ഇന്ത്യയിലെന്നല്ല ഒരിടത്തും പാടില്ല; ആപ്പിൾ യുഎസിന് പുറത്ത് ഐഫോണ്‍ നിര്‍മിച്ചാല്‍ 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി
- Published by:Sarika N
- news18-malayalam
Last Updated:
യുഎസില്‍ വില്‍ക്കുന്ന ഐഫോണുകള്‍ രാജ്യത്തിനുള്ളില്‍ തന്നെ നിര്‍മിക്കണമെന്നും ട്രംപ് ആപ്പിളിനോട് ആവശ്യപ്പെട്ടു
യുഎസിന് പുറത്ത് ഐഫോണ്‍ നിര്‍മിച്ചാല്‍ 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ആപ്പിളിന് ട്രംപിന്റെ ഭീഷണി. യുഎസില്‍ വില്‍ക്കുന്ന ഐഫോണുകള്‍ രാജ്യത്തിനുള്ളില്‍ തന്നെ നിര്‍മിക്കണമെന്നും ട്രംപ് ആപ്പിളിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വാള്‍സ്ട്രീറ്റില്‍ ആപ്പിളിന്റെ ഓഹരികളില്‍ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി.
സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ആപ്പിളിനെതിരേ ഭീഷണി മുഴക്കിയത്. ''അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല മറിച്ച് അമേരിക്കയില്‍ തന്നെ നിര്‍മിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്ന് വളരെക്കാലം മുമ്പ് ആപ്പിളിന്റെ ടിം കുക്കിനെ അറിയിച്ചിരുന്നു. അങ്ങനെയല്ലെങ്കില്‍ കുറഞ്ഞത് 25 ശതമാനം താരിഫ് ആപ്പിള്‍ യുഎസിന് നല്‍കണം. ഈ വിഷയത്തിലുള്ള നിങ്ങളുടെ ശ്രദ്ധക്ക് നന്ദി,'' ട്രംപ് പറഞ്ഞു.
ഇന്ത്യയില്‍ ആപ്പിളിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനെതിരേ ആപ്പിള്‍ സിഇഒ ടിം കുക്കിന് ട്രംപ് ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് ഭീഷണി വരുന്നത്.
advertisement
ആപ്പിള്‍ പ്രതിവര്‍ഷം 60 മില്ല്യണിലധികം ഐഫോണുകളാണ് യുഎസില്‍ വില്‍ക്കുന്നത്. അവയില്‍ ഏകദേശം 80 ശതമാനത്തോളം ചൈനയിലാണ് നിര്‍മിച്ചിരിക്കുന്നത്. മേയ് 15ന് ഖത്തറിലെ ദോഹയില്‍ നടന്ന ഒരു ബിസിനസ് പരിപാടിയില്‍ ആപ്പിള്‍ സിഇഒ ടിം കുക്കുമായി നേരിട്ട് സംസാരിച്ചതായും ഇന്ത്യന്‍ വിപണിയെ പ്രത്യേകമായി സേവിക്കുന്നതിനായിട്ടല്ലാതെ ഇന്ത്യയില്‍ ആപ്പിള്‍ ഉത്പ്പന്നങ്ങളുടെ നിര്‍മാണം വർധിപ്പിക്കുന്നതിനെതിരേ ഉപദേശിച്ചതായും ട്രംപ് പറഞ്ഞു.
ഇന്ത്യയില്‍ ഉത്പാദനം വർധിപ്പിക്കാൻ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആപ്പിള്‍ അമേരിക്കയില്‍ തങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
advertisement
2026 അവസാനത്തോടെ യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയിലെ ഫാക്ടറികളില്‍ നിര്‍മാക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നും അതിന്റെ പ്രധാന നിര്‍മാണകേന്ദ്രമായ ചൈനയില്‍ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ വേഗത്തിലാക്കുകയാണെന്നും അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയും യുഎസും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടത്തിന് ജൂലൈയ്ക്ക് മുമ്പായി ഒപ്പുവയ്ക്കുമെന്നാണ് വിവരം. യുഎസ് വ്യാപാര പ്രതിനിധിയുമായുള്ള ആദ്യ റൗണ്ട് കൂടിക്കാഴ്ച ഇതിനോടകം തന്നെ അവസാനിച്ചു. ചരക്ക് വ്യാപരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. തുകല്‍, തുണിത്തരങ്ങള്‍ തുടങ്ങിയയുടെ കയറ്റുമതിയില്‍ ഇളവുകള്‍ നല്‍കാന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സേവന മേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചകളില്‍ പ്രധാന ഇടം നേടിയിട്ടുണ്ട്.
advertisement
വ്യാഴാഴ്ച കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും പ്രയോജനകരമായ വ്യാപാര കരാറിന്റെ സാധ്യതകളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനും വ്യാപാരത്തിലും നിക്ഷേപത്തിലും സഹകരണത്തിനുള്ള അവസരങ്ങള്‍ തേടുന്നതിലുമാണ് കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ഒഴിവാക്കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയതായി ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 24, 2025 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിലെന്നല്ല ഒരിടത്തും പാടില്ല; ആപ്പിൾ യുഎസിന് പുറത്ത് ഐഫോണ്‍ നിര്‍മിച്ചാല്‍ 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി