ഒരാളുടെ സമ്മതമില്ലാതെ ഫോണ്‍ കോളുകള്‍ ചോർത്തുകയോ റെക്കോര്‍ഡു ചെയ്യുകയോ ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെക്ക് ജാമ്യം അനുവദിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സഞ്ജയ് പാണ്ഡെയുമായി ബന്ധമുള്ള ഒരു സ്ഥാപനം, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിരുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശം, ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്ന് വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഫോണ്‍ കോളുകള്‍ ചോർത്തുന്നത് ഇന്ന് ഒരു നിത്യ സംഭവമായിരിക്കുന്ന സാഹചര്യത്തില്‍ നിങ്ങളുടെ ഫോണ്‍ കോളുകൾ ആരെങ്കിലും ചോർത്തുന്നുണ്ടോയെന്ന് എന്ന് എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ..
1. ക്ലിക്ക് സൗണ്ടുകള്‍ അല്ലെങ്കില്‍ കോളിന് ഇടയിലെ തടസം
ഫോണില്‍ സംസാരിക്കുമ്പോള്‍ ക്ലിക്ക് ചെയ്യുന്നത് പോലെയുളളതോ അല്ലെങ്കില്‍ അസാധാരണമായ ശബ്ദമോ കേള്‍ക്കുന്നുണ്ടെങ്കിൽ സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഫോണ്‍ മറ്റാരെങ്കിലും ചോർത്തുന്നുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഫോണ്‍ കണക്ഷന്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കുന്നത് അസാധാരണമല്ല, എന്നാല്‍ ഇത് ഇടക്കിടെ സംഭവിക്കുന്നുണ്ടെങ്കില്‍ ഫോണ്‍ ചോർത്തുന്നുണ്ടെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു.
Also read- Gold price | സംസ്ഥാനത്ത് സ്വർണവില വീണ്ടും 40,000 ൽ താഴെ; ഒരു പവന് ഇന്നത്തെ വില അറിയാം
2. ഫോണിന്റെ ബാറ്ററി ലൈഫ് പരിശോധിക്കുക
നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് മുമ്പത്തതിനേക്കാള്‍ കുറവും, അല്ലെങ്കില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി ചൂടാകുന്നുണ്ടെങ്കിലും നിങ്ങളുടെ ഫോണില്‍ ഒരു ടാപ്പിംഗ് സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കാം. പതിവിലും കൂടുതല്‍ ഫോണ്‍ കോളുകള്‍ ചെയ്യുകയോ അല്ലെങ്കില്‍ ആപ്പുകള്‍ കൂടുതല്‍ ഉപയോഗിക്കുകയോ ചെയ്താലും നിങ്ങളുടെ ഫോണിന്റെ ബാറ്ററി പതിവിലും വേഗത്തില്‍ തീരാന്‍ സാധ്യതയുണ്ട്. ഇക്കാരണങ്ങള്‍ക്ക് പുറമെ നിങ്ങളുടെ ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീരുകയാണെങ്കില്‍ സൂക്ഷിക്കുക.
3. ഷട്ട്ഡൗണ്‍ ചെയ്യുന്നതില്‍ പ്രശ്‌നം
നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ സ്പീഡ് കുറയുകയോ ഷട്ട് ഡൗണ്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താല്‍ മറ്റാരോ നിങ്ങളുടെ ഫോണ്‍ ആക്സസ് ചെയ്തിട്ടുണ്ടെന്ന് കരുതാം. നിങ്ങളുടെ ഫോണില്‍ ഷട്ട്ഡൗണ്‍ ഓപ്ഷന്‍ കൊടുക്കുമ്പോള്‍ ഷട്ട്ഡൗണ്‍ ആകാതെയിരിക്കുകയോ, ബാക്ക്ലൈറ്റ് ഓണായിരിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുക. ഒന്നുകില്‍ വൈറസോ അല്ലെങ്കില്‍ ഫോണ്‍ അപ്ഡേറ്റ് മൂലമുണ്ടായ ഒരു ബഗ്ഗോ ഇതിന് കാരണമാകാമെന്നും ലൈഫ് വയര്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
4. ഫോൺ തനിയെ ഓണാകുകയോ ഓഫാകുകയോ ചെയ്യാറുണ്ടോ?
