ഒട്ടുമിക്ക ആളുകള്‍ക്കും സുപരിചിതമായ നിക്ഷേപ പദ്ധതിയാണ് റെക്കറിംഗ് നിക്ഷേപങ്ങള്‍ അഥവാ ആര്‍ഡി നിക്ഷേപങ്ങള്‍. സ്ഥിരമായ ആദായം നല്കുന്നവയാണ് ആര്‍ഡി നിക്ഷേപങ്ങള്‍. ഇത്തരം അക്കൗണ്ടുകളില്‍ ഉപയോക്താവ് തുക ഗഢുക്കളായി നല്‍കുകയും മെച്യൂരിറ്റി കാലാവധി എത്തുമ്പോള്‍ മെച്യൂരിറ്റി തുക സ്വീകരിക്കുകയുമാണ് ചെയ്യുക. ഉപയോക്താവ് ഏത് വിഭാഗത്തില്‍പ്പെടുന്നു, തെരഞ്ഞെടുക്കുന്ന കാലാവധി എത്ര എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ബാങ്കുകള്‍ ആര്‍ഡികള്‍ക്ക് നല്കുന്ന പലിശ നിരക്ക് നിശ്ചയിക്കുന്നത്.
മിക്ക ബാങ്കുകളും സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്. വിവിധ തരത്തിലുള്ള ആര്‍ഡി സ്കീമുകളും ബാങ്കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി സാധാരണ സ്കീമുകള്‍ക്ക് പുറമെ പ്രത്യേക സ്കീമുകളും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 4 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് പൊതുജനങ്ങളുടെ ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്കുന്ന പലിശ നിരക്ക്. എന്നാല്‍, മുതിര്‍ന്ന പൗരന്മാര്ക്ക് ഒരു ആര്‍ഡി അക്കൗണ്ട് തുറക്കുന്നതിന് ബാങ്കുകള്‍ അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ആര്‍ഡി നിക്ഷേപങ്ങളുടെ വിവിധ പലിശ നിരക്കുകള്‍ എത്രയെന്ന് നോക്കാം
-റെഗുലര്‍ സേവിങ്സ് സ്കീം
18 വയസ്സിനു മുകളിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്കാണ് ബാങ്കുകള്‍ ആര്‍ഡി ഡെപ്പോസിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു നിശ്ചിത തുക നിക്ഷേപിക്കാന്‍ ഉപയോക്താക്കള്‍ക്ക് കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്, സാധാരണയായി 6 മാസം മുതല്‍ 10 വര്‍ഷം വരെയാണ് കാലാവധി. നിക്ഷേപങ്ങളുടെ പലിശ ലളിതമായോ കൂട്ടുപലിശയായോ കണക്കാക്കാം. കാലാവധി അവസാനിക്കുമ്പോള്‍ ഒറ്റത്തവണയായി തുക പിന്‍വലിക്കാം. ചില സ്കീമുകള്‍ പണം വീണ്ടും നിക്ഷേപിക്കാനും അവസരം നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് പ്രതിമാസം 10 രൂപയ്ക്ക് ആര്‍ഡി നിക്ഷേപ അക്കൗണ്ട് തുറക്കാം. സാധാരണ ആര്‍ഡി നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.00% മുതല്‍ 6.50% വരെയാണ്.
- ജൂനിയര്‍ ആര്‍ഡി സ്കീം
ബാങ്കുകള്‍ കുട്ടികള്‍ക്കും ആര്‍ഡി നിക്ഷേപം അനുവദിക്കുന്നുണ്ട്. അവരുടെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഭാവിയിലേക്കുമായി രക്ഷിതാക്കള്‍ക്ക് ആര്‍ഡി അക്കൗണ്ട് തുറക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്കീം ലഭ്യമാണ്. ചെറിയ പ്രായത്തില്‍ തന്നെ ധനകാര്യ സംബന്ധിയായ കാര്യങ്ങൾ കൈകാര്യം ചെയ്യാന്‍ പഠിക്കുന്നത് സമ്പാദ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മികച്ച ബോധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ സാധാരണ ആര്‍ഡി സ്കീമുകളുടേതിന് തുല്യമായിരിക്കും.
- സീനീയര്‍ സിറ്റിസന്‍സ് ആര്‍ഡി സ്കീം
ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി, പ്രതിവര്‍ഷം 0.50% പലിശ നിരക്കിന് മുകളിലാണ് ഇവര്‍ക്ക് ബാങ്കുകള്‍ നല്‍കുന്നത്. 4.00% മുതല്‍ 7.25% വരെയാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാരെ അവരുടെ റിട്ടയര്‍മെന്റിലും വാര്‍ദ്ധക്യത്തിലും സഹായിക്കാനായുള്ള സ്കീമുകളും ലഭ്യമാണ്.
- എന്‍ആര്‍ഇ/ എന്‍ആര്‍ഒ സ്കീം
എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് വളരെ കുറഞ്ഞ പലിശ നിരക്കാണ് നല്‍കുന്നത്. ഇത്തരം അക്കൗണ്ടുകള്‍ കൈവശമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും അധിക പലിശ നിരക്ക് നല്‍കില്ല.
