സേതുമാധവന്റെ 'കിരീടം' വീണുടഞ്ഞ വെള്ളായണിയിലെ പാലം ടൂറിസ്റ്റ് സ്പോട്ട്; പദ്ധതിക്ക് 1.22 കോടി അനുവദിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്ഥാനത്തെ പ്രകൃതിസുന്ദരമായ ഒട്ടേറെ സ്ഥലങ്ങള്‍ വിവിധ സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും ഇത്തരം സ്ഥലങ്ങള്‍ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: 1989ൽ പുറത്തിറങ്ങിയ സിബി മലയിൽ സിനിമ കിരീടത്തിന്റെ ഒരു ലോക്കേഷൻ തിരുവനന്തപുരത്തെ വെള്ളായണി പാലമായിരുന്നു. സേതുമാധവനായി മോഹൻലാൽ തകർത്തഭിനയിച്ചപ്പോൾ കിരീടം പാലം മലയാളികൾക്ക് വേർപിരിയലിന്റെ, നോവിന്റെ പ്രതീകമായി മാറി. ഇന്നും ഇതിന് മാറ്റം വന്നിട്ടില്ല. സിനിമ പുറത്തിറങ്ങി മൂന്നര പതിറ്റാണ്ടാകുമ്പോഴും ഒട്ടേറെ ആരാധകരും വിനോദ സഞ്ചാരികളും പാലം കാണാൻ വെള്ളായണിയിൽ എത്തുന്നുണ്ട്. ഈ പ്രശസ്തി മുന്‍നിര്‍ത്തിയാണ് ടൂറിസം വകുപ്പിന്റെ അനുഭവവേദ്യ ടൂറിസം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളായണി പാലം സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുന്നത്.
സിനിമാ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വെള്ളായണി കിരീടം പാലത്തിന് 1,22,50,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. സിനിമാ ടൂറിസത്തിന് അനുസൃതമായി പാലത്തെ ആകര്‍ഷകമായ ടൂറിസം ഉത്പന്നമാക്കി മാറ്റുന്ന ‘സിനി ടൂറിസം പ്രോജക്ട്- കിരീടം പാലം അറ്റ് വെള്ളായണി’ എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
advertisement
പ്രശസ്ത സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയായ സിനിമാ ടൂറിസത്തിന്റെ ഭാഗമായി അനുമതി ലഭിക്കുന്ന ആദ്യ സ്ഥലമാണ് വെള്ളായണി കിരീടം പാലം. മണിരത്നത്തിന്‍റെ ബോംബെ സിനിമയിലെ അതിപ്രശസ്തമായ ‘ഉയിരേ’ എന്ന ഗാനം ചിത്രീകരിച്ച കാസർഗോഡുള്ള ബേക്കല്‍ കോട്ടയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ള മറ്റൊരു സ്ഥലം. ഇതിന്റെ ഭാഗമായി മണിരത്നവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച മണിരത്നം ബേക്കലില്‍ സംഘടിപ്പിക്കുന്ന സിനിമാ ടൂറിസം പരിപാടിയില്‍ പങ്കെടുക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.
advertisement
സംസ്ഥാനത്തെ പ്രകൃതിസുന്ദരമായ ഒട്ടേറെ സ്ഥലങ്ങള്‍ വിവിധ സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും ഇത്തരം സ്ഥലങ്ങള്‍ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചില സ്ഥലങ്ങള്‍ സിനിമയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. എല്ലാ ജില്ലകളിലും ഇത്തരം സ്ഥലങ്ങളുടെ സാധ്യത പദ്ധതിക്കായി തേടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടുവയ്ക്കുന്ന അനുഭവവേദ്യ ടൂറിസം എന്ന ആശയം സിനിമാ ടൂറിസം പദ്ധതിയിലൂടെ കൂടുതല്‍ ഫലവത്താകുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്‍റെ ശ്രമങ്ങള്‍ക്ക് സിനിമാ ടൂറിസം കരുത്ത് പകരുമെന്ന് ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 18, 2023 9:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
സേതുമാധവന്റെ 'കിരീടം' വീണുടഞ്ഞ വെള്ളായണിയിലെ പാലം ടൂറിസ്റ്റ് സ്പോട്ട്; പദ്ധതിക്ക് 1.22 കോടി അനുവദിച്ചു