാൽ മാർക്കറ്റ് ഇടിയുന്ന സമയത്ത് വൻ തകർച്ചയും കാണിക്കാറുണ്ട്. അങ്ങനെ വരുമ്പോൾ തകരുന്ന സമയം ഒന്നുകിൽ ഒന്നോ രണ്ടോ വർഷത്തെ കണക്കെടുത്താൽ മനസ്സിലാക്കാനാകും. എന്നാൽ നല്ല മ്യൂച്ചൽ ഫണ്ടുകൾ വളർച്ചയുടെ കാലത്ത് മാർക്കറ്റ് സൂചികയേക്കാൾ നന്നായി വളരുകയും മാർക്കറ്റ് തകരുമ്പോൾ സൂചികയേക്കാൾ കുറഞ്ഞ അളവിൽ മാത്രം താഴോട്ട് വരികയും ചെയ്യുന്നു. അപ്പോൾ സംഭവിക്കുക എന്താണെന്നു വെച്ചാൽ കഴിഞ്ഞ ഒന്നോ രണ്ടോ വർഷത്തെ പ്രകടനം മാത്രം നോക്കിയാൽ മാർക്കറ്റ് ഇടിയുമ്പോൾ തകർന്നു പോകുന്ന ഫണ്ടുകൾ നമുക്കു തിരിച്ചറിയാൻ സാധിക്കുകയില്ല. അതുകൊണ്ട് ദീർഘ കാലത്തെ അഥവാ പത്തു വർഷത്തെയെങ്കിലും വളർച്ച നിരക്കാണ് മ്യൂച്ചൽ ഫണ്ട് താരതമ്യം ചെയ്യുമ്പോൾ ഉപയോഗിക്കാൻ പറ്റിയ അളവുകോൽ.

മ്യൂച്ചൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് എക്സ്പെൻസ് റേഷ്യോ. ഫണ്ട് നടത്താൻ വേണ്ടി നമ്മൾ കമ്പനിക്ക് കൊടുക്കുന്ന ഫീസാണ് എക്സ്പെൻസ് റേഷ്യോ. ഒരേ വരുമാനം തരുന്ന രണ്ടു മ്യൂച്ചൽ ഫണ്ടുകൾ തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ എക്സ്പെൻസ് റേഷ്യോ കുറവുള്ള ഫണ്ട് തെരെഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. കാരണം ഫീസ് ഇനത്തിൽ പണം കുറച്ച് ചിലവഴിക്കുന്നതാണല്ലോ നല്ലത്. മാത്രമല്ല എക്സ്പെൻസ് റേഷ്യോയിലെ വ്യത്യാസം വളരെ ചെറുതാണെങ്കിലും നിക്ഷേപങ്ങൾ വളരുമ്പോൾ ഈ വ്യത്യാസം വളരെ വലിയ തുകയായി മാറും. അത് നമ്മൾ കൊടുക്കേണ്ടതായി വരും. അതുകൊണ്ട് ഒരേ പോലെയുള്ള രണ്ടു ഫണ്ടുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ എക്സ്പെൻസ് റേഷ്യോ ഏറ്റവും കുറവുള്ള ഫണ്ട് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

Also Read- Mutual Fund| എന്താണ് മ്യൂച്വൽ ഫണ്ട്? വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ?

