രാജ്യത്തെ എസ്ഐപി നിക്ഷേപത്തിൽ റെക്കോർഡ് വർധന; ഓഗസ്റ്റില്‍ 15,813 കോടി രൂപയുടെ നിക്ഷേപം
- Published by:Vishnupriya S
- news18-malayalam
Last Updated:
ജൂലൈ മാസത്തിൽ എസ്‌ഐപി വഴി രാജ്യത്ത് 15,244 കോടി രൂപയുടെ ഉയർന്ന നിക്ഷേപം രേഖപ്പെടുത്തിയിരുന്നു
തുടർച്ചയായി രണ്ടാം മാസവും രാജ്യത്തെ എസ്ഐപി നിക്ഷേപം റെക്കോർഡ് ഉയരത്തിലെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് മാസം മാത്രം 15,813 കോടി രൂപയുടെ റെക്കോർഡ് നിക്ഷേപമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്ഐപി) വഴി ഇന്ത്യയിൽ നടന്നത്. മ്യൂച്വൽ ഫണ്ട് ദാതാക്കളുടെ ട്രേഡ് അസോസിയേഷനായ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) ആണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ മാസത്തിൽ എസ്‌ഐപി വഴി രാജ്യത്ത് 15,244 കോടി രൂപയുടെ ഉയർന്ന നിക്ഷേപം രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റിൽ ബോണ്ട് അടിസ്ഥാനമാക്കിയുള്ള സ്കീമുകളിൽ നിന്ന് 25,872 കോടി രൂപ പുറത്തേക്ക് ഒഴുകിയതായും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ വ്യക്തമാക്കി.
അതേസമയം ബാങ്കുകളിലെ അധിക ലിക്വിഡിറ്റി നിയന്ത്രിക്കുന്നതിനായുള്ള റിസർവ് ബാങ്കിന്റെ നയങ്ങൾ ബോണ്ടുകളിലെ നിക്ഷേപത്തെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട് എന്ന് ആംഫി സിഇഒ എൻ എസ് വെങ്കിടേഷ് പറഞ്ഞു. ബാങ്കുകളുടെ ട്രഷറി മാനേജ്മെന്റ് ആണ് ഇത്തരം പദ്ധതികളെ വിലയിരുത്തുന്നത്. ഓഗസ്റ്റ് അവസാനത്തോടെ എസ്ഐപിയുടെ കീഴിൽ വരുന്ന മൊത്തം ആസ്തി (എയുഎം) 8.47 ലക്ഷം കോടി രൂപയായി എന്നും കഴിഞ്ഞ മാസം, 35 ലക്ഷം പുതിയ എസ്‌ഐപികൾ ആരംഭിച്ച് ഈ കണക്കിൽ ഇന്ത്യ റെക്കോർഡ് സൃഷ്ടിച്ചു എന്നും വെങ്കിടേഷ് പറഞ്ഞു. ഇതു കൂടാതെ റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ നിക്ഷേപം നടത്തുന്നത് തുടരുന്നുമുണ്ട്. ഇത് ഭാവിയിലെ സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച്, 19.58 ലക്ഷം എസ്‌ഐപികൾ നിർത്തലാക്കുകയോ കാലാവധി അവസാനിക്കുകയോ ചെയ്തിട്ടുണ്ട്. ജൂലൈയിൽ ഇത് 17 ലക്ഷം കവിഞ്ഞിരുന്നു. കൂടാതെ മ്യൂച്വൽ ഫണ്ട് മേഖലയിലെ മൊത്തം എയുഎം ജൂലൈയിലെ 46.37 ലക്ഷം കോടി രൂപയിൽ നിന്ന് ഓഗസ്റ്റിൽ 46.93 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുമുണ്ട്. മ്യൂച്ചൽ ഫണ്ടുകൾ എന്നത് വളരെ സുരക്ഷിതമായ ഒരു നിക്ഷേപമായാണ് കണക്കാക്കുന്നത്. ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാളും കൂടുതൽ പണം തിരികെ ലഭിക്കുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. എസ്‌ഐപികളും മ്യൂച്വൽ ഫണ്ടുകളും ചില ഉപഭോക്താക്കൾ സമാനമായി കരുതാറുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്താനുള്ള ഒരു മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അഥവാ എസ്ഐപി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 13, 2023 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
രാജ്യത്തെ എസ്ഐപി നിക്ഷേപത്തിൽ റെക്കോർഡ് വർധന; ഓഗസ്റ്റില്‍ 15,813 കോടി രൂപയുടെ നിക്ഷേപം


