പണം നിക്ഷേപിക്കുന്നതിനുള്ള ധനകാര്യ സ്ഥാപനമാണ് ബാങ്കുകൾ (Banks). പലിശ ലഭിക്കുന്നതിന് വേണ്ടിയും സുരക്ഷിതത്വത്തിനുമായാണ് പലരും ബാങ്കിൽ പണം നിക്ഷേപിക്കുന്നത്. പല തരത്തിലുള്ള അക്കൗണ്ടുകളും ബാങ്കുകൾ ഇതിനായി വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ ശമ്പളമുള്ള വ്യക്തികൾക്കോ സ്ഥിരമായി പ്രതിമാസ വരുമാനമുള്ള വ്യക്തികൾക്കോ ഉപയോഗിക്കാവുന്ന ബാങ്ക് അക്കൗണ്ടാണ് സേവിങ്സ് അക്കൗണ്ടുകൾ (Savings Accounts). ബാലൻസ് തുകയും ബാങ്കും അനുസരിച്ച് 2.70 ശതമാനം മുതൽ 5.25 ശതമാനം വരെ പലിശ നിരക്കുകൾ ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സേവിങ്സ് അക്കൗണ്ട് നിലനിർത്താൻ ആവശ്യമായ മിനിമം തുക കറണ്ട് അക്കൗണ്ടിനേക്കാൾ കുറവാണ് എന്നതാണ് മറ്റൊരു സവിശേഷത. ബാങ്കുകൾ അനുസരിച്ച് ഇതിൽ വ്യത്യാസം വരും.
ഒരു സേവിങ്സ് അക്കൗണ്ട് ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ തുടങ്ങിയവ അടയ്ക്കുന്നത് മുതൽ പണം കൈമാറ്റം ചെയ്യാൻ കഴിയുന്ന നിരവധി സാമ്പത്തിക ഇടപാടുകൾ വരെ ഉണ്ട്. എളുപ്പത്തിൽ പണലഭ്യത വാഗ്ദാനം ചെയ്യുന്നതോടൊപ്പം പണം സമ്പാദിക്കുന്നതിനുള്ള സുരക്ഷിതമായ മാർഗം കൂടിയാണിത്. പല തരത്തിലുള്ള സേവിങ്സ് അക്കൗണ്ടുകൾ നിലവിലുണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
റെഗുലർ സേവിങ്സ് അക്കൗണ്ട്
ഇത്തരം അക്കൗണ്ടുകൾ തുറക്കുന്നതിന് അടിസ്ഥാനമായ ചില നിബന്ധനകളും വ്യവസ്ഥകളുമുണ്ട്. സാധാരണ റെഗലുർ സേവിംഗ്സ് അക്കൗണ്ടുകളിൽ സ്ഥിരമായ നിക്ഷേപങ്ങൾ കാണില്ല. പണം സൂക്ഷിക്കുന്ന ഒരു സുരക്ഷിത ഭവനത്തിന് തുല്യമാണ് ഇത്തരം റെഗുലർ സേവിങ്സ് അക്കൗണ്ടുകൾ.
സാലറി അടിസ്ഥാനമാക്കിയുള്ള സേവിങ്സ് അക്കൗണ്ട്
കമ്പനികളുടെ അഭ്യർത്ഥന പ്രകാരം ബാങ്കുകൾ തന്നെ തുറന്നു തരുന്ന അക്കൗണ്ടുകളാണ് സാലറി ബേസ്ഡ് സേവിങ്സ് അക്കൗണ്ടുകൾ. തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനായാണ് ഇത്തരം അക്കൗണ്ടുകൾ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകൾക്ക് ബാങ്കുകൾ മുൻഗണനാ നിരക്കുകളും നിബന്ധനകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പണമടയ്ക്കുന്ന തീയതി വരുമ്പോൾ കമ്പനി അക്കൗണ്ടിൽ നിന്ന് ബാങ്ക് പണം പിൻവലിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സാലറി അക്കൗണ്ടുകൾ തുടങ്ങുമ്പോൾ മിനിമം ബാലൻസ് ആവശ്യമില്ല. ഇത്തരം സാലറി അക്കൗണ്ടുകളിൽ തുടർച്ചയായി മൂന്ന് മാസം ശമ്പളം കയറിയില്ലെങ്കിൽ, അക്കൗണ്ട് റെഗുലർ സേവിങ്സ് അക്കൗണ്ടിലേക്ക് മാറും.
