ആപ്പിൾ ഉത്പന്നങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഇംഗ്ലീഷ് അക്ഷരമാണ് ‘i’. ‘i’എന്ന വാക്ക് വായിക്കുമ്പോൾ തന്നെ ആപ്പിളിനെ ഓർക്കുന്ന തലത്തിലേക്ക് നാമെല്ലാം എത്തിക്കഴിഞ്ഞു. 1998 ൽ ആദ്യമായി ആപ്പിൾ ഐമാക്ക് അവതരിപ്പിച്ചപ്പോഴും 2007 ൽ ഐഫോൺ അവതരിപ്പിച്ചപ്പോഴുമെല്ലാം ‘i’ഒപ്പം ചേർന്നു.
പിന്നീട് ഇറങ്ങിയ ഓരോ ആപ്പിൾ ഉത്പന്നങ്ങളിലും ‘i’ വിട്ടുപിരിയാതെ ഒപ്പമുണ്ടായിരുന്നു. എന്താണ് ഈ അക്ഷരം കൊണ്ട് ആപ്പിൾ അർത്ഥമാക്കുന്നത്? ആപ്പിൾ ഉപയോക്താക്കളിൽ പലർക്കും അജ്ഞാതമാണ് ഇതിനു പിന്നിലെ കാരണം.
സ്മോൾ ലെറ്റർ ‘i’ കൊണ്ട് ആപ്പിൾ ഉദ്ദേശിക്കുന്നത് ഇന്റർനെറ്റ് എന്നാണ് പലർക്കും അറിയാവുന്നത്. ഇത് പൂർണമായും തെറ്റാണെന്ന് പറയാൻ കഴിയില്ല. എന്നാൽ ഇതുമാത്രമല്ല ‘i’ക്കു പിന്നിലെ അർത്ഥങ്ങൾ.
Also Read- ആപ്പിൾ ഫോണിൽ പഴയ വാട്സ്ആപ് മെസേജുകൾ തീയ്യതി നോക്കി കണ്ടുപിടിക്കാം; വഴി ഇങ്ങനെ
ഈ കഥയറിയാൻ അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റേയും കമ്പനിയുടേയും ആദ്യകാലത്തേക്ക് പോകേണ്ടി വരും. ആപ്പിളിൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം തകർച്ചയുടെ വക്കിലായ കമ്പനിയിൽ സിഇഒ ആയി ജോബ്സ് തിരിച്ചെത്തിയ കാലം.
1997-ൽ “വ്യത്യസ്തമായി ചിന്തിക്കുക” എന്ന പരസ്യ കാമ്പെയ്‌നിലൂടെ ആരംഭിച്ച് ആപ്പിൾ സ്റ്റോർ, ആപ്പ് സ്റ്റോർ, ഐമാക്, ഐപാഡ്, ഐപോഡ്, ഐഫോൺ, ഐട്യൂൺസ് ഉൽപ്പന്നങ്ങളുടെ ഒരു നിര വികസിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഡിസൈനർ ജോണി ഐവുമായി ചേർന്ന് അദ്ദേഹം പ്രവർത്തിച്ചു.
വിഖ്യാതമായ ‘തിങ്ക് ഡിഫറന്റ് ‘പരസ്യ കാമ്പെയ്‌നിലൂടെ ആപ്പിളിനൊപ്പം പ്രശസ്തിയിലേക്ക് ഉയർന്ന വ്യക്തിയായ കെൻ സെഗാൾ. 2012 ൽ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ആപ്പിൾ ഉത്പന്നങ്ങളുടെ പേര് മാക്കിന്റോഷിനെ അനുസ്മരിപ്പിക്കുന്നതാകണമെന്ന് ജോബ്സ് ആഗ്രഹിച്ചിരുന്നതായി കെൻ സെഗാൾ പറഞ്ഞിരുന്നു. ഉത്പന്നം പുറത്തിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനാൽ പെട്ടെന്ന് പേര് കണ്ടുപിടിക്കണമായിരുന്നു.
മാക് റോക്കറ്റ്, മാക്സ്റ്റർ, മാക്മാൻ തുടങ്ങി പല പേരുകളും ഉയർന്നുവന്നു. ഇതിൽ മാക്മാൻ എന്ന പേരിനോടായിരുന്നു ജോബ്സിന് താത്പര്യം. എന്നാൽ കെൻ ഈ പേര് എതിർത്തു. പാക്മാൻ എന്ന പേരുപോലെയുണ്ടെന്നും കളിപ്പാട്ടത്തിന്റെ പ്രതീതിയാണ് ഉയർത്തുന്നതെന്നുമായിരുന്നു കെന്നിന്റെ വാദം. ഒടുവിൽ പല പേരുകൾ ആലോചിച്ച് അഞ്ച് പേരുകളിൽ ടീം എത്തി. ഇതിൽ ഒന്നായിരുന്നു ഐമാക്. ഐ എന്ന വാക്കിന് ഇന്റർനെറ്റ്, ഇമാജിനേഷൻ, ഇൻഡിവിജ്വൽ തുടങ്ങി പല അർത്ഥങ്ങളാണ് തങ്ങൾ ഉദ്ദേശിച്ചതെന്ന് കെൻ ചൂണ്ടിക്കാട്ടി.
തുടക്കത്തിൽ ജോബ്സിന് ഐമാക്ക് എന്ന പേര് ഇഷ്ടപ്പെട്ടില്ലെങ്കിലും ഈ പേരുമായി മുന്നോട്ടുപോകാൻ തന്നെ ജോബ്സ് തീരുമാനിച്ചു. ഐമാക്ക് അവതരിപ്പിക്കുന്ന വേളയിൽ ‘i’ എന്ന പദത്തിന് അഞ്ച് അർത്ഥങ്ങളാണ് ജോബ്സ് നൽകിയത്. ഇന്റർനെറ്റ്, ഇൻഡിവിജ്വൽ, ഇൻസ്ട്രക്ട്, ഇൻഫോം, ഇൻസ്പൈർ എന്നിങ്ങനെ. പിന്നീട് നടന്നത് സാങ്കേതിക രംഗത്തെ ചരിത്ര സംഭവങ്ങളും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.