'നീയും ഞാനും മാത്രമല്ല, ആരും അത് ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ഒരു സാമൂഹ്യ പ്രതിബദ്ധതയുടെ മാത്രം വിഷയമല്ല'

Last Updated:

ലവലേശം കുറ്റബോധം ഇല്ലാതെ പെറ്റമ്മയെ പോലും കശാപ്പ് ചെയ്യുന്ന ഇവരൊക്കെ മനുഷ്യർ തന്നെ ആണോ? ശരിയാണ് - അവരും നമ്മളെ പോലെ ഉള്ള മനുഷ്യർ തന്നെ ആയിരുന്നിരിക്കണം ഒരു കാലത്ത്. പക്ഷേ പരിണാമം സംഭവിച്ചു - തലച്ചോറിന്റെ ചില ഭാഗങ്ങളിൽ - മയക്കുമരുന്നു മൂലം.

ഡോ. ശ്യാം കൃഷ്ണൻ
അമ്മയെ മകൻ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു.
മകന്റെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്ന സ്ത്രീ മരിച്ചു.
22 വയസ്സുള്ള കൂട്ടുകാരനെ കൊന്ന് ചാക്കിലാക്കി ഫ്ലാറ്റിന്റെ പ്ലംബിംഗ് ഡക്ടിൽ തള്ളി.
39 വയസ്സുള്ള സ്ത്രീ അമ്മയെയും അച്ഛനെയും ഭക്ഷണത്തിൽ എലിവിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. അമ്മ മരിച്ചു. അച്ഛൻ ഭാഗ്യത്തിന് രക്ഷപെട്ടു.
കഴിഞ്ഞ മൂന്നേ മൂന്ന് ദിവസത്തിൽ കേരളത്തിനെ പല ഭാഗങ്ങളിൽ നിന്ന് വന്ന വാർത്തകളാണ്.
advertisement
എല്ലാറ്റിന്റെയും ( അവസാന വാർത്ത ഒഴികെ - അതിലും ചില സംശയങ്ങൾ ഇല്ലാതില്ല ) ഒടുവിൽ ഒരു ചെറിയ സെന്റൻസ് ഉണ്ട് പൊതു ഘടകമായിട്ട് :
" പ്രതി മയക്കുമരുന്നിന് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു"
അമ്മയോട് എന്നത് പോയിട്ട് കൂട്ടുകാരോടു പോലും കയർത്ത് സംസാരിക്കേണ്ടി വന്നാൽ നമുക്കൊക്കെ കുറച്ച് കഴിയുമ്പോൾ പശ്‌ചാത്താപം തോന്നും.
അപ്പോൾ ലവലേശം കുറ്റബോധം ഇല്ലാതെ പെറ്റമ്മയെ പോലും കശാപ്പ് ചെയ്യുന്ന ഇവരൊക്കെ മനുഷ്യർ തന്നെ ആണോ?
advertisement
ശരിയാണ് - അവരും നമ്മളെ പോലെ ഉള്ള മനുഷ്യർ തന്നെ ആയിരുന്നിരിക്കണം ഒരു കാലത്ത്. പക്ഷേ പരിണാമം സംഭവിച്ചു - തലച്ചോറിന്റെ ചില ഭാഗങ്ങളിൽ - മയക്കുമരുന്നു മൂലം.
സിനിമ കാണുക, നല്ല ഭക്ഷണം കഴിക്കുക, പാട്ടുകേൾക്കുക, കുട്ടികളുടെ കൂടെ സമയം ചെലവിടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഒരു സന്തോഷം തോന്നുന്നത്? അച്ഛനമ്മമാരോ ഭാര്യയോ കുട്ടികളോ ആയി വഴക്ക് ഉണ്ടായാൽ എന്തുകൊണ്ടാണ് വിഷമം തോന്നുന്നത്?
