ഇതൊക്കെ എങ്ങനെ? സ്റ്റീല്‍ ഉത്പാദനത്തില്‍ മുന്നിലുള്ള ഇന്ത്യ നഖം വെട്ടാനുള്ള നെയില്‍ കട്ടറുകള്‍ ഇറക്കുമതി ചെയ്യുന്നു!

Last Updated:

എന്തുകൊണ്ടായിരിക്കും ഇന്ത്യയില്‍ നെയില്‍ കട്ടറുകള്‍ വലിയ തോതില്‍ നിര്‍മ്മിക്കാത്തത് ?

News18
News18
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥകളില്‍ ഒന്നായ ഇന്ത്യ പ്രധാനപ്പെട്ട സ്റ്റീല്‍ ഉത്പാദകരുമാണ്. എന്നാല്‍ അടിസ്ഥാന വ്യക്തിഗത പരിചരണത്തിന് ആവശ്യമായ നഖം മുറിക്കുന്ന നെയില്‍ കട്ടറുകള്‍ ഇന്ത്യ ഇപ്പോഴും പ്രധാനമായും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ചൈനയില്‍ നിന്നാണ് ഇന്ത്യ നെയില്‍ കട്ടറുകള്‍ ഇറക്കുമതി ചെയ്യുന്നത്.
ഇത് ആശ്ചര്യമായി തോന്നുന്നില്ലേ. ചെറുതും വില കുറഞ്ഞതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഒരു ഉത്പന്നത്തിനായി ഇന്ത്യ ചൈനയെ ആശ്രയിക്കുന്നു. എന്തുകൊണ്ടായിരിക്കും ഇന്ത്യയില്‍ നെയില്‍ കട്ടറുകള്‍ വലിയ തോതില്‍ നിര്‍മ്മിക്കാത്തത് ?
ഇന്ത്യ വന്‍തോതില്‍ നെയില്‍ കട്ടറുകള്‍ ഇറക്കുമതി ചെയ്യുന്നു 
2023 ഒക്ടോബറിനും 2024 സെപ്റ്റംബറിനും ഇടയില്‍ 23,912 നെയില്‍ കട്ടര്‍ ഷിപ്പ്‌മെന്റുകളാണ് ഇന്ത്യ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതെന്ന് ആഗോള വ്യാപാര വിശകലന പ്ലാറ്റ്‌ഫോമായ വോള്‍സ പറയുന്നു. ഈ കാലയളവില്‍ നടന്നിട്ടുള്ള നെയില്‍ കട്ടര്‍ ഇറക്കുമതിയുടെ 99 ശതമാനം വരുമിത്. ബാക്കിയുള്ള നെയില്‍ കട്ടര്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്തിട്ടുള്ളത് പ്രധാനമായും ഹോങ്കോങ്ങില്‍ നിന്നും ചെറിയൊരു വിഹിതം ദക്ഷിണ കൊറിയയില്‍ നിന്നുമാണ്.
advertisement
ചരക്കുനീക്കത്തിനുള്ള ചെലവ്, നികുതി, പാക്കേജിംഗ് എന്നിവയുള്‍പ്പെടെ ഒരു നെയില്‍ കട്ടര്‍ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് ചെലവാകുന്നത് ഏകദേശം 0.41 ഡോളറാണെന്ന് വോള്‍സ പറയുന്നു. അതായത്, വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര ഉത്പാദനത്തേക്കാള്‍ ചെലവ് കുറഞ്ഞതാണ്.
നിലവില്‍ സംഘടിത റീട്ടെയ്ല്‍ അല്ലെങ്കില്‍ ഇ-കൊമേഴ്‌സ് വിപണിക്കായി നെയില്‍ കട്ടറുകള്‍ വിതരണം ചെയ്യുന്ന ഒരു വലിയ ഇന്ത്യന്‍ നിര്‍മ്മാതാവോ ബ്രാന്‍ഡോ ഇല്ല. പ്രാദേശിക ഉത്പാദനം ബ്രാന്‍ഡ് ചെയ്യാത്ത ചെറിയ യൂണിറ്റുകളില്‍ മാത്രം ഒതുങ്ങുന്നു. രാജ്യത്തെ  മൊത്തം വിതരണം നോക്കിയാല്‍ ഇത് വെറും നാമമാത്രമാണ്. സിംഹഭാഗവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണെന്ന് സാരം.
advertisement
നെയിൽ കട്ടറിന് ആവശ്യമായ സ്റ്റീൽ ഉത്പാദിപ്പിക്കുന്നില്ല
