ഓപ്പൺ എഐകളായ ചാറ്റ്‌ജിപിടി, ഗൂഗിൾ ബാർഡ്, മൈക്രോസോഫ്റ്റിന്റെ പുതിയ ബിംഗ് തുടങ്ങിയവയെല്ലാം ഇപ്പോൾ സാങ്കേതിക രംഗത്ത് തരംഗമായി മാറിയിരിക്കുകയാണ്. ഈ സാങ്കേതികവിദ്യ ഇന്ന് വലിയ തോതിൽ പര്യവേക്ഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ലോകത്തിലെ പല വലിയ മത്സര പരീക്ഷകൾ പോലും ഓപ്പൺ എഐ ആയ ചാറ്റ് ജിപിടി ജയിച്ചു കഴിഞ്ഞു. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കള്ളം പറഞ്ഞ് സിക്ക് ലീവെടുക്കുന്നവരെയും കയ്യോടെ പിടികൂടാനാകും എന്ന് കണ്ടെത്തിയിരിക്കുകയാണ് ചില ഗവേഷകർ. ശബ്ദത്തിൽ നിന്നാണ് ഒരാൾ രോഗിയാണോ എന്ന് എഐ കണ്ടെത്തുന്നത്.
വ്യാജ ജലദോഷക്കാർക്കും പനിക്കാർക്കുമൊക്കെ ഇനി പിടി വീഴുമെന്നർത്ഥം. ഒരു കോളിലൂടെ ജീവനക്കാരുടെ ശബ്‌ദത്തിന്റെ ടോൺ കണ്ടെത്തി ഇവർക്ക് ജലദോഷം ഉണ്ടോ എന്ന് തൊഴിലുടമകൾക്ക് കണ്ടെത്താനാകും.
Also read-ജാമ്യ ഉത്തരവ് പരിഗണിക്കവെ ചാറ്റ് ജിപിടി സേവനം ഉപയോഗിച്ച് പഞ്ചാബ് – ഹരിയാന ഹൈക്കോടതി
സൂറത്തിലെ സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ 630 പേരുടെ ശബ്ദം വിശകലനം ചെയ്താണ് ഗവേഷണം നടത്തിയത്. ഇവരിൽ 111 പേർ ജലദോഷം ബാധിച്ചവരായിരുന്നു. ജലദോഷം ബാധിച്ച ആളുകളെ കണ്ടെത്താൻ വോക്കൽ പാറ്റേണുകൾ വിശകലനം ചെയ്തു. ആളുകളിൽ ജലദോഷം ഉണ്ടോ എന്ന് കണ്ടെത്താൻ ഗവേഷകർ ഹാർമോണിക്സും (മനുഷ്യന്റെ സംസാരത്തിലെ വോക്കൽ റിഥം) ഉപയോഗിച്ചു. ജലദോഷമുള്ളവരെ തിരിച്ചറിയാൻ ഗവേഷകർ മെഷീൻ ലേണിംഗ് അൽഗോരിതവും ഉപയോഗിച്ചിരുന്നു.
ഇന്ത്യയിൽ ഡോക്ടർമാരെഴുതുന്ന കുറിപ്പടി വായിക്കാൻ ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഗൂഗിൾ ഫോർ ഇന്ത്യ സമ്മേളനത്തിലാണ് ഈ പദ്ധതി ഗൂഗിൾ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് കുറിപ്പുകളിലെ മരുന്നുകൾ തിരിച്ചറിയാനുമാണ് ഈ സംവിധാനം. പുതിയ ഫീച്ചർ ഗൂഗിൾ ലെൻസ് വഴി ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്നതാണ്. ആശയക്കുഴപ്പമുണ്ടാക്കുന്ന കൈപ്പട വരെ മനസ്സിലാക്കി മരുന്ന് ഏതെന്ന് എഐ പറഞ്ഞുതരും.
Also read-Chatgpt ചാറ്റ് ജിപിടി നിങ്ങളുടെ ജോലി കളയുമോ? 20 ജോലികൾ ഇതാ
ഇന്ന് നമ്മുടെയെല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായി മാറി കൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല വിപ്ലവങ്ങൾക്കും ഊർജമേകാൻ സാധ്യതയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പല മേഖലകളിലും വൻ തോതിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. കൂടുതൽ മാറ്റങ്ങൾ ആർട്ടിഫിഷ്യൽ ഇന്റജൻസിലൂടെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് ഗവേഷകർ. ഒരുപക്ഷെ, മൂന്നോ നാലോ വർഷം കൂടി കഴിഞ്ഞാൽ കോഫീ മെഷീനും, വാഷിംഗ് മെഷീനും ഓൺ ചെയ്യുക, ബാത് ടബ്ബിൽ വെള്ളം നിറക്കുക, ഡോർ ഓപ്പൺ ചെയ്യുക തുടങ്ങി സാധാരണമായ ജോലികൾ പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ചെയ്യാനാകുമെന്നാണ് കണക്കു കൂട്ടുന്നത്. മേലനങ്ങാതെ ഇത്തരം കാര്യങ്ങൾ നടക്കും എന്നർത്ഥം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Artificial intelligence, ChatGPT, Fake