വാട്ട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ വിവരങ്ങളും പണവും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
- Published by:ASHLI
- news18-malayalam
Last Updated:
വാട്ട്‌സ്ആപ്പ് ഇമേജ് സ്‌കാം എന്താണെന്ന് നോക്കാം. മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ ഒരു വ്യക്തിക്ക് വാട്ട്‌സ്ആപ്പിലൂടെയെത്തിയ ഒരു അജ്ഞാത നമ്പറിൽ നിന്ന് അയച്ച ചിത്രം ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് ഏകദേശം രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു
ഇന്ന് ലോകത്താകമാനം ഡിജിറ്റൽ തട്ടിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂചെ വലിയ സാനപത്തിക നഷ്ടമാണ് പലർക്കും ഉണ്ടാകുന്നത്. ഇമെയിലുകൾ, ടെക്സ്റ്റ് മെസേജുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഫോൺ കോളുകൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഉപയോക്താക്കളിൽ നിന്നും പണം തട്ടുന്നത്. ഇപ്പോഴിതാ വാട്ട്സ് ആപ്പ് കേന്ദ്രീകരിച്ചാണ് പുതിയ തട്ടിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ലോകത്താകമാനമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്ട്സ് ആപ്പ്.
അതിനാൽ തന്നെ ഇതുവഴി ഉണ്ടാകുന്ന ചതിക്കുഴികളെക്കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. വാട്ട്സാപ്പിൽ നാം ചെയ്യുന്ന ചില പ്രവർത്തനങ്ങൾ, നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്‌വേഡുകൾ തുടങ്ങി പ്രധാനപ്പെട്ട വിശദാംശങ്ങൾ നഷ്ടപ്പെടുത്തുന്നതിന് കാരണമായേക്കാം. മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ ഒരു വ്യക്തിക്ക് വാട്ട്‌സ്ആപ്പിലൂടെയെത്തിയ ഒരു അജ്ഞാത നമ്പറിൽ നിന്ന് അയച്ച ചിത്രം ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് ഏകദേശം രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു. വാട്ട്സ്ആപ്പ് ഇമേജ് സകാം എന്നാണ് ഇതിനെ പറയുന്നത്.
advertisement
വാട്ട്‌സ്ആപ്പ് ഇമേജ് സ്‌കാം എന്താണെന്ന് നോക്കാം
ഫോട്ടോഗ്രാഫുകളിൽ മാൽവെയർ സ്ഥാപിക്കുന്നതിനായി ഹാക്കർമാർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായ സ്റ്റെഗനോഗ്രാഫിയാണ് ഈ പുതിയ തട്ടിപ്പിന്റെ കാതൽ. സ്വീകർത്താവ് ചിത്രം ഡൗൺലോഡ് ചെയ്യുമ്പോൾ ഇതിൽ ഉൾപ്പെട്ടിട്ടുള്ള വൈറസ് സജീവമാവുകുന്നു. ഇതിലൂടെ നമ്മുടെ ഫോണിലെ UPI ഐഡി, പാസ്‌വേഡുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സോഷ്യൽ മീഡിയ ഹാൻഡിലുകൾ, OTP-കൾ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു.
മറ്റ് തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റെഗനോഗ്രാഫി സമയത്ത്, ഇരകൾക്ക് OTP മുന്നറിയിപ്പോ മറ്റു മുന്നറിയിപ്പുകളോ ലഭിക്കുന്നില്ല, പകരം ഒരു ലളിതമായ വാട്ട്‌സ്ആപ്പ് ഇമേജ് മാത്രമേ ലഭിക്കൂ. ഈ പുതിയ ഹാക്കിംഗ് രീതി വാട്ട്‌സ്ആപ്പ് ഉപയോക്താക്കളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള തട്ടിപ്പുകാരെ കണ്ടെത്താൻ പ്രയാസകരമാണെന്നുള്ളതാണ് ഇതിലെ പ്രാധാന പ്രതിസന്ധി.
advertisement
വാട്ട്‌സ്ആപ്പ് ഇമേജ് സ്‌കാം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അജ്ഞാത നമ്പറിൽ നിന്ന് ലഭിക്കുന്ന ഫോട്ടോ തുറക്കുന്നത് ഫോൺ ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് കേരള പോലീസ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള മികച്ച മാർഗം വാട്ട്സ്ആപ്പ്, സാധാരണ എസ്എംഎസ് അല്ലെങ്കിൽ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിൽ അജ്ഞാത നമ്പറിൽ നിന്ന് ലഭിക്കുന്ന ഏതെങ്കിലും ഫോട്ടോ, വീഡിയോ ഡൗൺലോഡ് ചെയ്യുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്നുള്ളതാണ്.
കൂടാതെ വാട്ട്‌സ്ആപ്പ് ക്രമീകരണങ്ങളിൽ മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫാക്കുവാനും ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു. നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്‌വെയറും ആന്റിവൈറസും കാലികമായി നിലനിർത്തുക. ഏതെങ്കിലും തരത്തിൽ തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ വിളിച്ച് സൈബർ തട്ടിപ്പ് ഉടൻ റിപ്പോർട്ട് ചെയ്യുവാനും നിർദ്ദേശം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 17, 2025 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
വാട്ട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ വിവരങ്ങളും പണവും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്