മ്യൂച്ചൽ ഫണ്ട് നിക്ഷേപകർ കേൾക്കാൻ ഇടയുള്ള ഒന്നാണ് NAV. അതായത് ഒരു മ്യൂച്ചൽ ഫണ്ടിൻ്റെ ഒരു യൂണിറ്റിൻ്റെ വിലയാണ് നെറ്റ് അസെറ്റ് വാല്യൂ (Net Asset Value) അഥവാ NAV. കയ്യിലുള്ള ഓഹരികളുടെയും മറ്റു നിക്ഷേപങ്ങളുടെയും വിലയുടെ അടിസ്ഥാനത്തിൽ നെറ്റ് അസെറ്റ് വാല്യൂ കൂടുകയും കുറയുകയും ചെയ്യും. ഉദാഹരണത്തിന് 1,000 രൂപ നിക്ഷേപിച്ചാൽ 500 രൂപ നെറ്റ് അസെറ്റ് വാല്യൂ ഉള്ള ഫണ്ടിന് 2 യൂണിറ്റ് മാത്രമേ ലഭിക്കൂ. എന്നാൽ നെറ്റ് അസെറ്റ് വാല്യൂ 10 രൂപയാണെങ്കിൽ 1,000 രൂപയ്ക്ക് 100 യൂണിറ്റ് ലഭിക്കും. ഇത് കാരണം നെറ്റ് അസെറ്റ് വാല്യൂ കുറവുള്ള ഫണ്ട് വാങ്ങിയാൽ കൂടുതൽ മെച്ചം ഉണ്ടാകും എന്നുള്ള ഒരു തോന്നൽ ഉണ്ടാകാറുണ്ട്. പക്ഷെ യാഥാർഥ്യം എന്താണെന്നു വെച്ചാൽ മ്യൂച്ചൽ ഫണ്ട് വാങ്ങുമ്പോൾ നെറ്റ് അസെറ്റ് വാല്യൂവിന് യാതൊരു പ്രാധാന്യവും ഇല്ല. കാരണം ഒരു ഫണ്ട് തുടങ്ങുമ്പോൾ നെറ്റ് അസെറ്റ് വാല്യൂ 10 രൂപയാണെങ്കിൽ 10 വർഷം കഴിയുമ്പോഴേക്കും അത് ചിലപ്പോൾ 50 – 60 രൂപ ആയിട്ടുണ്ടാകും. കാരണം ഒരു ഫണ്ട് കുറേക്കാലം പ്രവർത്തിക്കുമ്പോൾ അതിലെ നിക്ഷേപങ്ങളുടെയും ഓഹരികളുടെയും വില കൂടും. അതിനനുസരിച്ച് നെറ്റ് അസെറ്റ് വാല്യൂ കൂടും. മറ്റൊരു രീതിയിൽ പറഞ്ഞാൽ 10 രൂപ നെറ്റ് അസെറ്റ് വാല്യൂ ഉള്ള ഫണ്ട് 10% വളർന്നാലും 500 രൂപ നെറ്റ് അസെറ്റ് വാല്യൂ ഉള്ള ഫണ്ട് 10% വളർന്നാലും നമ്മൾ നിക്ഷേപിക്കുന്ന തുക 10% മാത്രമേ വളരുകയുള്ളൂ. എന്നു വെച്ചാൽ 1,000 രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ഫണ്ട് 10% വളർന്നാൽ 100 രൂപ മാത്രമേ നമുക്ക് നേട്ടമുള്ളൂ. അതായത് 100 യൂണിറ്റ് 10% വളർന്നോ അതോ 2 യൂണിറ്റ് 10% വളർന്നോ എന്നുള്ളത് നമ്മുടെ നിക്ഷേപത്തിൻ്റെ വളർച്ചയെ ബാധിക്കുന്നില്ല. അക്കൗണ്ടിൽ എത്ര യൂണിറ്റ് ഉണ്ട് എന്നുള്ളതല്ല മറിച്ച് അക്കൗണ്ടിൽ എത്ര തുക ഉണ്ട് എന്നുള്ളതാണ് പ്രധാനം.

ഒരു മ്യൂച്ചൽ ഫണ്ട് അതിലെ നിക്ഷേപങ്ങൾക്ക് നല്ല വളർച്ച തരുന്നുണ്ടോ എന്ന് അറിയാൻ മ്യൂച്ചൽ ഫണ്ട് ബെഞ്ച് മാർക്ക് സൂചികയുമായി താരതമ്യം ചെയ്തു നോക്കണം. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം നിങ്ങൾ രണ്ട് മ്യൂച്ചൽ ഫണ്ടുകൾ തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ അവ ഒരേ പോലെയുള്ള നിക്ഷേപങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കാരണം എന്താണെന്നു വെച്ചാൽ വൻകിട കമ്പനികളിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ട് ചെറിയ കമ്പനികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളും ആയി താരതമ്യം ചെയ്തിട്ട് കാര്യമില്ല. അതേ പോലെ തന്നെ റിയൽ എസ്റ്റേറ്റ് സെക്ടറിൽ നിക്ഷേപിക്കുന്ന ഫണ്ടും ബാങ്കിങ്ങ് സെക്ടറിൽ നിക്ഷേപിക്കുന്ന ഫണ്ടും തമ്മിൽ താരതമ്യം ചെയ്തിട്ട് കാര്യമില്ല. കാരണം അത് ആനയും അണ്ണാനും തമ്മിലുള്ള താരതമ്യം പോലെയായിപ്പോകും.

നമ്മൾ മ്യൂച്ചൽ ഫണ്ട് വാങ്ങുന്നതിൻ്റെ ഒരു ലക്ഷ്യം വിപണിയിലെ പല കമ്പനികളിൽ നിക്ഷേപിക്കുന്നത് കൊണ്ട് ലഭിക്കുന്ന വൈവിധ്യമാണ്. ഒരു മേഖലയിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ട് ഈ വൈവിധ്യം നമുക്ക് തരുന്നില്ല. ഒരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. കാരണം ഒരു മേഖലയ്ക്ക് നഷ്ടം സംഭവിച്ചാൽ നമുക്ക് മറ്റൊരു മേഖല ലാഭം നല്കാൻ ഉണ്ടായിരിക്കണം. അതുകൊണ്ടു കൂടിയാണ് വ്യത്യസ്ത മേഖലയിൽ നിക്ഷേപം നടത്തണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

വിപണിയിലെ ഈ കാര്യങ്ങളെല്ലാം അറിഞ്ഞ് നിക്ഷേപം നടത്തിയാൽ തീർച്ചയായും നിങ്ങൾക്ക് ലാഭം ഉറപ്പിക്കാവുന്നതാണ്. വിപണിയിൽ നിരന്തരമായ ശ്രദ്ധകൂടി ഉണ്ടായാൽ ഇവ കൂടുതൽ ഗുണം ചെയ്യും.

First published:

Tags: Mutual Fund