ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരിൽ 12,000 പേരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. കോവിഡിനെ തുടർന്ന് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും ചെലവ് ചുരുക്കലിന്റെ ഭാഗമായും ആണ് ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ഇക്കാര്യം സിഇഒ സുന്ദര്‍ പിച്ചൈ മെയിലിലൂടെ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. “ഞങ്ങള്‍ക്കു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന അസാധ്യ കഴിവുകളുള്ള ചില ആളുകളോട് വിട പറയേണ്ട അവസ്ഥ വന്നിരിക്കുന്നു. അതില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നു. ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തെ ബാധിക്കുമെന്ന വസ്തുത എന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. കഠിനമായ, എന്നാല്‍ ഒഴിവാക്കാനാവാത്ത ഈ തീരുമാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു”എന്ന് പിച്ചൈ പറഞ്ഞു.
അമേരിക്കയില്‍ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് നോട്ടീസ് പീരിയഡിലെ ( കുറഞ്ഞത് 60 ദിവസത്തെ) ശമ്പളം ലഭിക്കും. കൂടാതെ ഒരു പിരിച്ചുവിടല്‍ പാക്കേജും നടപ്പിലാക്കും. നാലു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും. ഇതിനു പുറമെ 2022 ലെ ശേഷിക്കുന്ന ബോണസും 6 മാസത്തെ ആരോഗ്യ സംരക്ഷണം, ജോലി പ്ലേസ്മെന്‍റ് സേവനങ്ങള്‍, പുതിയ ജോലി കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവയും നല്‍കുമെന്ന് കമ്പനി അറിയിച്ചു. യുഎസിന് പുറത്തുള്ള ഗൂഗിള്‍ ജീവനക്കാർക്ക് പ്രാദേശിക മാര്‍ഗനിര്‍ദേശങ്ങളും കരാറുകളും അനുസരിച്ച് വേര്‍പിരിയല്‍ പാക്കേജ് ലഭിക്കാൻ കൂടുതൽ സമയമെടുക്കും എന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read-380 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്വിഗി; ജീവനക്കാർക്ക് സിഇഒയുടെ നീണ്ട കത്ത്
ഈ കൂട്ട പിരിച്ചുവിടൽ കമ്പനിയുടെ റിക്രൂട്ടിങ്, കോര്‍പ്പറേറ്റ് ഫങ്ഷന്‍, എന്‍ജിനിയറിങ്, പ്രൊഡക്റ്റ് ടീം ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. “നമ്മുടെ ദൗത്യത്തിന്റെ ശക്തി, നമ്മുടെ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യം, AI-യിലെ നമ്മുടെ ആദ്യകാല നിക്ഷേപം എന്നിവയിലെല്ലാം ഭാഗമായതിന് നന്ദി. മുന്നിലുള്ള വലിയ അവസരത്തെക്കുറിച്ച് എനിക്ക് ആത്മവിശ്വാസമുണ്ട്. നിങ്ങളുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. നിങ്ങളോട് ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്”, എന്നും പിച്ചൈ കുറിപ്പില്‍ പറഞ്ഞു.
അതേസമയം തന്റെ ബിസിനസുകളെ സഹായിക്കാൻ കഠിനമായി പ്രയത്നിച്ചതിനും ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കളെ സഹായിച്ചതിനും തങ്ങളെ വിട്ടുപോകുന്ന ജീവനക്കാരോട് പിച്ചൈ നന്ദി അറിയിക്കുകയും ചെയ്തു. ഏകദേശം 25 വർഷം പഴക്കമുള്ള ഒരു കമ്പനി എന്ന നിലയിൽ ബുദ്ധിമുട്ടേറിയ ഈ സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകാൻ ഞങ്ങൾ ബാധ്യസ്ഥരാണ് എന്നും ചെലവ് ചുരുക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ആണ് ഇത്തരത്തിലുള്ള തീരുമാനമെന്നും തിങ്കളാഴ്ച ജീവനക്കാരുമായി ഗൂഗിള്‍ ടൗണ്‍ ഹാള്‍ സംഘടിപ്പിക്കുമെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു.
Also Read-ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്
കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് 10,000 തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ ഈ പ്രഖ്യാപനം പുറത്തു വന്നത്. എന്നാൽ ഗൂഗിളിന്റെ ഏത് മേഖലയിലുള്ള തൊഴിലാളികളെയാണ് ആദ്യം പിരിച്ചുവിടുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നേരത്തെ മെറ്റാ, ട്വിറ്റര്‍ എന്നിവരും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.