Budget 2024 | വിവാദങ്ങൾക്ക് നന്ദി; ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യവികസനത്തിന് ബജറ്റിൽ നിന്ന് വൻ തുക ഒഴുകിയെത്തും
- Published by:Sarika KP
- news18-malayalam
Last Updated:
മാലദ്വീപുമായുള്ള തര്‍ക്കത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
ലക്ഷദ്വീപ് ഉള്‍പ്പടെയുള്ള ദ്വീപുകളില്‍ തുറമുഖവികസനത്തിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രധനകാര്യമന്ത്രി നിര്‍മലാസീതാരാമന്‍. ഇതിനായി വൻ തുക നീക്കിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലിദ്വീപുമായുള്ള നയതന്ത്രതര്‍ക്കത്തിനിടെയാണ് തന്ത്രപരമായ നീക്കം.
Union Budget 2024(യൂണിയൻ ബജറ്റ്) Live Updates
''ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് ഉള്‍പ്പടെയുള്ള ദ്വീപുകളില്‍ തുറമുഖവികസനം, വിനോദസഞ്ചാരത്തിലെ അടിസ്ഥാന സൗകര്യവികസനം, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായുള്ള പദ്ധതികള്‍ അവതരിപ്പിക്കും,'' ഇടക്കാല ബജറ്റില്‍ ധനമന്ത്രി പറഞ്ഞു. മാലദ്വീപുമായുള്ള തര്‍ക്കത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
advertisement
ജനുവരി ആദ്യ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇന്ത്യ-മാലദ്വീപ് നയതന്ത്രതര്‍ക്കം ആരംഭിച്ചത്. വെളുത്ത മണല്‍പ്പരപ്പ് നിറഞ്ഞ ലക്ഷദ്വീപിന്റെ അതിമനോഹരമായ കടല്‍തീരത്തിന്റെയും കടലില്‍ നീന്തുന്നതിന്റെയും ചിത്രങ്ങള്‍ പ്രധാനമന്ത്രി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. വളരെ സന്തോഷം നല്‍കുന്ന അനുഭവമായിരുന്നു ലക്ഷദ്വീപിലേതെന്ന് അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതകളുള്ള ലക്ഷദ്വീപിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വളരെ വേഗമാണ് ഏറ്റെടുത്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ അവ വൈറലായി മാറി. ഇതിനെത്തുടര്‍ന്ന് മാലദ്വീപ് ഇന്ത്യക്കെതിരേ തിരിയുകയായിരുന്നു. മാലദ്വീപിന്റെ പ്രധാനവരുമാന സ്രോതസ്സ് അവിടുത്തെ വിനോദസഞ്ചാരമേഖലയാണ്. തങ്ങളുടെ രാജ്യത്തുനിന്ന് വിനോദസഞ്ചാരികളെ അകറ്റാന്‍ ശ്രമിക്കുന്ന വിനോദസഞ്ചാര പ്രചാരണമായാണ് അവിടുത്തെ ചില നേതാക്കന്മാര്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങളെ വിലയിരുത്തിയത്. മാലദ്വീപിലെ മൂന്ന് മുതിര്‍ന്ന മന്ത്രിമാരാണ് മോദിയുടെ പോസ്റ്റിനെതിരേ പ്രതികരിച്ചത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ അവരെ സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ സമീപനത്തെ പ്രതിപക്ഷം അപലപിച്ചു. ദീര്‍ഘകാല സഖ്യകക്ഷിയുമായുള്ള ബന്ധം വഷളാക്കരുതെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
advertisement
നയതന്ത്രതര്‍ക്കം തുടരുന്നതിനിടെ സാമൂഹികമാധ്യമത്തിലൂടെ മാലിദ്വീപ് യാത്ര ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഇന്ത്യയില്‍ ആരംഭിച്ചു. മാലി സര്‍ക്കാരിനെ ഇന്ത്യക്കാര്‍ അപലപിക്കുകയും ചെയ്തു.
കഴിഞ്ഞമാസത്തെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ 1156 കോടിയുടെ വികസനപദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. നൂറുകണക്കിന് ലക്ഷദ്വീപ് നിവാസികള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പദ്ധതികളുടെ പ്രഖ്യാപനം. രാജ്യത്തെ ഓരോ പൗരന്റെയും ഓരോ പ്രദേശത്തിന്റെയും ജീവിതം എളുപ്പമാക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 01, 2024 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2024 | വിവാദങ്ങൾക്ക് നന്ദി; ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യവികസനത്തിന് ബജറ്റിൽ നിന്ന് വൻ തുക ഒഴുകിയെത്തും