സീനിയർ സിറ്റിസൻസ് സേവിങ്സ് അക്കൗണ്ട്
റെഗുലർ സേവിംഗ്സ് അക്കൗണ്ടുകൾ പോലെ തന്നെയാണ് സീനിയർ സിറ്റിസൻസ് അക്കൗണ്ടുകളും പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരം അക്കൗണ്ടുകൾ മുതിർന്ന പൗരന്മാർക്ക് വളരെ ഉയർന്ന പലിശ നിരക്കുകളും ബാങ്കിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ അക്കൗണ്ടുകൾ റിട്ടയർമെന്റ് അക്കൗണ്ടുകളിൽ നിന്നോ പെൻഷൻ ഫണ്ടുകളിൽ നിന്നോ പണം അയയ്ക്കുന്നതിന് മറ്റ് മുതിർന്ന പൗരന്മാരുടെ സേവിംഗ്‌സ് സ്‌കീമുകളുമായി ബന്ധിപ്പിക്കുകയും എല്ലാ ഫണ്ടുകളും ഒരൊറ്റ ബാങ്ക് അക്കൗണ്ടിന് കീഴിൽ ഏകീകരിക്കുകയും ചെയ്യുന്നു.
മൈനേഴ്സ് സേവിങ്സ് അക്കൗണ്ട്
ഈ അക്കൗണ്ട് തുടങ്ങുന്നതിനും മിനിമം ബാലൻസ് ആവശ്യമില്ല. ബാങ്കിംഗ് സൗകര്യങ്ങളെക്കുറിച്ചും സേവിംഗ്‌സ് അക്കൗണ്ടുകളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുന്നതിനായാണ് മൈനേഴ്സ് സേവിങ്സ് അക്കൗണ്ടുകൾ ആരംഭിച്ചത്. കുട്ടിക്ക് 10 വയസ്സ് തികയുന്നതു വരെ നിയമപരമായ രക്ഷിതാവിന്റെ മേൽനോട്ടത്തിലാണ് ഇത്തരം അക്കൗണ്ട് തുറക്കാനും പ്രവർത്തിപ്പിക്കാനും കഴിയുകയുള്ളൂ. കുട്ടിയ്ക്ക് 10 വയസ്സ് കഴിഞ്ഞാൽ അക്കൗണ്ട് തനിയെ പ്രവർത്തിപ്പിക്കാം. ഇനി കുട്ടിയ്ക്ക് 18 വയസ്സ് കഴിഞ്ഞാൽ അക്കൗണ്ട് റെഗുലർ സേവിങ്സ് അക്കൗണ്ടിലേക്ക് മാറും.
സീറോ ബാലൻസ് സേവിങ്സ് അക്കൗണ്ട്
സേവിങ്സ്/ കറണ്ട് അക്കൗണ്ടുകളുടെ കൂടിച്ചേരലാണ് സീറോ ബാലൻസ് അക്കൗണ്ട്. എന്നാൽ അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്ന തുകയ്ക്ക് പരിധിയുണ്ടെങ്കിലും, ബാലൻസ് നിശ്ചിത പരിധിയ്ക്ക് താഴെയാണെങ്കിലും പിഴ ഈടാക്കില്ല.
വുമൺസ് സേവിങ്സ് അക്കൗണ്ട്
പ്രത്യേക ഫീച്ചറുകളുമായാണ് ഇത്തരം അക്കൗണ്ടുകൾ അക്കൗണ്ട് ഉടമയ്ക്കായി തുറന്നു നൽകുന്നത്. ചില വാങ്ങലുകളിൽ ഡിസ്‌കൗണ്ട്, ലോണുകളുടെ കുറഞ്ഞ പലിശ നിരക്ക്, ഡീമാറ്റ് അക്കൗണ്ട് ചാർജുകളിൽ ഇളവ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യക്കാർക്കും, ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കും പ്രവാസി ഇന്ത്യക്കാർക്കുമാണ് സേവിങ്സ് അക്കൗണ്ട് തുടങ്ങാനുള്ള യോഗ്യതയുള്ളത്. കൂടാതെ അക്കൌണ്ട് ഉടമകൾക്ക് 18 വയസ്സ് തികയുകയും വേണം. പാൻ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം), യൂട്ടിലിറ്റി ബിൽ എന്നിവയാണ് സേവിങ്സ് അക്കൗണ്ട് തുടങ്ങുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ.
