ബാങ്കുവിളി ഇനി തത്സമയം ഓൺലൈനായി കേൾക്കാം; ജുമാ മസ്ജിദ് മൊബൈൽ ആപ്പ് പുറത്തിറക്കി
- Published by:Sarika N
- news18-malayalam
Last Updated:
ഇതിനോടകം നൂറിലധികം ഉപയോക്താക്കൾ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞതായി ജുമാമസ്ജിദ് അറിയിച്ചു
മുംബൈ: പള്ളികളിലെ ഉച്ചഭാഷിണി വിവാദം ചൂടുപിടിക്കുന്നതിനിടെ മാഹിം ജുമാമസ്ജിദ് വിശ്വാസികൾക്ക് തത്സമയം ബാങ്കുവിളി കേൾക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ. തമിഴ്നാട്ടിലെ ഒരുസംഘം പ്രൊഫഷണലുകളുടെ സാങ്കേതിക പിന്തുണയോടെയാണ് മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്. ഇതിന് ’ഓൺലൈൻ ആസാൻ ആപ്പ്’എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് മാഹിം ജുമാമസ്ജിദിന്റെ മാനേജിങ് ട്രസ്റ്റി ഫഹദ് ഖലീൽ പത്താൻ അറിയിച്ചു.
പള്ളികളിലെ ഉച്ചഭാഷിണികൾക്ക് ബദലായിട്ടാണ് ആപ്പ് വികസിപ്പിച്ചതെന്ന് ഫഹദ് ഖലീൽ പത്താൻ പറഞ്ഞു. പള്ളിയിൽനിന്നുള്ള ബാങ്കുവിളിയുടെ സമയത്തുതന്നെ മൊബൈൽഫോണുകളിലൂടെ അതിന്റെ തത്സമയ ഓഡിയോ സ്ട്രീം പ്ലേചെയ്ത് തുടങ്ങുമെന്ന് ഫഹദ് ഖലീൽ പത്താൻ അറിയിച്ചു.
ഇതിനോടകം നൂറിലധികം ഉപയോക്താക്കളാണ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. മുംബൈയിലെ പള്ളികളിൽ ഉച്ചഭാഷിണികൾക്കെതിരേ പോലീസ് നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് മാഹിം ജുമാ മസ്ജിദിന്റെ പുതിയ സംരംഭം.പള്ളികളിലെ ഉച്ചഭാഷിണികളിൽ 45-56 ഡെസിബെൽപരിധി ഏർപ്പെടുത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കിരീട് സോമയ്യ രംഗത്തെത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് പൊലീസ് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ മുസ്‌ലിം സംഘടനാനേതാക്കൾ ഉപമുഖ്യമന്ത്രി അജിത് പവാറിനെ സന്ദർശിച്ച് ആശങ്കയറിയിച്ചിരുന്നു. പുതിയ മൊബൈൽ ആപ്ലിക്കേഷൻ വഴി വിശ്വാസികളുടെ ആശങ്ക ഒരു പരിധി വരെ അകറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫഹദ് ഖലീൽ പത്താൻ അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
June 28, 2025 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ബാങ്കുവിളി ഇനി തത്സമയം ഓൺലൈനായി കേൾക്കാം; ജുമാ മസ്ജിദ് മൊബൈൽ ആപ്പ് പുറത്തിറക്കി