Mutual Funds| സ്ഥിരനിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായി മ്യൂച്വൽ ഫണ്ടിൽ നിന്ന് സ്ഥിരവരുമാനം ലഭിക്കാത്തത് എന്തുകൊണ്ട്?
Mutual Funds| സ്ഥിരനിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായി മ്യൂച്വൽ ഫണ്ടിൽ നിന്ന് സ്ഥിരവരുമാനം ലഭിക്കാത്തത് എന്തുകൊണ്ട്?
സ്ഥിരനിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായി മ്യൂച്വൽ ഫണ്ടിൽ നിന്ന് സ്ഥിരവരുമാനം ലഭിക്കാത്തത് എന്തുകൊണ്ട്? മ്യൂച്വൽ ഫണ്ടിൽ നിന്ന് റിട്ടേൺസ് കണക്കാക്കുന്നത് എങ്ങനെ?
മ്യൂച്വൽ ഫണ്ടിൽ (Mutual Fund) നിന്ന് ലഭിക്കുന്ന വരുമാനം ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. നിക്ഷേപം നടത്തിയ മേഖലകൾ, വിപണിയിലെ മാറ്റങ്ങൾ, ഫണ്ട് മാനേജ്‌മെന്റ് സംഘത്തിന്റെ കഴിവ്, നിക്ഷേപം നടത്തിയ കാലയളവ് മുതലായവ അതിൽ ഉൾപ്പെടുന്നു. ഈ ഘടകങ്ങളിൽ പലതും എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്നതും അനിശ്ചിതത്വം പേറുന്നവയുമാണ്. അതുകൊണ്ടുതന്നെ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള വരുമാനത്തിലും ആ അനിശ്ചിതത്വം പ്രതിഫലിക്കും. സ്ഥിരനിക്ഷേപത്തെയാകട്ടെ ഒരു പരിധി വരെയെങ്കിലും ഈ ഘടകങ്ങൾ സ്വാധീനിക്കുന്നുമില്ല.
സ്ഥിരനിക്ഷേപത്തിൽ സ്ഥിരവരുമാനം ലഭിക്കും, പക്ഷേ അത് നിശ്ചിത കാലയളവിലേക്ക് മാത്രമായിരിക്കും. ഈ വരുമാനവും നിക്ഷേപത്തിന്റെ കാലാവധിയും തീരുമാനിക്കുന്നത് നിക്ഷേപകരായിരിക്കില്ല, മറിച്ച് സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്ന സ്ഥാപനമായിരിക്കും.
മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള വരുമാനം കണക്കാക്കുന്നത് എങ്ങനെ?
മറ്റ് അസറ്റ് ക്ലാസുകളുടെ കാര്യത്തിലെന്ന പോലെ, നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യത്തിൽ നിശ്ചിത കാലയളവിലുണ്ടാകുന്ന വളർച്ച പ്രാരംഭ നിക്ഷേപവുമായി താരതമ്യം ചെയ്തുകൊണ്ടാണ് മ്യൂച്വൽ ഫണ്ടിന്റെ കാര്യത്തിലും റിട്ടേൺസ് കണക്കാക്കുക. നെറ്റ് ആസ്തി മൂല്യമാണ് (NAV) നിങ്ങളുടെ മ്യൂച്വൽ ഫണ്ടിന്റെ വിലയുടെ സൂചിക. ഈ മൂല്യത്തെ ആധാരമാക്കിയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കണക്കാക്കുക. വാങ്ങിയ തീയതിയിലെയും വിൽപ്പന നടത്തിയ തീയതിയിലെയും നെറ്റ് ആസ്തി മൂല്യങ്ങളുടെ വ്യത്യാസമാണ് ഒരു നിശ്ചിതകാലയളവിലെ റിട്ടേൺ കണക്കാക്കാൻ ആധാരമായി സ്വീകരിക്കുക. നെറ്റ് ഡിവിഡന്റും നിക്ഷേപ കാലയളവിൽ ഫണ്ടിൽ നിന്നും മറ്റെന്തെങ്കിലും വരുമാനം ഉണ്ടെങ്കിൽ അതും ആകെ റിട്ടേൺ കണക്കാക്കുമ്പോൾ കൂട്ടിച്ചേർക്കും.
നെറ്റ് ആസ്തി മൂല്യത്തിലുണ്ടാകുന്ന വർദ്ധനവാണ് മ്യൂച്വൽ ഫണ്ടിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുക. ഫണ്ടിന്റെ പോർട്ട്ഫോളിയോയിൽ ഉൾപ്പെട്ടിട്ടുള്ള കമ്പനികളുടെ ഓഹരിവിലയിൽ നിന്നാണ് നെറ്റ് ആസ്തിമൂല്യം കണക്കാക്കുന്നത് എന്നതാണ് ഇതിന് കാരണം. എന്നാൽ ഇതിൽ ഓരോ ദിവസവും വ്യതിയാനങ്ങൾ ഉണ്ടാകുന്നു. നെറ്റ് ആസ്തി മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിക്ഷേപത്തിന്റെ വളർച്ചയ്‌ക്കോ നഷ്ടത്തിനോ കാരണമാകുന്നു. ഫണ്ട് ഹൗസ് നിങ്ങൾക്ക് നൽകുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റ്സിൽ നിന്ന് നിങ്ങളുടെ നിക്ഷേപത്തിന്റെ റിട്ടേൺ സംബന്ധിച്ച നില അറിയാൻ കഴിയും. നിങ്ങളുടെ പണമിടപാടുകളും നിക്ഷേപത്തിന്മേലുള്ള വരുമാനവും ഈ സ്റ്റേറ്റ്മെന്റ്സിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാകും.