തലച്ചോറിന്റെ ഉൾഭാഗത്ത് limbic system ( ലിംബിക് സിസ്റ്റം) എന്നൊരു പ്രദേശമുണ്ട്. നല്ലത് (എന്ന് തലച്ചോറിന് തോന്നുന്നത് ) കണ്ടാൽ പ്രോത്സാഹിപ്പിക്കാനും (rewarding) ചീത്തയായത് നിരുത്സാഹപ്പെടുത്താനുമുള്ള (punishment) ഒരു സംവിധാനം ഇതിന്റെ ചില ഭാഗങ്ങളിൽ ഉണ്ട് - reward system - റിവാർഡ് സിസ്റ്റം എന്ന് പറയും ഇതിന്.
advertisement
നല്ലത് എന്നതുകൊണ്ട് ഉദേശിക്കുന്നത് വ്യക്തിയുടെയും അതോടൊപ്പം സ്പീഷീസിന്റെയും (സാമൂഹ്യ ജീവി ആയ മനുഷ്യന്റെ കേസിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂടി ) നിലനിൽപിന് സഹായിക്കുന്നത് എന്തും - ഉദാഹരണം നല്ല ഭക്ഷണം, സെക്സ്, കുടുംബ / സമൂഹ ബന്ധങ്ങൾ നിലനിർത്തുന്ന പ്രവർത്തികൾ തുടങ്ങിയവ. ചീത്ത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നേരെ തിരിച്ച് ഉള്ളവ - ആരോഗ്യത്തിനും ജീവനും സാമൂഹ്യ ബന്ധങ്ങൾക്കും വിഘാതമാവുന്നവ.
advertisement
"ഡോപ്പമീൻ" (dopamine) എന്ന ഒരു രാസ വസ്തു (neurotransmitter) വിന്റെ ലിംബിക് സിസ്റ്റത്തിലെ ലവൽ ആണ് ഒരു പ്രവർത്തി അഥവാ സാഹചര്യം കൊണ്ട് നമുക്ക് ഉണ്ടാകുന്ന ഫീലിങ് "സംതൃപ്തി / ഹാപ്പിനസ്" ആണോ അതോ ഡിസ്ട്രസ് അഥവാ "അസ്വസ്ഥത" ആണോ എന്ന് തീരുമാനിക്കുന്ന ഘടകം. (അതുകൊണ്ടു തന്നെ ചിലർ ഇതിനെ pleasure hormone എന്നും വിളിക്കാറുണ്ട് )
അടിസ്ഥാനപരമായി ഒരു ചെറിയ അളവിൽ ഡോപ്പമീന്റെ സാന്നിധ്യം എപ്പോഴും ലിംബിക് സിസ്റ്റത്തിൽ ഉണ്ട്. നിലനിൽപിന് ഉതകുന്നതും കരണീയവുമെന്ന് തലച്ചോർ ജഡ്ജ് ചെയ്യുന്ന ഒരു കാര്യം സംഭവിക്കുമ്പോൾ , അല്ലെങ്കിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടാവുമ്പോൾ (നല്ല ഭക്ഷണം, ഊഷ്മള ബന്ധങ്ങൾ, സെക്സ് തുടങ്ങി അനവധി ഉദാഹരണങ്ങൾ ഉണ്ട് ) ഡോപ്പമിന്റെ അളവ് ഉയരും. അപ്പോൾ ഒരു "feel good" അവസ്ഥ ഉണ്ടാവും; ഇത് അങ്ങനെ ഉള്ള പ്രവർത്തികളെ വീണ്ടും ചെയ്യാനുള്ള ഒരു പ്രേരക ശക്തി ആവും.
advertisement
തിരിച്ചും - അതായത് നിലനിൽപിനെയും സാമൂഹ്യ ബന്ധങ്ങളെയുമൊക്കെ മോശമായി ബാധിക്കുന്ന ഒരു കാര്യം സംഭവിക്കുമ്പോൾ (ഉദാ:വേണ്ടപ്പെട്ടവരുമായി വഴക്ക് ഉണ്ടാകുക, ശിക്ഷ കിട്ടുക ) ലിംബിക് സിസ്റ്റത്തിന്റെ ഈ ഭാഗങ്ങളിലെ ഡോപ്പമീന്റെ അളവ് കുറയുകയും അത് ഒരു distress signal , അതായത് അസ്വസ്ഥത ആയി അനുഭവപ്പെടുകയും ചെയ്യും. അത്തരം സാഹചര്യം ഭാവിയിൽ ഒഴിവാക്കാൻ നാം ശ്രമിക്കും. ചുരിക്കി പറഞ്ഞാൽ കരണീയമായ കാര്യങ്ങൾ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും നമുക്ക് ഉപദ്രവമായിത്തീർന്നേക്കാവുന്ന സാഹചര്യങ്ങളെ നിരുത്സാഹപ്പെടുത്താനുമുള്ള ഒരു സംവിധാനമാണ് ഇത്.
