RBI: റിസർവ് ബാങ്കിന് 90 വയസ്സ്; 90 രൂപാ നാണയം പുറത്തിറക്കി പ്രധാനമന്ത്രി
- Published by:Vishnupriya S
- news18-malayalam
Last Updated:
99.99 ശതമാനം വെള്ളിയിൽ നിർമ്മിച്ച നാണയത്തിന് 40 ഗ്രാമാണ് ഭാരം
ആർബിഐക്ക് തൊണ്ണൂറ് വയസ്സ് തികഞ്ഞതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 90 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 99.99 ശതമാനം വെള്ളിയിൽ നിർമ്മിച്ച നാണയത്തിന് 40 ഗ്രാമാണ് ഭാരം. നാണയത്തിന്റെ നടുവിലായി ആർബിഐയുടെ ലോഗോയും താഴെ ആർബിഐ@90 എന്നും എഴുതിയിട്ടുണ്ട്.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൻ്റെയും ജനാധിപത്യ തത്വങ്ങളുടെയും സൂചകമായി അശോക സ്തംഭവും അതിന് താഴെ ദേവനാഗരി ലിപിയിൽ "സത്യമേവ ജയതേ" എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഹിൽട്ടൺ യങ് കമ്മീഷന്റെ ശുപാർശ പ്രകാരം 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പ്രകാരമാണ് ആർബിഐ നിലവിൽ വന്നത്. 1935 ഏപ്രിൽ ഒന്നു മുതലാണ് ആർബിഐ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. നോട്ടുകളുടെ അച്ചടിയും വിതരണവും, സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തലും, രാജ്യ പുരോഗതിക്കായി ക്രെഡിറ്റ്, കറൻസി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തലുമാണ് റിസർവ് ബാങ്കിന്റെ പ്രധാന ചുമതലകൾ.
advertisement
Join us for the commemoration of the 90th year of Reserve Bank of India (RBI@90). Address by Hon’ble Prime Minister @narendramodi and by Hon’ble Finance Minister @nsitharaman. Welcome address by RBI Governor @dasshaktikanta.
Watch Live at: https://t.co/jtuBmtDZDz
#RBI@90…
— ReserveBankOfIndia (@RBI) March 31, 2024
advertisement
സർക്കാർ അക്കൗണ്ടുകളുടെയും പൊതു കടത്തിന്റെയും ഉൾപ്പെടെ ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിർവ്വഹിച്ചിരുന്ന ചുമതലകൾ ഏറ്റെടുത്തു കൊണ്ടാണ് റിസർവ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ കാർഷിക മേഖലയുടെ വികസനത്തിൽ ആർബിഐ വലിയ പങ്ക് വഹിച്ചിരുന്നു. കൂടാതെ 1960 കളിൽ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകാൻ ധനസഹായം കൂടി അനുവദിച്ചതോടെ റിസർവ് ബാങ്കിന്റെ പങ്ക് അംഗീകരിക്കപ്പെട്ടു.
രാജ്യത്തിൻ്റെ സാമ്പത്തിക സേവനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആർബിഐയുടെ നേതൃത്വത്തിൽ നിലവിൽ വന്ന സ്ഥാപനങ്ങളാണ് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ബാങ്ക് ഓഫ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ്, ഡിസ്‌കൗണ്ട് ആൻഡ് ഫിനാൻസ് ഹൗസ് ഓഫ് ഇന്ത്യ എന്നിവ. ഉദാരവൽക്കരണത്തെത്തുടർന്ന്, ധനനയം, ബാങ്കുകളുടെ മേൽനോട്ടവും നിയന്ത്രണവും, പേയ്‌മെൻ്റ് സംവിധാനത്തിൻ്റെ മേൽനോട്ടം തുടങ്ങിയ കാര്യങ്ങളിൽ ആർബിഐ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ തുടങ്ങി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 01, 2024 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
RBI: റിസർവ് ബാങ്കിന് 90 വയസ്സ്; 90 രൂപാ നാണയം പുറത്തിറക്കി പ്രധാനമന്ത്രി