ചൈനീസ് (China) ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്ക് (TikTok ) കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് കാണുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. അതേസമയം ആഗോളതലത്തില്‍ ഗൂഗിളിന്റെ (Google) ഉടമസ്ഥതയിലുള്ള യൂട്യൂബ് കാണുന്നത് (Youtube) ശരാശരി 56 മിനിറ്റാണെന്നാണ് റിപ്പോർട്ടിലുള്ളത്.
ജെന്‍ ഇസഡ് (Gen Z) (1990കളുടെ മധ്യവും 2010-ന്റെ അവസാനവും ജനിച്ചവർ), ജെന്‍ ആല്‍ഫ (Gen A-lpha) (2010കളുടെ തുടക്കം മുതല്‍ മധ്യഭാഗം വരെ ജനിച്ചവര്‍), എന്നീ കാലഘട്ടങ്ങളില്‍ ജനിച്ച വെബ് ഉപയോക്താക്കളെ ടിക് ടോക്ക് എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് അമേരിക്കന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ടെക്ക്രെഞ്ചിന്റെ 2021-ലെ റിപ്പോര്‍ട്ട് വിലയിരുത്തിയത്.
2020 ജൂണിലാണ് ടിക്‌ടോക്ക് പ്രതിഭാസം ആരംഭിച്ചത്. പിന്നീട് അങ്ങോട്ട് ടിക് ടോക്ക് യുവ ഉപയോക്താക്കളില്‍ ആധിപത്യം നിലനിര്‍ത്തുന്നതാണ് കാണാന്‍ സാധിച്ചത്.
കഴിഞ്ഞ വര്‍ഷം യുഎസിലെ കുട്ടികളും കൗമാരക്കാരും ടിക്ടോക്കില്‍ പ്രതിദിനം ശരാശരി 99 മിനിറ്റും എന്നാല്‍ യൂട്യൂബില്‍ 61 മിനിറ്റും ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം,യുകെയില്‍, ടിക്ടോക്ക് ഉപയോഗം പ്രതിദിനം 102 മിനിറ്റ് വരെ ആയിരുന്നു. എന്നാല്‍, യൂട്യൂബിന്റേതാകട്ടെ 53 മിനിറ്റും.
യൂട്യൂബ് ഷോര്‍ട്ട്സ് എന്ന പേരില്‍ ഒരു ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോമും യൂട്യൂബിനുണ്ട്. ഇതില്‍ കഴിഞ്ഞ മാസം ലോഗിന്‍ ചെയ്ത പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 1.5 ബില്യണ്‍ കവിഞ്ഞു. പ്ലാറ്റ്ഫോം ആരംഭിച്ച് വെറും രണ്ട് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. കുട്ടികളും കൗമാരക്കാരും ഉള്‍പ്പെടെ എല്ലാ പ്രായ വിഭാഗങ്ങളിലും പെട്ടവരാണ് ഇതിന്റെ ഉപയോക്താക്കള്‍.
കുട്ടികളുടെയും കൗമാരക്കാരുടെയും കാഴ്ചാനുഭവം കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതിന് 'കണ്ടന്റ് ലൈവ്' ഫീച്ചര്‍ ടിക് ടോക് കഴിഞ്ഞ ബുധനാഴ്ച അവതരിപ്പിച്ചിരുന്നു. മുതിർന്നവർക്കുള്ള കണ്ടന്റുകൾ (adult content) പ്രായപൂർത്തിയാകാത്തവരിൽ നിന്നും നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. നിലവിൽ ചില ഉപയോക്താക്കളിൽ ഈ രീതി പരിശോധിച്ചു വരികയാണ്. ഉപയോക്താക്കൾക്ക് തങ്ങളുടെ കണ്ടന്റ് സ്ട്രീം ചെയ്യുമ്പോൾ അഡൾട്സ് ഒൺലി (adults only) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധമാകും പുതിയ ഫീച്ചർ അവതരിപ്പിക്കുക.
അതേസമയം, ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ തിരികെയെത്താൻ പുതിയ വഴികൾ തേടുകയാണ് ബൈറ്റ‍്‍ഡാൻസ് (ByteDance). ടിക് ടോക് (TikTok) അടക്കം പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ‍്‍ഫോമുകളുടെ ഉടമയായ കമ്പനിക്ക് ഇന്ത്യയിലെ പ്രവർത്തനം പല കാരണങ്ങളാൽ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. എന്നാൽ ബൈറ്റ‍്‍ഡാൻസ് തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ മാർക്കറ്റിൽ തിരികെയത്താൻ പാർട്ണറെ തേടുകയാണ് കമ്പനി. പഴയ ജീവനക്കാരെ തിരികെ വിളിച്ച്, പുതിയ ജീവനക്കാരെയും ചേർത്താണ് ബൈറ്റ‍്‍ഡാൻസ് വീണ്ടും വരികയെന്നാണ് റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.