advertisement
മിക്ക മയക്കുമരുന്നുകളും ചെയ്യുന്നത് ഈ സംവിധാനത്തെ തകരാറിലാക്കുക എന്നതാണ്. ഇത്തരം ലഹരിവസ്തുക്കൾ ലിംബിക് സിസ്റ്റത്തിൽ ആദ്യമാദ്യം ഡോപ്പമീന്റെ ഒരു കുതിച്ചു കയറ്റം - surge - ഉണ്ടാക്കും - കൃത്രിമമായി. "Feel good" സെൻസേഷന്റെ ഒരു മൂർധന്യാവസ്ഥ . ഇത് പല തവണ ഉണ്ടാകുമ്പോൾ രണ്ടു മാറ്റങ്ങൾ ലിംബിക് സിസ്റ്റത്തിൽ സംഭവിക്കും. മറ്റെല്ലാ സ്വാഭാവികമായ റിവാർഡിങ് സാഹചര്യങ്ങളിലും ഡോപ്പമീൻ ലവലിൽ ഉണ്ടാകേണ്ട വർദ്ധന മുരടിക്കും എന്നതാണ് ഒന്നാമത്തെത്. അതായത് സാധാരണ ഒരു മനുഷ്യന് സന്തോഷവും സംതൃപ്തിയും തരുന്നതെല്ലാം ഇവർക്ക് totally irrelevant, അപ്രധാനം, ആകും - ഭക്ഷണം, കുടുംബ ബന്ധങ്ങൾ എല്ലാം. നെഗറ്റീവ് കാര്യങ്ങൾ സംഭവിക്കുമ്പോൾ ഉണ്ടാകേണ്ട ഡോപ്പമീൻ ലവലിലെ കുറവ് ഇല്ലാതാവും എന്നതാണ് രണ്ടാമത്തേത്. അതായത് വേണ്ടപ്പെട്ടവരിൽ നിന്നോ സമൂഹത്തിന്റെ ഭാഗത്തു നിന്നോ ഉണ്ടാകുന്ന ഒരു വിധ ശാസന / ശിക്ഷാ നടപടികളും ഇവരെ ബാധിക്കില്ല.
ചുരുക്കി പറഞ്ഞാൽ അവരുടെ ഒരേ ഒരു സന്തോഷം മയക്കുമരുന്ന് മാത്രമായി മാറും; മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ മയക്കുമരുന്നിനായി മാത്രം കാത്തിരിക്കുന്ന, അതിനു തടസ്സമായിക്കാണുന്ന എന്തിനെയും നിർദാക്ഷിണ്യം അരിഞ്ഞു തള്ളാൻ തയ്യാറുള്ള ഒരു പ്രത്യേക ജനുസ്സിലേക്ക് അവർക്ക് പരിണാമം സംഭവിക്കും.
ഏതാനും ആഴ്ചകൾക്കുമുൻപ് മകനെയും കൊണ്ട് കൺസൾട്ടേഷന് വന്ന ഒരു സാധുവിന്റെ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. മാനസിക വിഭ്രാന്തിക്കുള്ള antipsychotic മരുന്നുകൾ കഴിക്കുന്ന ചിലരിൽ ഉണ്ടാകുന്ന പാർശ്വ ഫലമായ ഒരുതരം ചലന വൈകല്യം - ടാർഡീവ് ഡിസ്കൈനേസിയ - എന്ന പ്രശ്നത്തിന്റെ ചികിത്സയ്ക്ക് ആണ് അയാൾ വന്നത് - മകൻ ആയിരുന്നു രോഗി. ഡീ-അഡിക്ഷൻ സെന്ററിൽ അമിതമായ രീതിയിൽ ആക്രമണ സ്വഭാവം കാണിച്ചതിനാലാണ് മാനസിക വിഭ്രാന്തിക്കുള്ള മരുന്നുകൾ കൊടുക്കേണ്ടി വന്നത്.
