ഏത് കോവിഡ് വാക്സിനുകളാണ് കുട്ടികൾക്ക് ലഭിക്കുക? കുത്തിവയ്പ്പാണോ നേസൽ സ്പ്രേയാണോ നല്ലത്? ചോദ്യങ്ങളും ഉത്തരങ്ങളും
- Published by:Rajesh V
- news18-malayalam
Last Updated:
SARS കുടുംബത്തിൽപ്പെട്ട കൊറോണ വൈറസ് കുട്ടികളിൽ കൂടി അതിവേഗം പടരുമെന്നാണ് പറയപ്പെടുന്നത്. എങ്കിലും, വാക്സിനുകൾ കൊറോണ വൈറസിന്റെ വ്യാപനത്തെ തടഞ്ഞേക്കാമെന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ, ലോകമെമ്പാടുമുള്ള നിരവധി വിദഗ്ധർ, കുട്ടികൾക്കും കൗമാരക്കാർക്കും കോവിഡ് 19 നുള്ള പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്.
ഡോ. സീബ സകാഉർ റബ്ബ്
നൂറ്റിമുപ്പത് കോടിയിലധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഈ ജനസംഖ്യയുടെ ഏകദേശം 35.29 ശതമാനം 20 വയസ്സിന് താഴെയുള്ളവരാണ്. ഏതൊരു രാജ്യത്തെയും സംബന്ധിച്ചിടത്തോളം, നൂറ് കോടിയിലധികം ആളുകൾക്ക് രണ്ട് ഡോസ് വാക്സിനേഷൻ നൽകുക ഒരു വലിയ വെല്ലുവിളി തന്നെയാണ്.
ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കോവിഡ് 19 രണ്ടാം തരംഗം ഇപ്പോഴും വ്യാപിക്കുകയാണ്. ഇനി വരാനിരിക്കുന്ന മൂന്നാം തരംഗം മുന്നത്തേക്കാൾ മാരകമായിരിക്കും എന്നാണ് ആരോഗ്യ വിദഗ്ദരുടെ പ്രവചനങ്ങൾ. ഒപ്പം മൂന്നാം തരംഗം കൂടുൽ ബാധിക്കുക കുട്ടികളെയാണെന്നും പറയപ്പെടുന്നു. ഇത് കൂടുതൽ ആളുകളെ ആശങ്കപ്പെടുത്തുകയാണ്. എങ്കിലും, ഇത്തരം പ്രവചനങ്ങളെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് നിലവിൽ കേൾക്കുന്നത്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) പറയുന്നതനുസരിച്ച്, പ്രായമായവരെപ്പോലെ കുട്ടികളും കോവിഡ് അണുബാധയ്ക്ക് ഇരയാകുന്നുണ്ടെങ്കിലും, മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകേണ്ടതില്ല. കോവിഡ് 19 അണുബാധയുണ്ടാകുന്ന മിക്ക കുട്ടികൾക്കും മൂന്നാം തരംഗത്തിൽ കടുത്ത രോഗം ബാധിക്കുമെന്നതിന് തെളിവുകളൊന്നും ഇല്ലെന്നും അക്കാദമി ഓഫ് പീഡിയാട്രിക്സ് പറയുന്നു. രണ്ടാമത്തെ തരംഗം അവസാനിച്ചതിനുശേഷം, കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചില്ലെങ്കിൽ, മൂന്നാമത്തെ തരംഗത്തിൽ അത് രോഗപ്രതിരോധ ശേഷിയില്ലാത്ത വ്യക്തികളെയും കുട്ടികളെയും മാരകമായിത്തന്നെ ബാധിക്കാൻ സാധ്യതയുണ്ടെന്നും അക്കാദമി ഓഫ് പീഡിയാട്രിക്സ് മുന്നറിയിപ്പ് നൽകുന്നു.
advertisement
നൂറ് രാജ്യങ്ങളിൽ നിന്നുള്ള കോവിഡ് 19 ഡാറ്റ പ്രകാരമുള്ള യുണിസെഫ് റിപ്പോർട്ട് അനുസരിച്ച്, 2020 ജനുവരി മുതൽ 2021 മാർച്ച് വരെ മൊത്തം എട്ട് കോടി കേസുകളിൽ ഏകദേശം ഒരു കോടിയിലധികം (13 ശതമാനം) ശിശുരോഗ കേസുകളാണ്. 78 രാജ്യങ്ങളിലെ കണക്കുകൾ അനുസരിച്ച് കോവിഡ് 19 ബാധിച്ച് രണ്ട് കോടിയിലധികം ആളുകൾ മരിച്ചിട്ടുമുണ്ട്. ഇതിൽ 6800 ൽ അധികം കുട്ടികളും കൗമാരക്കാരും ആണ്.
