ന്യൂഡൽഹി: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി തുർക്കി അയച്ച ദുരിതാശ്വാസ വസ്തുക്കൾ രൂപമാറ്റം വരുത്തി തുർക്കിയിലെ ഭൂകമ്പ ബാധിതർക്കായി പാകിസ്ഥാൻ തിരിച്ചയച്ചതായി റിപ്പോർട്ട്. പാക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികളാണ് തിരിച്ചയച്ചത്.
സി-130 വിമാനത്തിലാണ് തുർക്കിയിലേക്ക് ഭൂകമ്പ ദുരിതാശ്വാസത്തിനായി പാകിസ്ഥാൻ ദുരിതാശ്വാസ വസ്തുക്കൾ അയച്ചു നൽകിയത്. പാകിസ്താനിലെ ജിഎൻഎൻ വാർത്താ ചാനലിലൂടെയായിരുന്നു ഷാഹിദ് മസൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഭൂകമ്പ ബാധിത തുർക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുന്നെന്ന് പറഞ്ഞതിന് പിന്നാലെയാണ് അവിടേക്കയച്ച ദുരിതാശ്വാസ വസ്തുക്കൾ രൂപമാറ്റം വരുത്തി അയച്ചതെന്ന വെളിപ്പെടുത്തൽ എത്തുന്നത്.
അതേസമയം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ നാൽപത്തയ്യായിരത്തോളം കടന്നു. രണ്ടു ലക്ഷത്തിലധികം കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ദുരിത മേഖലയില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.