ന്യൂഡൽഹി: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിലും പിരിച്ചുവിടൽ. ടിക് ടോക്ക് ഇന്ത്യയിലെ 40 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. വർക്കം ഫ്രം ഹോം സംവിധാനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ദുബായ് , ബ്രസീൽ, എന്നിവടങ്ങളിലെ ആപ്പിന്റെ പ്രവർത്തനം സംബന്ധിച്ച ജോലികളാണ് ഇവർ നിയന്ത്രിച്ച് വന്നിരുന്നത്. ബൈറ്റ്ഡാൻസിന് കീഴിലുള്ള ആപ്പാണ് ടിക് ടോക്ക്. നിലവിൽ ഇന്ത്യയിൽ ഇവ പ്രവർത്തിക്കുന്നില്ല.
2020ലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ടിക് ടോക്ക് ഉൾപ്പെടെയുള്ള നിരവധി ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. അതേസമയം പിരിച്ചുവിട്ട ജീവനക്കാർക്ക് ഈ ആഴ്ച ആദ്യം തന്നെ നിർദ്ദേശം നൽകിയിരുന്നതായാണ് വിവരം. അതിന് ശേഷമാണ് പിരിച്ചുവിടൽ നോട്ടീസ് കമ്പനി അയച്ചത്.
മറ്റ് തൊഴിലവസരങ്ങൾ വേഗം നോക്കി തുടങ്ങിക്കോളു എന്ന് കമ്പനി അധികൃതർ നേരത്തെ തങ്ങളോട് പറഞ്ഞിരുന്നതായി പുറത്താക്കപ്പെട്ട ജീവനക്കാരിലൊരാൾ പറഞ്ഞു. പിരിച്ചുവിട്ട ജോലിക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം മുന്നിൽ കണ്ട് ലോകത്തെ ടെക് കമ്പനികളെല്ലാം കഴിഞ്ഞ കുറച്ച് മാസങ്ങളായി വൻ തോതിൽ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
ആയിരക്കണക്കിന് തൊഴിലാളികളാണ് ഓരോ കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ടത്. ഏറ്റവും പുതിയ വിവരമനുസരിച്ച് 2023ൽ ഇതുവരെ 332 ടെക് കമ്പനികൾ 1,00,746 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, സെയിൽസ് ഫോഴ്‌സ്, ആമസോൺ എന്നീ കമ്പനികളിൽ നിന്ന് ഈ വർഷമാദ്യം കൂട്ടപ്പിരിച്ചുവിടലുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Also read- Disney | ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍; 7000ത്തോളം പേർക്ക് ജോലി നഷ്ടമാകും
ഗൂഗിളിൽ നിന്ന് 12000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ആകെ തൊഴിലാളിസംഖ്യയുടെ 6 ശതമാനത്തോളം വരുമിത്. ഏറ്റവും കൂടുതൽ പേരെ പിരിച്ചുവിട്ടതും ഗൂഗിളിൽ നിന്നാണ്. മൈക്രോസോഫ്റ്റിൽ നിന്ന് 10000 പേരും, ആമസോണിൽ നിന്ന് 8000 പേരുമാണ് പുറത്താക്കപ്പെട്ടത്. കൂടാതെ സെയിൽസ് ഓഫിൽ നിന്ന് 8000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഡെൽ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടവരുടെ എണ്ണം 6650 ആണ്.
ഐബിഎമ്മിൽ നിന്ന് 3900 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. അതുപോലെ എസ്എപി യിൽ നിന്ന് 3000, സൂം ൽ നിന്ന് ഏകദേശം 1300, കോയിൻബേസിൽ നിന്ന് 950 എന്നിങ്ങനെയാണ് തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്ക്. ഏറ്റവും പുതിയതായി കൂട്ടപ്പിരിച്ചുവിടൽ നടന്നത് യാഹൂവിലാണ്. തങ്ങളുടെ 20 ശതമാനം ജീവനക്കാരെയാണ് ഈ കമ്പനിയിൽ നിന്ന് ഒറ്റയടിയ്ക്ക് പിരിച്ചുവിട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പിരിച്ചുവിടൽ സംബന്ധിച്ച നിർദ്ദേശം യാഹു ജീവനക്കാർക്ക് ലഭിച്ചത്.
Also read- ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്
12 ശതമാനം അതായത് 1000 ഓളം ജീവനക്കാരെ ഉടൻ തന്നെ പിരിച്ചുവിടുമെന്നായിരുന്നു നിർദ്ദേശം. അടുത്ത ആറ് മാസത്തിനുള്ളിൽ എട്ട് ശതമാനം പേരെ കൂടി പിരിച്ചുവിടുമെന്നും കമ്പനി നിർദ്ദേശത്തിൽ പറയുന്നു. അങ്ങനെയെങ്കിൽ അടുത്ത ആറ് മാസത്തിനുള്ളിൽ ഏകദേശം 600 ജീവനക്കാർക്ക് കൂടി ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.