ഏതൊക്കെ തരത്തിലുള്ള റിട്ടേൺസ് ആണ് മ്യൂച്വൽ ഫണ്ടിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുക?
മ്യൂച്വൽ ഫണ്ട് ഒരൊറ്റ ഉത്പന്നമല്ല. വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ നിലവിലുണ്ട്. ഈ ഓരോ മ്യൂച്വൽ ഫണ്ടിലും റിട്ടേൺ നിരക്കും വ്യത്യസ്തമായിരിക്കും. റിട്ടേണിന്റെ കാര്യത്തിൽ ഉയർന്ന അനിശ്ചിതത്വമുള്ള മ്യൂച്വൽ ഫണ്ടുകളും ഉണ്ട്. വിലയിൽ ഉയർന്ന ഏറ്റക്കുറച്ചിലുകൾ ഉള്ള വിപണിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നെറ്റ് ആസ്തി മൂല്യത്തിലും ഈ ഏറ്റക്കുറച്ചിലുകൾ പ്രതിഫലിക്കും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന ഗ്രോത്ത് ഫണ്ടുകൾ അതിന് ഉദാഹരണമാണ്. അതേസമയം വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയില്ലാത്ത വിപണിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നെറ്റ് ആസ്തി മൂല്യത്തിന് താരതമ്യേന സ്ഥിരത കൂടുതലായിരിക്കും. മണി മാർക്കറ്റിൽ നിക്ഷേപിക്കുന്ന ലിക്വിഡ് ഫണ്ടുകൾ അത്തരത്തിലുള്ളവയാണ്. ഇക്വിറ്റി ഫണ്ടിനെ അപേക്ഷിച്ച് ലിക്വിഡ് ഫണ്ടുകളിൽ അനിശ്ചിതത്വം കുറവായിരിക്കും. ഓരോ ഫണ്ടിന്റെയും സവിശേഷതകൾ പരിശോധിച്ച് തന്റെ ആവശ്യങ്ങളുമായി അത് പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പിച്ചതിനുശേഷം വേണം നിക്ഷേപകർ നിക്ഷേപം നടത്താൻ.
സ്ഥിരനിക്ഷേപവും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം
സ്ഥിരനിക്ഷേപത്തിന്റെ കാര്യത്തിൽ നിക്ഷേപ സമയത്തെ പലിശ നിരക്ക് നിക്ഷേപത്തിന്റെ കാലയളവിൽ ഉടനീളം സ്ഥിരമായി തുടരും. എന്നാൽ, ഈ സ്ഥിരത മ്യൂച്വൽ ഫണ്ടുകൾക്ക് ഉണ്ടാവില്ല. മ്യൂച്വൽ ഫണ്ടിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന പലിശ സ്ഥിരവരുമാനത്തെ അപേക്ഷിച്ച് കൂടുതലായിരിക്കുമെങ്കിലും ഈ ഉയർന്ന നിരക്ക് സ്ഥിരമായി തുടരും എന്ന് ഉറപ്പു പറയാൻ കഴിയില്ല. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള വരുമാനത്തെയും സ്വാധീനിക്കുമെന്ന് സാരം.
ആ അർത്ഥത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ പൊതുവെ അപകടസാധ്യത കൂടുതലാണെന്ന് പറയാം. കാരണം, വിപണിയിലെ ഉയർച്ച താഴ്ചകളാകും മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള റിട്ടേൺസിനെ സ്വാധീനിക്കുക. അതേസമയം വിപണിയിലെ ശക്തികൾക്ക് സ്ഥിരനിക്ഷേപത്തിൽ സ്വാധീനം ചെലുത്താൻ കഴിയില്ല.
