'വോയിസ് കോളിനും എസ്എംഎസിനും മാത്രമായി പ്രത്യേകം പ്ലാന്‍ വേണം'; ടെലികോം കമ്പനികളോട് TRAI
- Published by:Sneha Reghu
- news18-malayalam
Last Updated:
വോയ്‌സും എസ്എംഎസും മാത്രമുള്ള എസ്ടിവി നിര്‍ബന്ധമാക്കുന്നത് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ
ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കുമായി പ്രത്യേകം റീചാര്‍ജ് പ്ലാന്‍ നല്‍കണമെന്ന് ടെലികോം കമ്പനികളോട് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). വോയ്‌സും എസ്എംഎസും മാത്രമുള്ള എസ്ടിവി (special tariff voucher) നിര്‍ബന്ധമാക്കുന്നത് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഇത്തരം സ്‌പെഷ്യല്‍ റീചാര്‍ജ് പ്ലാനുകള്‍ പ്രായമായവര്‍ക്കും ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഉപകാരപ്രദമാകുമെന്നും ട്രായ് നിരീക്ഷിച്ചു. 1999ലെ ടെലികോം താരിഫ് ചട്ടത്തിലെ എസ്ടിവിയുടെയും സിവിയുടെയും നിര്‍വചനങ്ങള്‍ തിരുത്തിക്കൊണ്ടാണ് ട്രായ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
2ജി, ഡ്യുവല്‍ സിം ഉപയോക്താക്കള്‍ക്ക് വരുന്ന മാറ്റം?
നിലവില്‍ ടെലികോം കമ്പനികള്‍ 2ജി , ഡ്യുവല്‍ സിം ഉപഭോക്താക്കള്‍ക്ക് വോയ്‌സ്, എസ്എംഎസ് റീചാര്‍ജ് പാക്കിനൊപ്പം ഡേറ്റയും നല്‍കിവരുന്നുണ്ട്. ഭൂരിഭാഗം പേരും ഡാറ്റയ്ക്കായി ഒരു സിമ്മിനേയും കോളുകള്‍ക്കും എസ്എംഎസിനുമായി രണ്ടാമത്തെ സിമ്മിനേയും ഉപയോഗിക്കുന്നു. രണ്ട് അടിസ്ഥാന സേവന പ്ലാനുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ചെലവേറിയ റീചാര്‍ജ് പ്ലാന്‍ തെരഞ്ഞെടുക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് വോയ്‌സ്, എസ്എംഎസുകള്‍ക്കായി മാത്രം പ്രത്യേകം റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
advertisement
പുതിയ നയം ടെലികോം സേവനങ്ങളെ എങ്ങനെ സ്വാധീനിക്കും ?
നിലവില്‍ ടെലികോം കമ്പനികള്‍ ഡാറ്റ അടങ്ങിയ റീചാര്‍ജ് പ്ലാനുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്നത്. വോയിസ് കോളും എസ്എംഎസും മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു അധികചെലവാണ്. ഈ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനായി ഇക്കഴിഞ്ഞ ജൂലൈയില്‍ ട്രായ് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പുതിയ ഉത്തരവ് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് അനിയോജ്യമായ സേവനങ്ങള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് ട്രായ് നിരീക്ഷിച്ചു.
സിം കാര്‍ഡിനായുള്ള പുതിയ നിയമങ്ങള്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
2023 ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് വന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ പരിശോധിക്കാം.
advertisement
- സിം കാര്‍ഡ് വില്‍പ്പനക്കാര്‍ ടെലികോം ഓപ്പറേറ്റര്‍മാരുമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. പോലീസ് വെരിഫിക്കേഷന്‍, ആധാര്‍, പാസ്‌പോര്‍ട്ട് പോലെയുള്ള തിരിച്ചറിയല്‍ രേഖകളും രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം.
- ടെലികോം ഓപ്പറേറ്ററും സിം വില്‍പ്പനക്കാരും തമ്മില്‍ രേഖാമൂലമുള്ള കരാര്‍ ഉണ്ടായിരിക്കണം. ഉപഭോക്താക്കളുടെ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തിക്കുന്ന പ്രദേശം എന്നിവ സംബന്ധിച്ച കാര്യങ്ങളും കരാറില്‍ വിശദീകരിക്കണം.
- കൃത്യമായ രജിസ്‌ട്രേഷന്‍ ഇല്ലാതെ സിം കാര്‍ഡുകള്‍ വില്‍ക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കും. കൂടാതെ ഇവരെ മൂന്ന് വര്‍ഷത്തേക്ക് കരിമ്പട്ടികയിലുള്‍പ്പെടുത്തുകയും ചെയ്യും.
advertisement
- സിം കാര്‍ഡുകളുടെ മൊത്തവില്‍പ്പന നിരോധിച്ചിരിക്കുന്നു. ഓരോ ബിസിനസ് ഉപയോക്താവും വ്യക്തിഗത കെവൈസി വെരിഫിക്കേഷന് വിധേയമാകണം.
- ഒരു വ്യക്തിയ്ക്ക് കൈവശം വെയ്ക്കാന്‍ കഴിയുന്ന പരമാവധി സിം കാര്‍ഡുകളുടെ എണ്ണം ഒമ്പത് ആണ്. ജമ്മു കശ്മീരിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വ്യക്തികള്‍ക്ക് പരമാവധി 6 സിം കാര്‍ഡുകള്‍ കൈവശം വെയ്ക്കാം.
- 30 ദിവസത്തോളം പ്രവര്‍ത്തനരഹിതമായി തുടരുന്ന സിം കാര്‍ഡിന്റെ ഔട്ട്‌ഗോയിംഗ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും. 45 ദിവസത്തോളം പ്രവര്‍ത്തനരഹിതമായിരിക്കുന്ന സിം കാര്‍ഡുകളുടെ ഇന്‍കമിംഗ് സേവനങ്ങളും നിര്‍ത്തിവെയ്ക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
December 24, 2024 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
'വോയിസ് കോളിനും എസ്എംഎസിനും മാത്രമായി പ്രത്യേകം പ്ലാന്‍ വേണം'; ടെലികോം കമ്പനികളോട് TRAI