മകന് 23 വയസ് ഉണ്ട്. അച്ഛന് അൻപതിന് മേൽ ആയി കാണണം. കണ്ടാൽ ഒരു 70 തോന്നും.
ചെക്കൻ ചികിത്സയ്ക്ക് ഒന്നും തയ്യാറല്ലത്രേ. ഞാൻ എഴുതിക്കൊടുത്ത മരുന്നും കഴിക്കുമെന്ന് വലിയ പ്രതീക്ഷ ഇല്ല.
കോളജിൽ പഠിക്കാൻ പോയ മകൻ ഈ അവസ്ഥയിൽ എങ്ങനെ ആയി എന്ന് അച്ഛനോട് ഒന്ന് ചോദിക്കാതിരിക്കാൻ പറ്റിയില്ല. അനാവശ്യ കാര്യങ്ങളിൽ മൂക്ക് ഇടലാണ് ആ ചോദ്യം എന്ന് അറിയാമായിരുന്നെങ്കിലും.
അച്ഛന് വാ തുറക്കാൻ പറ്റും മുൻപ് അച്ഛനെ വിരൽ ചൂണ്ടി ചെക്കൻ ഗർജിച്ചു : "ഇയാൾ , ഇയാൾ ഒരുത്തനാണ് എന്റെ ലൈഫ് നശിപ്പിച്ചത്... ഞാൻ പഠിക്കാൻ പോയ കേളേജിൽ നിന്ന് എന്നെ ബലമായി പിടിച്ച് വട്ടൻമാരെ ചികിത്സിക്കുന്നിടത്താക്കി... എന്റെ കരിയർ നശിപ്പിച്ചു... എന്നെ തിരികെ കോളജിൽ പോകാൻ സമ്മതിക്കുന്നില്ല"
അപ്പോ അനിയാ , നീ ഇതുവരെ കഞ്ചാവും ഒന്നും ഉപയോഗിച്ചിട്ടില്ലേ... അച്ഛൻ പറയുന്നത് കള്ളമാണോ ?
" അത് ഇയാളും ഇയാളുടെ ഭാര്യയും (ഇയാളുടെ ഭാര്യ - ലവന്റെ പെറ്റമ്മയെയാണ് ഉദ്ദേശിച്ചത്!) കൂടി എന്നോട് ചെയ്തതിന്റെ ഒക്കെ ടെൻഷൻ കൊണ്ട് ഉപയോഗിച്ചതാ"
പക്ഷേ അനിയാ , സീക്വൻസ് അത്ര ശരിയാകുന്നില്ലല്ലോ! അപ്പോ ഡീ അഡിക്ഷന് പോയതിന് ശേഷമാണോ നീ കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങിയത്? അപ്പോ പിന്നെ ഡീ അഡിക്ഷന് പോയത് എന്തിനാ ?
ഉത്തരം മുട്ടിച്ചതിന്റെ പകയോടെ ഒരു നിമിഷം എന്റെ മുഖത്ത് നോക്കായിട്ട് അവൻ പഴയ പല്ലവി തുടർന്നു..." ഇയാളും അവരും കൂടെ എന്റെ ജീവിതം നശിപ്പിച്ചു ...."
അവന്റെ അണപ്പല്ല് അടിച്ചു തെറിപ്പിക്കാൻ വലതു കൈയിലേക്ക് ഇരച്ചു കയറിയ രക്തപ്രവാഹത്തെ കഷ്ടപ്പെട്ടു തടഞ്ഞു കൊണ്ട് ഞാൻ ആ അച്ഛന്റെ മുഖത്ത് നോക്കി. നിസഹായതയും നിർവികാരതയും സമ്മിശ്രമായ ഒരു ഭാവം...