കുട്ടികളിലെ മൾട്ടിസിസ്റ്റം ഇൻഫ്ലേമറ്ററി സിൻഡ്രോം (MIS-C) പോലുള്ള ഗുരുതരമായ രോഗങ്ങളും സങ്കീർണതകളും ഒഴിച്ച്, കോവിഡ് 19 അണുബാധയുടെ ആഘാതം മുതിർന്നവരെയും പ്രായമായവരെയും ബാധിക്കുന്നതുപോലെ കുട്ടികളിൽ ബാധിക്കില്ല.
advertisement
SARS കുടുംബത്തിൽപ്പെട്ട കൊറോണ വൈറസ് കുട്ടികളിൽ കൂടി അതിവേഗം പടരുമെന്നാണ് പറയപ്പെടുന്നത്. എങ്കിലും, വാക്സിനുകൾ കൊറോണ വൈറസിന്റെ വ്യാപനത്തെ തടഞ്ഞേക്കാമെന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ, ലോകമെമ്പാടുമുള്ള നിരവധി വിദഗ്ധർ, കുട്ടികൾക്കും കൗമാരക്കാർക്കും കോവിഡ് 19 നുള്ള പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്. കാരണം അതിവേഗം പടരുന്ന കൊറോണ വൈറസ് വേരിയന്റുകളും ഉയർന്നുവരുന്നുണ്ട്.
പ്രായപൂർത്തിയായവർക്കിടയിൽ വാക്സിനേഷൻ പൂർത്തികരിച്ചാലും, വാക്സിനെ അതിജീവിക്കാൻ കഴിയുന്ന പുതിയ വൈറസുകളും വ്യാപനവും ഉണ്ടാകാൻ ഉള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട്, പ്രായപൂർത്തി ആയവർ കൂടാതെ പതിനെട്ട് വയസിൽ താഴെയുള്ളവർക്കും കൂടി വാക്സിനേഷൻ നൽകി വൈറസിൻ്റെ വ്യാപന പാതകളെ തടയേണ്ടതുണ്ട്. ഇല്ലെങ്കിൽ, സമീപഭാവിയിൽ കുട്ടികളിലൂടെയും കൌമാരക്കാരിലൂടെയും ആയിരിക്കും ഏറ്റവും അധികം വ്യാപനം ഉണ്ടാവുക.
advertisement
പകർച്ചവ്യാധിയുടെ മേൽ നിയന്ത്രണം നേടിയതോടെ ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളും തങ്ങളുടെ വിപണികൾ, ബിസിനസുകൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവ ഉടൻ തുറക്കാൻ സാധ്യതയുണ്ട്. ഇത്തരം നടപടികൾ കൈക്കൊള്ളുന്നതിനുമുമ്പ്, കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പിന്തുടരുന്നത് പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. അതുപോലെ തന്നെ വ്യാപനത്തിന് കാരണമാകുന്ന എല്ലാ പ്രായത്തിലുള്ളവർക്കും പ്രതിരോധശേഷി കൈവരിക്കുന്നതിന് വാക്സിനേഷൻ നൽകേണ്ടത് അത്യാവശ്യമാണ്.
advertisement
വ്യാപകമായ പ്രതിരോധ കുത്തിവയ്പ്പ്, മഹാമാരി തടയാൻ സഹായിക്കുന്ന ഒരു നിർണായക ഘടകമാണ്. 12 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് നൽകണം എന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) പറയുന്നു.
