ISROയുടെ പുതിയ മേധാവി എസ് സോമനാഥ് ആരാണ്? മലയാളി റോക്കറ്റ് ശാസ്ത്രജ്ഞനെക്കുറിച്ച് കൂടുതലറിയാം
- Published by:Naveen
- news18-malayalam
Last Updated:
അറിയപ്പെടുന്ന എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ശാസ്ത്രജ്ഞനുമായ സോമനാഥ്, നിലവിലെ ഐഎസ്ആര്‍ഒ മേധാവി കെ ശിവൻ 2022 ജനുവരി 14 ന് സ്ഥാനമൊഴിയുന്നതോടെ പുതിയ മേധാവിയായി ചുമതലയേൽക്കും.
ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ISRO - Indian Space Research Organisation) പുതിയ ചെയര്‍മാനായി മലയാളിയായ എസ് സോമനാഥ് (S Somanath) നിയമിതനായി. നിലവിലെ ഐഎസ്ആര്‍ഒ മേധാവി കെ ശിവൻ 2022 ജനുവരി 14 ന് സ്ഥാനമൊഴിയുന്നതോടെയാണ് എസ് സോമനാഥ് ചുതലയേല്‍ക്കുക. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (VSSC) ഡയറക്ടര്‍ ആയ എസ്. സോമനാഥിനെ ബഹിരാകാശ വകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മീഷന്റെ ചെയര്‍മാൻ എന്നീ സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നതിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കിയതായി പേഴ്സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
ആരാണ് എസ് സോമനാഥ്?
അറിയപ്പെടുന്ന എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ശാസ്ത്രജ്ഞനുമാണ് എസ് സോമനാഥ്. ലോഞ്ച് വെഹിക്കിള്‍ ഡിസൈന്‍, പൈറോ ടെക്‌നിക്‌സ്, മെക്കാനിക്കല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡിസൈന്‍ എന്നിവ അദ്ദേഹത്തിന് വൈദഗ്ധ്യമുള്ള മേഖലകളിൽ ഉള്‍പ്പെടുന്നു. നിലവില്‍ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്‌സി) ഡയറക്ടറാണ് സോമനാഥ്. നേരത്തെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) സംയോജനത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 58 വയസ്സുള്ള അദ്ദേഹം 1963 ജൂലൈയിലാണ് ജനിച്ചത്.
എസ് സോമനാഥിന്റെ വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും
എറണാകുളം മഹാരാജാസ് കോളേജില്‍ പഠിച്ച സോമനാഥ്, തുടര്‍ന്ന് കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കൊല്ലം, ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അവിടെ ഡൈനാമിക്സ് ആന്‍ഡ് കണ്‍ട്രോള്‍ മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്തു.
advertisement
1985ല്‍ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് വിഎസ്എസ്‍സിയുടെ അസോസിയേറ്റ് ഡയറക്ടറായി. 2010ല്‍ ജിഎസ്എല്‍വി എംകെ-3 വിക്ഷേപണ വാഹനത്തിന്റെ പ്രോജക്ട് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014 വരെ പ്രൊപ്പല്‍ഷന്‍ ആന്‍ഡ് സ്‌പേസ് ഓര്‍ഡിനന്‍സ് എന്റിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം വഹിച്ചു. 2015 മുതല്‍ 2018 വരെ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ (എല്‍പിഎസ്സി) ഡയറക്ടറായിരുന്നു.
Also read- ISRO | ഡോ. എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ; പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി
അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ അസ്ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സ്പേസ് ഗോള്‍ഡ് മെഡലും ഉള്‍പ്പെടുന്നു. കൂടാതെ ജിഎസ്എല്‍വി എംകെ-IIIയ്ക്ക് വേണ്ടി പെര്‍ഫോമന്‍സ് എക്സലന്‍സ് അവാര്‍ഡ് 2014, ടീം എക്സലന്‍സ് അവാര്‍ഡ് 2014 തുടങ്ങിയ ബഹുമതികൾ നൽകി ഐഎസ്ആര്‍ഒ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ട്.
advertisement
ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ ഇന്ത്യയുടെ പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന ബഹിരാകാശ വകുപ്പിന് (DOS - The Department of Space) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ബഹിരാകാശ വകുപ്പിന്റെ എക്‌സിക്യൂട്ടീവായും പ്രവര്‍ത്തിക്കുന്നു. ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകള്‍, ബഹിരാകാശ പര്യവേക്ഷണം, അനുബന്ധ സാങ്കേതികവിദ്യകളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുന്ന ഇന്ത്യയിലെ പ്രാഥമിക ഏജന്‍സിയാണ് ഐഎസ്ആര്‍ഒ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2022 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ISROയുടെ പുതിയ മേധാവി എസ് സോമനാഥ് ആരാണ്? മലയാളി റോക്കറ്റ് ശാസ്ത്രജ്ഞനെക്കുറിച്ച് കൂടുതലറിയാം