പലതവണ ചികിത്സയ്ക്ക് ശേഷം കോളജിൽ വിടാൻ ശ്രമിച്ചതാണ്. പക്ഷേ ഓരോ തവണയും വീണ്ടും അവൻ മയക്കുമരുന്നിന്റെ വലയിലേക്ക് തിരികെ വീണു.
വീട്ടിലായിരിക്കുമ്പോൾ പോലും അയാളുടെയും അവന്റെ അമ്മയുടെയും കണ്ണുവെട്ടിച്ച് അവന് "സാധനം" എത്തിച്ച് കൊടുക്കാൻ ആളുണ്ടത്രെ!
അയാൾക്ക് എന്തോ ചെറിയ ബിസിനസ് ആയിരുന്നു. വേറെ രണ്ടു മക്കൾ കൂടി ഉണ്ട്. ഇവൻ ഇങ്ങനെ ആയതോടെ ബൈബിൾ വചനത്തിലെ കൂട്ടം തെറ്റിയ കുഞ്ഞാടിനെ സംരക്ഷിക്കുന്ന ഇടയനെ പോലെ മറ്റെല്ലാം ഉപേക്ഷിച്ച് ഇവനെ രക്ഷിച്ച് എടുക്കാനുള്ള തത്രപ്പാടിലാണ്. ഒന്നും ശ്രദ്ധിക്കാത്തതു കൊണ്ട് ബിസിനസ് ഒക്കെ പൊളിയാറായി...
അവന് അവനു വേണ്ടി ജീവിക്കുന്ന ആ അച്ഛനോ അമ്മയോ, സഹോദരങ്ങളോ കൂട്ടുകാരോ ഒന്നും ഇന്ന് ആരുമല്ല. " അത്" അല്ലാതെ മറ്റൊന്നും അവന് സന്തോഷം കൊടുക്കുന്നുമില്ല. ആദ്യം സൂചിപ്പിച്ചതു പോലെ ഉള്ള വാർത്തകൾ ഒക്കെ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ആണ് ഉണ്ടാവുന്നത്.
സ്റ്റീഫൻ നെടുമ്പള്ളിയുടെ വാക്കുകൾ കടമെടുത്താൽ - "നാർകോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ് ... അത് ഞാൻ ചെയ്യില്ല... നീയും ചെയ്യില്ല..!" നീയും ഞാനും മാത്രമല്ല, ആരും അത് ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ഒരു സാമൂഹ്യ പ്രതിബദ്ധതയുടെ മാത്രം വിഷയമല്ല, നമ്മൾ ഓരോരുത്തരുടെയും ജീവന്റെയും സുരക്ഷ യുടെയും വിഷയമാണ്. Zero tolerance പോളിസി കർശനമായി വേണ്ട ഒന്ന്.
(തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കല്‍ സയൻസസിലെ ന്യൂറോളജി വിഭാഗം പ്രൊഫസറാണ് ലേഖകൻ)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'നീയും ഞാനും മാത്രമല്ല, ആരും അത് ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ഒരു സാമൂഹ്യ പ്രതിബദ്ധതയുടെ മാത്രം വിഷയമല്ല'
Next Article
advertisement
പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ഇനി എളുപ്പത്തിലറിയാം 'പാസ്ബുക്ക് ലൈറ്റ്'
പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ഇനി എളുപ്പത്തിലറിയാം 'പാസ്ബുക്ക് ലൈറ്റ്'
  • പിഎഫ് അംഗങ്ങള്‍ക്ക് പാസ്ബുക്ക് ലൈറ്റ് വഴി അക്കൗണ്ട് വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാം.

  • പിഎഫ് അക്കൗണ്ട് മാറ്റം ഓണ്‍ലൈനായി അനക്‌സര്‍ കെ ഡൗണ്‍ലോഡ് ചെയ്ത് ട്രാക്ക് ചെയ്യാം.

  • നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങളറിയുന്നത്

View All
advertisement