കുട്ടികളാണെങ്കിലും അവരും ഓരോ വ്യക്തികളാണ്. നാളത്തെ തലമുറയാണ്. ചെറുപ്പക്കാരിലും മുതിർന്ന ജനസംഖ്യയിലും നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച വിവരങ്ങൾ വിശദീകരിക്കാൻ നിലവിൽ സാധ്യമായിട്ടില്ല. വാക്സിനുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ ഇത് ശരിവക്കുന്നതുമാണ്. ഒരു വാക്സിൻ ഉപയോഗിക്കുന്നതിന്, ഉപയോഗ യോഗ്യതയും അല്ലെങ്കിൽ മതിയായ സുരക്ഷയും, നിലവാരവും ഉണ്ടെന്നുള്ളതിനുള്ള തെളിവുകളുടെ അഭാവത്തിൽ, രോഗപ്രതിരോധ ശേഷി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞിന് വാക്സിനേഷൻ നൽകുന്നതിനെ സംബന്ധിച്ചുള്ള സംശയങ്ങളും നിരവധിപേർ ഉയർത്തുന്നു. ലോകാരോഗ്യ സംഘടനയും ഈ ചോദ്യത്തിന് പിന്തുണ നൽകിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ, ജനീവയിൽ നടന്ന ഒരു വെർച്വൽ കോൺഫറൻസിൽ സംസാരിച്ച ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ചില രാജ്യങ്ങൾ കുട്ടികൾക്കും കൗമാരക്കാർക്കും കുത്തിവയ്പ് നൽകാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലായെങ്കിലും, ഇപ്പോൾ തന്നെ ഈ തീരുമാനം പുനപരിശോധിക്കാൻ അവരെ പ്രേരിപ്പിക്കുമെന്നും പറഞ്ഞു. സമ്പന്ന രാജ്യങ്ങൾ കുട്ടികൾക്കും കൗമാരക്കാർക്കും കോവിഡ് വാക്സിനുകൾ നൽകാനുള്ള പദ്ധതികൾ മാറ്റിവയ്ക്കുകയും പകരം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് വാക്സിൻ സംഭാവന ചെയ്യുകയും വേണമെന്നും ഗെബ്രിയേസസ് പറഞ്ഞു.
advertisement
കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ: നിലവിലെ സ്ഥിതി
12 മുതൽ 15 വയസ് വരെ പ്രായമുള്ളവർക്ക് നൽകാൻ ഇതുവരെ അംഗീകാരം ലഭിച്ച ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ ആണ് ഫൈസർ-ബയോടെക് കോവിഡ് -19 വാക്സിൻ (എംആർഎൻഎ കോവിഡ് -19 വാക്സിൻ). മുതിർന്നവർക്ക് നൽകുന്നതു പോലെ തന്നെയാണ് കുട്ടികൾക്കും നൽകുന്നത്. രണ്ട് ഷോട്ടുകൾ മൂന്ന് ആഴ്ച (21 ദിവസം) വ്യത്യാസത്തിൽ നൽകുന്നു. മാർച്ച് 31 ന് ഫൈസർ-ബയോടെക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, 12 മുതൽ 15 വയസ്സിനിടയിലുള്ള 2,260 കുട്ടികൾ ഉൾപ്പെടുന്ന മൂന്നാം ഘട്ട പഠനത്തിൽ വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് പറയുന്നു. നിലവിൽ, ആറ് മാസം മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ കമ്പനി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഈ വർഷാവസാനം ഈ പ്രായപരിധിയിലുള്ളവർക്കുള്ള വാക്‌സിനായി എമർജൻസി യൂസ് ഓതറൈസേഷൻ (ഇയുഎ) ലഭിച്ചേക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
advertisement
കാനഡയാണ് മെയ് അഞ്ചിന്, 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്കായി ഫൈസർ വാക്സിൻ നൽകാൻ അംഗീകരിച്ച ആദ്യത്തെ രാജ്യം. തുടർന്ന് മെയ് 12 ന്, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ കീഴിൽ 12 മുതൽ 15 വയസ് പ്രായമുള്ള കൌമാരക്കാരിൽ ഫൈസർ-ബയോടെക് കോവിഡ് -19 വാക്സിൻ (എംആർഎൻഎ കോവിഡ് -19 വാക്സിൻ) ഉപയോഗിക്കുന്നതിന് ഇടക്കാല ശുപാർശ ഇമ്മ്യൂണൈസേഷൻ പ്രാക്ടീസസ് (എസിഐപി) നൽകി. അടുത്തിടെ, മെയ് 28 ന്, യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും (ഇഎംഎ) ഈ പ്രായക്കാരായ കുട്ടികൾക്കുള്ള ഫൈസർ-ബയോ എൻടെക് വാക്സിന് അനുമതി നൽകി.