വിവിധതരം മ്യൂച്വൽ ഫണ്ട് റിട്ടേൺസ്
ആബ്‌സല്യൂട്ട് റിട്ടേൺസ്: നിക്ഷേപത്തിൽ ഉണ്ടായ വർദ്ധനവോ കുറവോ ശതമാനക്കണക്കിൽ മനസിലാക്കാൻ സഹായിക്കുന്ന സൂചികയാണ് ആബ്‌സല്യൂട്ട് റിട്ടേൺസ്. ഈ മാറ്റത്തിനെടുത്ത കാലയളവ് എത്രയാണെന്ന് ഇവിടെ കണക്കാക്കില്ല. എന്നാൽ, ഒരു വർഷത്തിന് താഴെ കാലാവധിയുള്ള മ്യൂച്വൽ ഫണ്ടുകളുടെ വരുമാനം കണക്കാക്കാനാണ് ഈ മാർഗം ഉപയോഗിക്കാറുള്ളത്. കാലാവധി ഒരു വർഷത്തിൽ കൂടുതലാണെങ്കിൽ വാർഷിക റിട്ടേൺസ് ആണ് കണക്കാക്കേണ്ടത്. ഉദാഹരണത്തിന്, നിക്ഷേപത്തിന് നിലവിൽ വിപണിയിലുള്ള വില 4,00,000 ആണെന്ന് കരുതുക. പ്രാരംഭ നിക്ഷേപം 2,50,000 ആണെങ്കിൽ ആബ്‌സല്യൂട്ട് റിട്ടേൺസ് 60% ആയിരിക്കും [(4, 00,000-2, 50,000)/2, 50,000)*100].
വാർഷിക റിട്ടേൺസ്: പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിക്ഷേപത്തിന്റെ മൂല്യത്തിൽ ഓരോ വർഷവും ഉണ്ടാകുന്ന വളർച്ചയെ അടിസ്ഥാനമാക്കിയാണ് വാർഷിക റിട്ടേൺസ് കണക്കാക്കുക. ഉദാഹരണത്തിന്, നിങ്ങൾ ഒരു ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും മൂന്ന് വർഷം കൊണ്ട് അത് 1.4 ലക്ഷമായി വർദ്ധിച്ചു എന്നും കരുതുക. എങ്കിൽ, നിങ്ങളുടെ ആബ്‌സല്യൂട്ട് റിട്ടേൺസ് 40 ശതമാനവും വാർഷിക റിട്ടേൺസ് 11.9 ശതമാനവും ആയിരിക്കും.
ആകെ റിട്ടേൺ: നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് ആകെ ലഭിച്ച റിട്ടേൺസ് ആണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ലാഭവിഹിതവും മൂലധന നേട്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ ഒരു ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയെന്നും അതിന്റെ നെറ്റ് ആസ്തി മൂല്യം 20 രൂപയാണെന്നും കരുതുക. അതിനർത്ഥം നിങ്ങൾ 5000 യൂണിറ്റുകൾ വാങ്ങി എന്നാണ്. ഒരു വർഷത്തിന് ശേഷം നെറ്റ് ആസ്തി മൂല്യം 22 രൂപയായി വർദ്ധിച്ചാൽ ആകെ യൂണിറ്റുകളുടെ മൂല്യം 1.1 ലക്ഷമായി വർദ്ധിക്കും. ഇവിടെ നിങ്ങളുടെ മൂലധന നേട്ടം 10,000 രൂപയാണ്. ആ ഒരു വർഷക്കാലയളവിൽ ഓരോ യൂണിറ്റിനും 2 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിക്കപ്പെട്ടാൽ ആകെ ലാഭവിഹിതം 10,000 രൂപയായിരിക്കും. അപ്പോൾ ലാഭവിഹിതവും മൂലധന നേട്ടവും ചേർന്നാൽ നിങ്ങളുടെ ആകെ റിട്ടേൺസ് 20,000 രൂപ അഥവാ 20 ശതമാനം ആയിരിക്കും.
ട്രെയിലിങ് റിട്ടേൺ: ഇന്ന് അവസാനിക്കുന്ന ഒരു നിശ്ചിത ട്രെയിലിങ് കാലാവധിയുടെ വാർഷിക റിട്ടേൺസ് ആണ് ട്രെയിലിങ് റിട്ടേൺ. ട്രെയിലിങ് റിട്ടേൺ കണക്കാക്കാനുള്ള സൂത്രവാക്യം ഇതാണ്: (ഇന്നത്തെ NAV/ട്രെയിലിങ് കാലാവധിയുടെ തുടക്കത്തിലേ NAV) ^ (1/ട്രെയിലിങ് കാലാവധി) - 1. ഒരു മ്യൂച്വൽ ഫണ്ട് പദ്ധതിയുടെ നെറ്റ് ആസ്തി മൂല്യം ഇന്ന് 100 രൂപയും മൂന്ന് വർഷം മുമ്പ് 60 രൂപയും ആയിരുന്നെങ്കിൽ മൂന്ന് വർഷത്തെ ട്രെയിലിങ് റിട്ടേൺസ് 18.6 ശതമാനം ആണ്.
പോയിന്റ് റ്റു പോയിന്റ് റിട്ടേൺ: ഒരു മ്യൂച്വൽ ഫണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്ത തീയതികൾക്കിടയിലെ വാർഷിക റിട്ടേൺസ് ആണ് പോയിന്റ് റ്റു പോയിന്റ് റിട്ടേൺ.
റോളിങ് റിട്ടേൺസ്: ഒരു നിശ്ചിത കാലയളവിലെ വാർഷിക റിട്ടേൺസ് ആണ് റോളിങ് റിട്ടേൺസ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.