കാഴ്ചയ്ക്ക് നെയില്‍ കട്ടറുകളും ചെറുതും ലളിതവുമായി തോന്നുമെങ്കിലും ഇതിന്റെ ഉത്പാദനത്തിന് പ്രത്യേക സ്റ്റീല്‍ ആവശ്യമാണ്. മൂര്‍ച്ച നിലനിര്‍ത്താനും നശിക്കാതിരിക്കാനും മെക്കാനിക്കല്‍ സമ്മര്‍ദ്ദത്തെ നേരിടാനും രൂപകല്‍പ്പന ചെയ്ത ടെമ്പേര്‍ഡ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ അലോയ്കളില്‍ നിന്നാണ് നെയില്‍ കട്ടറുകള്‍ നിര്‍മ്മിക്കുന്നത്. ഇത്തരം ലോഹം ഉത്പാദിപ്പിക്കുന്നതിന് കൃത്യമായ അലോയ് കോമ്പോസിഷന്‍, നിന്ത്രിത താപ ട്രീറ്റ്‌മെന്റ്, ഉയര്‍ന്ന കൃത്യതയുള്ള ടൂളിംഗ് എന്നിവ ആവശ്യമാണ്.
ലോകത്തിലെ മുന്‍നിര സ്റ്റീല്‍ ഉത്പാദകരാണ് ഇന്ത്യയെങ്കിലും ഇത്തരം സ്റ്റീലിന്റെ ഇവിടെ ഉത്പാദനം പരിമിതമാണ്. കെട്ടിട നിര്‍മ്മാണം, അടിസ്ഥാനസൗകര്യങ്ങള്‍, ഓട്ടോമോട്ടീവ് നിര്‍മ്മാണം എന്നിവയ്ക്കാവശ്യമായ ഉരുക്കാണ് രാജ്യത്ത് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഗ്രൂമിംഗ് ടൂളുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, പ്രിസിഷന്‍ ബ്ലേഡുകള്‍ എന്നിവയ്ക്ക് ആവശ്യമായ ടൂള്‍ ഗ്രേഡ് സ്‌റ്റെയിന്‍ലസ് സ്റ്റീലിന്റെ ഉത്പാദനം ഇന്ത്യയില്‍ വളരെ കുറച്ച് മാത്രമേയുള്ളു.
advertisement
2024-ല്‍ സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യ എന്തുകൊണ്ട് നെയില്‍ കട്ടറുകള്‍ നിര്‍മ്മിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ചില അടിസ്ഥാന നിര്‍മ്മാണ വിഭാഗങ്ങളില്‍ ഇന്ത്യയ്ക്ക് ശേഷി കുറവാണെന്നതിന്റെ ഒരു ഉദാഹരണമായി ശ്രീധര്‍ വെമ്പു നെയില്‍ കട്ടര്‍ ഇറക്കുമതിയെ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെയോ സ്‌കെയിലിന്റെയോ പ്രശ്‌നമല്ലെന്നും മറിച്ച് ഇതിന് ആവശ്യമായ സ്റ്റീല്‍ ഉത്പാദനം കുറവാണെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമത്തിലെ ചെറിയ കടകളില്‍ പോലും ലഭ്യമായ നെയില്‍ കട്ടറുകള്‍ ചൈനയും കൊറിയയും നിര്‍മ്മിച്ചതാണെന്ന് വെമ്പു ചൂണ്ടിക്കാട്ടി. നെയില്‍ കട്ടറിന്റെ ഡിസൈന്‍ സങ്കീര്‍ണ്ണമായതുകൊണ്ടല്ല ഇതെന്നും ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ശരിയായ തരം അലോയ് സ്റ്റീല്‍ ഉത്പാദിപ്പിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ലോഹശാസ്ത്രത്തില്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ നിക്ഷേപിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ഗ്രൂമിംഗ് ടൂളുകള്‍ക്കാവശ്യമായ സ്റ്റീല്‍ ഇനം ഇന്ത്യയിലെ സ്റ്റീല്‍ കമ്പനികള്‍ ഉത്പാദിപ്പിക്കുന്നില്ല എന്നതായിരുന്നു വെമ്പുവിന്റെ പോയിന്റ്. ഇന്ത്യയില്‍ വളരെ കുറച്ച് മാത്രം നെയില്‍ കട്ടര്‍ ഉത്പാദനം നടക്കുന്നുണ്ട്. പ്രശസ്ത ഇന്ത്യന്‍ ഗ്രൂമിംഗ് ബ്രാന്‍ഡായ വേഗ ചില്ലറ വിപണിയിലും ഓണ്‍ലൈനിലും നെയില്‍ കട്ടറുകള്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ മോഡലുകളില്‍ പലതും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തവയും ആഭ്യന്തരമായി നിര്‍മ്മിക്കുന്നതിനു പകരം വേഗയുടെ കീഴില്‍ മാത്രം ബ്രാന്‍ഡ് ചെയ്യുകയും ചെയ്യുന്നു.