കോവിഡ് 19 വാക്സിനുകൾ സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, വാക്സിനേഷനുശേഷം കൗമാരക്കാരിലും ചെറുപ്പക്കാരിലും മയോകാർഡിറ്റിസ് (ഹൃദയപേശികളുടെ വീക്കം), മറ്റ ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയുടെ റിപ്പോർട്ടുകൾ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) നിരീക്ഷിക്കുന്നുണ്ട്.
ഫൈസർ-ബയോടെക് വാക്സിൻ സംബന്ധിച്ച് നിലവിൽ ലഭ്യമായ സിഡിസി ശുപാർശകൾ പ്രകാരം, കോവിഡ് 19 വാക്സിനുകളും മറ്റ് വാക്സിനുകളും സമയത്തെ പരിഗണിക്കാതെ ഒരുമിച്ച് നൽകാം, കൂടാതെ ഒരു സന്ദർശനത്തിൽ ഒന്നിലധികം വാക്സിനുകൾ നൽകുകയാണെങ്കിൽ, ഓരോ കുത്തിവയ്പ്പും വ്യത്യസ്ത ഇടങ്ങളിലായിരിക്കണം എന്നും പറയുന്നു.
കൗമാരക്കാർക്കും മുതിർന്നവർക്കും തോളിനോടു ചേർന്ന പേശികളിൽ കുത്തിവയ്പ്പുകൾക്ക് എടുക്കാം. ഹൃദയ സംബന്ധമായ രോഗമുള്ളതോ, ഉണ്ടായിരുന്നതോ ആയ കുട്ടികൾക്ക് സിഡിസി നിർദ്ദേശിക്കുന്ന പരിഗണനകളോടെ വാക്സിനേഷൻ നൽകാൻ തെരഞ്ഞെടുക്കാം. സിഡിസി മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ:
1. ഹൃദയ സംബന്ധമായ അസുഖങ്ങൾ പൂർണമായും ഭേദമായാൽ
2. കഠിനമായ കോവിഡ് 19 ന്റെ വ്യക്തിഗതമായ അപകടസാധ്യത (ഉദാ. പ്രായം, മറ്റ് രോഗങ്ങൾ)
3. കോവിഡ് 19 സമൂഹ വ്യാപന സാധ്യതയും, വീണ്ടും അണുബാധ വരാനുള്ള വ്യക്തിഗത അപകടസാധ്യതയും
4. ഈ അസുഖങ്ങളെത്തുടർന്ന് കോവിഡ് 19 വാക്സിനുകളുടെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം
5. ഏതെങ്കിലും രോഗപ്രതിരോധ മോഡുലേറ്ററി ചികിത്സകളുടെ സമയം
മെയ് 25 ന്, യുഎസിന്റെ മറ്റൊരു COVID-19 വാക്സിൻ നിർമാതാക്കളായ മോഡേണയും 3,732 കുട്ടികളിൽ നടത്തിയ ടീൻകോവ് പഠനത്തിന്റെ രണ്ടാം, മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അവരുടെ റിപ്പോർട്ട് അനുസരിച്ച്, മോഡേണ കോവിഡ് -19 വാക്സിൻ 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 100 ശതമാനം സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് കണ്ടെത്തൽ. കമ്പനി യുഎസ് എഫ്ഡിഎയ്ക്കും ലോകമെമ്പാടുമുള്ള മറ്റ് റെഗുലേറ്ററി ബോഡികൾക്കും അംഗീകാരത്തിനായി ജൂണിൽ അപേക്ഷ നൽകും. അംഗീകരാം ലഭിച്ചാൽ, യുഎസിലെ കൌമാരക്കാർക്കായി അംഗീകരിച്ച രണ്ടാമത്തെ വാക്സിൻ ആയിരിക്കും മോഡേണ.