- സ്പെഷ്യല്‍ ആര്‍ഡി സ്കീം
ആളുകളുടെ കഴിവും ആവശ്യവും അനുസരിച്ച് പല തരത്തിലുള്ള സ്കീമുകള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിര്‍ദ്ദിഷ്ട ലക്ഷ്യമുള്ളവര്‍ക്ക് ഇത്തരം സ്കീമുകള്‍ ഉയര്‍ന്ന പലിശ നിരക്കും നല്‍കും. നിങ്ങളുടെ ആര്‍ഡി അക്കൗണ്ടിലേക്ക് വിവിധ തുകകള്‍ സംഭാവന ചെയ്യാന്‍ അനുവദിക്കുന്ന ഐവിഷ് നിക്ഷേപം ഐസിഐസിഐ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നതിനായി മറ്റ് ആളുകള്‍ക്കും സംഭാവന ചെയ്യാന്‍ കഴിയും. സൗജന്യ ലൈഫ് ഇന്‍ഷുറന്‍സുള്ള ആര്‍ഡി സ്കീമുകളും ലഭ്യമാണ്. ചില സ്കീമുകളില്‍, പണം ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കും. മറ്റ് സ്കീമുകള്‍ ഒരു വലിയ തുകയായും പ്രതിഫലം നല്‍കും.
ആര്‍ഡി നിക്ഷേപങ്ങളുടെ സവിശേഷതകള്‍:
ആര്‍ഡി നിക്ഷേപങ്ങള്‍ സമ്പാദ്യശീലം വളര്‍ത്തുന്നു
500 രൂപയില്‍ തുടങ്ങിയുള്ള നിക്ഷേപങ്ങളും ബാങ്ക് നല്‍കുന്നുണ്ട്. ക്രമേണ നിങ്ങള്‍ക്ക് നിക്ഷേപിക്കുന്ന തുകയില്‍ വര്‍ധനവ് വരുത്താം
10 വയസ്സ് മുതല്‍ നിങ്ങള്‍ക്ക് ആര്‍ഡി അക്കൗണ്ട് ആരംഭിക്കാം
കാലാവധി തീരുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ ആര്‍ഡി അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ അനുവദിച്ചേക്കാവുന്ന ബാങ്കുകളുണ്ട്.
സ്ഥിര നിക്ഷേപത്തിന് തുല്യമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യും
നിങ്ങളുടെ ആര്‍ഡി അക്കൗണ്ടില്‍ നിന്ന് എല്ലാ മാസവും നിക്ഷേപ തുക സ്വയം കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് ബാങ്കിന് സ്ഥിരമായ നിര്‍ദ്ദേശം നല്‍കാം.
ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസിലും നിങ്ങള്‍ക്ക് ആര്‍ഡി നിക്ഷേപങ്ങള്‍ ആരംഭിക്കാവുന്നതാണ്. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപങ്ങളുടെ കാലാവധി. ഇത്തരം നിക്ഷേപം ആരംഭിക്കാന്‍ പ്രതിമാസം ഏറ്റവും കുറഞ്ഞ തുക 10 രൂപയാണ്. എന്നാല്‍ നിക്ഷേപിക്കുന്ന പരമാവധി തുകയ്ക്ക് ഇവിടെയും പരിധിയില്ല. 5.8 ശതമാനം വാര്‍ഷിക നിരക്കിലാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപകര്‍ക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. 2021 ഏപ്രില്‍ 1 മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് 5.8 ശതമാനമാണ് പലിശ നിരക്ക്.
സ്വകാര്യ മേഖലാ ബാങ്കുകളും ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളാണ് അവ.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കില്‍ പ്രതിമാസം ചുരുങ്ങിയത് 500 രൂപ വീതം നിക്ഷേപിച്ചുകൊണ്ട് ആര്‍ഡി അക്കൗണ്ട് തുടങ്ങാം. നെറ്റ് ബാങ്കിങിലൂടെ ഓണ്‍ലൈനായും അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യം ഇവിടെയുണ്ട്. 6 മുതല്‍ 10 വര്‍ഷം വരെയാണ് നിക്ഷേപങ്ങളുടെ കാലാവധി. 2.50% മുതല്‍ 5.75% വരെയാണ് ആക്സിസ് ബാങ്ക് നല്കുന്ന പലിശ നിരക്ക്.
യെസ് ബാങ്ക്
6 മുതല്‍ 10 വര്‍ഷം വരെയാണ് യെസ് ബാങ്ക് ആര്‍ഡി നിക്ഷേപങ്ങളുടെ കാലാവധി. 5 ശതമാനം മുതല്‍ 6.50 ശതമാനം വരെയുള്ള പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 50 ബേസിസ് പോയിന്റുകള്‍ മുതല്‍ 75 ബേസിസ് പോയിന്റുകള്‍ വരെ ഉയര്‍ന്ന പലിശ നിരക്കും ബാങ്ക് നല്‍കുന്നുണ്ട്.
ആര്‍ബിഎല്‍ ബാങ്ക്
ഈ ബാങ്കിന്റെയും ആര്‍ഡി നിക്ഷേപങ്ങളുടെ കാലാവധി 6 മുതല്‍ 10 വര്‍ഷം വരെയാണ്. പ്രതിമാസം ചുരുങ്ങിയത് 1000 രൂപാ വീതം നിക്ഷേപിച്ചു കൊണ്ട് ആര്‍ഡി നിക്ഷേപം തുടങ്ങാവുന്നതാണ്. 5.25 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് ആര്‍ബിഎല്‍ ബാങ്ക് നല്കുന്ന പലിശ നിരക്ക്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 100 രൂപ വീതം നിക്ഷേപിച്ചുകൊണ്ട് ആര്‍ഡി നിക്ഷേപങ്ങള്‍ തുടങ്ങാം. 6 മാസം മുതല്‍ 10 വര്‍ഷം വരെയാണ് കാലാവധി. 75,000 രൂപ വരെയാണ് പ്രതിമാസം പരമാവധി നിക്ഷേപിക്കാവുന്ന തുക. 5 ശതമാനം മുതല്‍ 6 ശതമാനം വരെ പലിശ നിരക്കാണ് ബാങ്കിലെ ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.