നിങ്ങളുടെ ഫോണ്‍ തനിയെ ഓണാകുകയോ ഓഫാകുകയോ അല്ലെങ്കില്‍ ആപ്പുകള്‍ സ്വന്തമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തുടങ്ങുകയോ ചെയ്താൽ ഒരു സ്‌പൈ ആപ്പ് ഉപയോഗിച്ച് ആരോ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കാം. ഇതുവഴി നിങ്ങളുടെ കോളുകള്‍ ചോർത്താനും സാധിക്കും.
5. വിചിത്രമായ ടെക്‌സ്റ്റ് മെസേജുകൾ
അജ്ഞാതരില്‍ നിന്ന് വിചിത്രമായ അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയ എസ്എംഎസുകള്‍ നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍, നിങ്ങളുടെ ഫോണ്‍ ആരോ ടാപ്പ് ചെയ്യുന്നതിന്റെ സൂചനയാണിത്.
6. ചലിക്കുന്ന ഐക്കണുകള്‍
ഫോണ്‍ ഉപയോഗിക്കാത്തപ്പോള്‍ ഫോണിന്റെ സ്‌ക്രീനിന്റെ മുകളിലുള്ള നെറ്റ്വര്‍ക്ക് ആക്റ്റിവിറ്റി ഐക്കണുകളും മറ്റ് പ്രോഗ്രസ് ബാറുകളും ചലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ചലിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ ടാപ്പ് ചെയ്യപ്പെട്ടുവെന്ന സൂചനയാണ് നൽകുന്നത്.
Also read- Petrol Diesel Price| പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ അറിയാം
7. സ്വകാര്യ വിവരങ്ങള്‍ ചോർത്തുക
നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ഫോണില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക നിങ്ങളുടെ ഫോണ്‍ മറ്റാരെങ്കിലും ചോർത്തിയിട്ടുണ്ടാകും. നോട്ട്‌സ്, ഇമെയിലുകള്‍, ചിത്രങ്ങള്‍, അല്ലെങ്കില്‍ നിങ്ങളുടെ ഫോണില്‍ ഉള്ള മറ്റ് വിവരങ്ങള്‍ എന്നിവ നിങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം.
8. ഫോണ്‍ ബില്‍ പരിശോധിക്കുക
നിങ്ങളുടെ ഫോണ്‍ ബില്‍ കൃത്യമായി പരിശോധിക്കുക. ടെക്സ്റ്റിലോ നെറ്റ്വര്‍ക്ക് ഉപയോഗത്തിലോ കൂടുതല്‍ ഉപയോഗം കാണിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്തിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ഒരു പുതിയ ആപ്പ് അടുത്തിടെ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍, സ്വഭാവികമായും ഡാറ്റാ ഉപയോഗത്തില്‍ പെട്ടെന്നുള്ള വര്‍ധനയ്ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുക. നിങ്ങളുടെ അറിവില്ലാതെ അവരുടെ രഹസ്യ ഇടപാടുകള്‍ നടത്തുന്നതിന് നിങ്ങളുടെ ഡാറ്റ പ്ലാന്‍ ഉപയോഗിക്കാന്‍ സ്‌പൈവെയറുകള്‍ക്കും മറ്റ് അപ്ലിക്കേഷനുകള്‍ക്കും സാധിക്കും. അതിനാല്‍ നിങ്ങളുടെ ഫോണ്‍ ബില്ല് കൂടുകയാണെങ്കില്‍ ഇക്കാര്യം പരിശോധിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.