പാസ്‌പോര്‍ട്ട് വേണ്ട, ഇമിഗ്രേഷന് ബയോമെട്രിക് വിവരങ്ങള്‍ മാത്രം; 2024ൽ യാത്രാരീതികൾ മാറുമോ?
- Published by:Sarika KP
- news18-malayalam
Last Updated:
ദുബായ് പോലുള്ള മറ്റ് വികസിത രാജ്യങ്ങളും വിമാനത്താവളങ്ങളിൽ ഈ ഫേഷ്യൽ റെക്കഗ്നീഷ്യൻ സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.
സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ജീവിതത്തിന്റെ പല മേഖലകളിലും അതിന്റെ സ്വാധീനം പ്രകടമാണ്. നമ്മുടെ ദൈനംദിന ആവശ്യങ്ങൾ പോലും എളുപ്പമാക്കുന്ന തരത്തിൽ സാങ്കേതിക വിദ്യ വികാസം പ്രാപിച്ചു കഴിഞ്ഞു. യാത്രയുടെ കാര്യത്തിലും അത്തരമൊരു വലിയ മാറ്റം പ്രകടമാകാൻ പോകുകയാണെന്നും ലോകരാജ്യങ്ങൾ പലതും പാസ്പാർട്ട് രഹിത യാത്രകൾ (passport-free travel) പ്രോത്സാഹിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി ഫ്രിക്ഷൻലെസ് ട്രാവൽ (frictionless travel) പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് യുകെ സർക്കാർ. ഫേഷ്യൽ റെക്കഗ്നീഷ്യൻ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന പുതിയ ഹൈ-ടെക് ഇ-ഗേറ്റുകൾ വിമാനത്താവളങ്ങളിൽ സജ്ജമാക്കാനുള്ള പദ്ധതികൾ യുകെ ആവിഷ്കരിച്ചു വരികയാണെന്ന് ഡെയ്‌ലിമെയിലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബ്രിട്ടൻ ഇതിനകം ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETAs) സംവിധാനവും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതനുസരിച്ച്, യുകെയിലേക്കുള്ള വിമാനങ്ങളിൽ കയറാൻ, യാത്രക്കാർ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. കൂടാതെ അതിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും പാസ്‌പോർട്ടുകൾ സ്കാൻ ചെയ്യുകയും വേണം. ഇതിനൊപ്പം ഒരു ഫോട്ടോയും സമർപ്പിക്കണം.
advertisement
ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ പൂർത്തിയാക്കുന്നർക്കു മാത്രമേ വിമാനത്തിൽ കയറാൻ അനുവാദം ലഭിക്കുകയുള്ളൂ. ഫെബ്രുവരിയിൽ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ പൗരന്മാർക്കും ഈ ഇടിഎ പ്രോഗ്രാം ഉപയോഗപ്പടുത്താൻ കഴിയും. ഖത്തറിൽ ഇതിനോടകം ഈ രീതി പരീക്ഷിക്കുന്നുണ്ട്.
ദുബായ് പോലുള്ള മറ്റ് വികസിത രാജ്യങ്ങളും വിമാനത്താവളങ്ങളിൽ ഈ ഫേഷ്യൽ റെക്കഗ്നീഷ്യൻ സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. ഈ വർഷം അവസാനത്തോടെ ഇത്തരം ഇ-ഗേറ്റുകൾ ദുബായിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. ബയോമെട്രിക്സും ഫേസ് റെകഗ്നീഷനും ഉപയോഗിച്ച് മുഖവും വിരലുകളും പരിശോധിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുക. നവംബർ അവാസാനത്തോടെ പുതിയ സംവിധാനം ദുബായ് വിമാനത്താവളത്തിൽ നിലവിൽ വരും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറാന്‍ അവരുടെ സ്വന്തം ബയോമെട്രിക്സ് ഉപയോഗിക്കാം. അതായത്, യാത്രക്കാർ തന്നെ, അവരുടെ സ്വന്തം ഐഡന്റിറ്റിയായി മാറുന്നു. സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുകയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
advertisement
അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ്, ഡെൽറ്റ എന്നിവയുൾപ്പെടെ പ്രമുഖ യുഎസ് എയർലൈനുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില വിമാനത്താവളങ്ങളിൽ ബയോമെട്രിക് ചെക്ക്-ഇൻ, ബാഗ് ഡ്രോപ്പുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നീ സംവിധാനങ്ങൾ പരീക്ഷിച്ചു വരുന്നുണ്ട്.
സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം വഴിയും 2024 മുതല്‍ പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാം. ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കുന്ന വിധത്തില്‍ ഇവിടുത്തെ നടപടികള്‍ പരിഷ്‌കരിക്കുമെന്ന് വകുപ്പുമന്ത്രി ജോസഫൈന്‍ ടിയോ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 10, 2024 9:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
പാസ്‌പോര്‍ട്ട് വേണ്ട, ഇമിഗ്രേഷന് ബയോമെട്രിക് വിവരങ്ങള്‍ മാത്രം; 2024ൽ യാത്രാരീതികൾ മാറുമോ?