മെറ്റല്‍വെയറുകള്‍ക്കും സര്‍ജിക്കല്‍ ടൂളുകള്‍ക്കും പേരുകേട്ട മീററ്റ്, ലുധിയാന, ജലന്ധര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലെ ചെറുകിട യൂണിറ്റുകളും നെയില്‍ കട്ടറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവ ബ്രാന്‍ഡ് ചെയ്യുന്നില്ല. ഇവ മൊത്തവില്‍പ്പനക്കാരെയും മെഡിക്കല്‍ കിറ്റുകളെയും ലക്ഷ്യമിട്ടാണ്. ലഭ്യതയില്ലായ്മ, അലോയ് ഗുണനിലവാരക്കുറവ്, കുറഞ്ഞ ബ്രാന്‍ഡിംഗ് എന്നിവ കാരണം ഈ ഇന്ത്യന്‍ നിര്‍മ്മിത നെയില്‍ കട്ടറുകള്‍ സംഘടിത ചില്ലറ വില്‍പ്പനയിലോ ചൈനീസ്, കൊറിയന്‍ ഉത്പന്നങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലോ ഒരു മത്സരാധിഷ്ടിത ഉത്പന്നമാകുന്നില്ല.
advertisement
ആഗോള നെയില്‍ കട്ടര്‍ വിപണിയില്‍ ചൈനയും ദക്ഷിണ കൊറിയയുമാണ് ആധിപത്യം സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നെയില്‍ കട്ടര്‍ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരും ചൈനയാണ്. ദക്ഷിണ കൊറിയ കയറ്റുമതി ചെയ്യുന്നത് ചെറിയൊരു പങ്ക് മാത്രമാണ്. പക്ഷേ ഉയര്‍ന്ന നിലവാരമുള്ള ഗ്രൂമിംഗ് ടൂളുകള്‍ക്ക് പ്രത്യേകിച്ച് പ്രീമിയം പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ പേരുകേട്ടതാണ് ദക്ഷിണ കൊറിയ. ഇന്ത്യയുടെ ഇറക്കുമതിയില്‍ ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ സംഭാവന പരിമിതമാണ്.
ചെറുകിട നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ നിലവിലുണ്ടെങ്കിലും ചൈനയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഇറക്കുമതിയുടെ വില, സ്ഥിരത, ഗുണനിലവാരം എന്നിവയുമായി അവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. അലോയ് സ്റ്റീല്‍ വികസനവും ടൂളിംഗ് ഇന്‍ഫ്രാസ്ട്രക്ചറും ഇന്ത്യയുടെ വ്യാവസായിക നയത്തിന്റെ പരിധിക്ക് പുറത്തുള്ളിടത്തോളം നെയില്‍ കട്ടറുകള്‍ പോലുള്ള അടിസ്ഥാന ഇനങ്ങള്‍ വിദേശത്ത് നിന്ന് കയറ്റുമതി ചെയ്യുന്നത് തുടരേണ്ടി വരും.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇതൊക്കെ എങ്ങനെ? സ്റ്റീല്‍ ഉത്പാദനത്തില്‍ മുന്നിലുള്ള ഇന്ത്യ നഖം വെട്ടാനുള്ള നെയില്‍ കട്ടറുകള്‍ ഇറക്കുമതി ചെയ്യുന്നു!
Next Article
advertisement
'ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ?' ഗവർണർ രാജേന്ദ്ര അർലേക്കർ
'ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ?' ഗവർണർ രാജേന്ദ്ര അർലേക്കർ
  • ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവർണർ ചോദിച്ചു.

  • ഭാരതത്തിന്റെ സംസ്കാരത്തെ എതിർക്കുന്നവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ലെന്നും പറഞ്ഞു.

  • ദേശീയ ഐക്യത്തെക്കുറിച്ചും സ്വദേശി ചിന്തയെക്കുറിച്ചും ഊന്നിപ്പറഞ്ഞ പ്രസംഗത്തിൽ ഗവർണർ അഭിപ്രായപ്പെട്ടു.

View All
advertisement