ഇന്ത്യയിലെ വിവിധ സേവിങ്സ് അക്കൗണ്ട് ബാങ്കുകളിൽ പണം പിൻവലിക്കുന്നതിനും പണം കൈമാറ്റം ചെയ്യുന്നതിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അവ എങ്ങിനെയെന്ന് നോക്കാം.
ബാങ്കിന്റെ പേര്
പണം പിൻവലിക്കൽ പരിധി
പണം കൈമാറ്റ പരിധി
ആർബിഎൽ ബാങ്ക്
50,000 - 1.5 ലക്ഷം രൂപ
10,000 - 3 ലക്ഷം രൂപ
യെസ് ബാങ്ക്
25,000 - 1 ലക്ഷം രൂപ
1 ലക്ഷം - 3 ലക്ഷം രൂപ
കൊടക് മഹീന്ദ്ര ബാങ്ക്
40,000 - 2.5 ലക്ഷം രൂപ
50,000 - 4.5 ലക്ഷം രൂപ
ലക്ഷ്മി വിലാസ് ബാങ്ക്
10,000 - 1 ലക്ഷം രൂപ
-
എച്ച്ഡിഎഫ്സി ബാങ്ക്
25,000 - 1 ലക്ഷം രൂപ
2.75 ലക്ഷം - 3.5 ലക്ഷം രൂപ
ആക്സിസ് ബാങ്ക്
40,000-3 ലക്ഷം രൂപ
1 ലക്ഷം - 6 ലക്ഷം രൂപ
സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ പ്രത്യേകതകളും നേട്ടങ്ങളും
മിച്ചമുള്ള തുക നിക്ഷേപിക്കുന്നതിനുള്ള സുരക്ഷിത സ്ഥലമാണ് സേവിങ്സ് ബാങ്ക് അക്കൗണ്ട്
സേവിങ്സ് അക്കൗണ്ടുകളുകളിലെ ബാലൻസ് തുകയ്ക്ക് പലിശ ലഭിക്കും.
സേവിങ്സ് അക്കൗണ്ടുകളിലെ പലിശ നിരക്ക് 3.5 ശതമാനം മുതൽ 7 ശതമാനം വരെയാണ്.
ഇന്റർനെറ്റ് ബാങ്കിങും മൊബൈൽ ബാങ്കിങും ലഭ്യമാണ്.
അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് ബാങ്കുകൾ സാധാരണയായി ലോക്കർ റെന്റൽ സൗകര്യങ്ങളിൽ ഡിസ്‌കൗണ്ട് നൽകാറുണ്ട്.
മിക്ക ബാങ്കുകളും സേവ്ങ് അക്കൗണ്ട് ഉടമകൾക്ക് അപടകമോ മരണമോ സംഭവിച്ചാൽ ഇൻഷുറൻസ് കവറേജ് നൽകാറുണ്ട്.
നിങ്ങൾക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ എല്ലാ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാം.
ബാങ്കുകളിൽ മാത്രമല്ല നിങ്ങൾക്ക് പോസ്റ്റ് ഓഫീസുകളിലും സേവിങ്സ് അക്കൗണ്ടുകൾ തുറക്കാവുന്നതാണ്. പോസ്റ്റ് ഓഫീസിൽ തുറക്കാൻ കഴിയുന്ന ഒരു അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ട്. സാധാരണയായി ഒരു ബാങ്കിന് എല്ലാ നഗരങ്ങളിലും ശാഖകൾ ഉണ്ടാകണമെന്നില്ല, ആക്സസ് ചെയ്യാൻ എളുപ്പമല്ലാത്ത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വിദൂര നഗരങ്ങളിൽ പോലും പോസ്റ്റ് ഓഫീസുകൾ നിലവിലുണ്ട്. ഇന്ത്യൻ പൗരത്വമുള്ള ഒരു മുതിർന്ന വ്യക്തിക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാവുന്നതാണ്. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും ഈ അക്കൗണ്ട് തുറക്കാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.