കമ്പനി നിലവിൽ 6 മാസം മുതൽ 11 വയസ്സുവരെയുള്ള കുട്ടികളെക്കായുള്ള കിഡ്‌കോവ് വാക്സിനെക്കുറിച്ചുള്ള പഠനവും നടത്തുന്നു.
കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ: ഇന്ത്യയിലെ സ്ഥിതി
നിലവിൽ, മൂന്ന് കോവിഡ് 19 വാക്സിനുകൾ മാത്രമാണ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതിയുള്ളത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത, ഇന്ത്യയുടെ തദ്ദേശീയ കോവിഡ് 19 വാക്സിൻ കോവാക്സിൻ, ഇന്ത്യൻ വേരിയന്റ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രാദേശികമായി നിർമ്മിക്കുന്ന ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക വാക്സിൻ കോവിഷീൽഡ്, മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട്, റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വി. എന്നിരുന്നാലും, ഇവയൊന്നും 18 വയസ്സിന് താഴെയുള്ള വ്യക്തികളിൽ ഉപയോഗിക്കാൻ അംഗീകരിച്ചിട്ടില്ല.
ഫൈസർ കോവിഡ് 19 വാക്സിൻ ഇപ്പോഴും ഇന്ത്യയിൽ അംഗീകാരത്തിനായി ശേഷിക്കുന്നു. വാക്‌സിനായി അതിവേഗ അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ, ഇന്ത്യയിൽ പ്രചാരത്തിലുള്ള പുതിയ കൊറോണ വൈറസ് വേരിയന്റിനെതിരായ വാക്‌സിനിലെ ഉയർന്ന ഫലപ്രാപ്തിയെക്കുറിച്ച് കമ്പനി അധികൃതരെ അറിയിച്ചിട്ടുണ്ട്.
രണ്ടിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകുന്നതിനുള്ള രണ്ടും-മൂന്നും ഘട്ടത്തിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി ഭാരത് ബയോടെക്കിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അനുമതി നൽകിയത് അടുത്തിടെയാണ്.
കോവാക്സിന്റെ സുരക്ഷ, റിയാക്റ്റോജെനിസിറ്റി, ഇമ്യൂണോജെനിസിറ്റി എന്നിവ വിലയിരുത്തുന്നതിനായുള്ള പഠനം എയിംസ് ഡൽഹി, എയിംസ് പട്ന, നാഗ്പൂരിലെ മെഡിട്രീന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവടങ്ങളിൽ നടത്തും.
എങ്കിലും, ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഓഫ് ഇന്ത്യയുടെ (സിടിആർഐ) ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരമനുസരിച്ച്, ഈ നിർദ്ദിഷ്ട പീഡിയാട്രിക് കോവാക്സിൻ ട്രയൽ, മുമ്പ് ഇന്ത്യയിൽ നടത്തിയ കോവാക്സിൻ മുതിർന്നവർക്കുള്ള ഘട്ടം -3 ട്രയലിൽ നിന്ന് വ്യത്യസ്തമായി അല്ലെങ്കിൽ ലോകത്തെവിടെയും നടത്തിയ മിക്ക പീഡിയാട്രിക് കോവിഡ് വാക്സിൻ ട്രയലുകളിൽ നിന്നും വ്യത്യസ്തമായി, ക്രമരഹിതമായ, പ്ലാസിബോ നിയന്ത്രിത പരീക്ഷണമല്ല, കൂടാതെ കോവിഡ് അണുബാധയോ രോഗമോ തടയുന്നതിൽ വാക്സിൻ്റെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കാനും ശ്രമിക്കുന്നില്ല. പ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് ആന്റിബോഡികളുടെ ഉത്പാദനം കോവിഡിൽ നിന്ന് സംരക്ഷിക്കുമെന്ന് തെളിവില്ല. യുഎസ് എഫ്ഡിഎ പറയുന്നതനുസരിച്ച് കോവിഡ് 19 വാക്സിനേഷന് ഒരു രോഗപ്രതിരോധ പ്രതികരണം നൽകുന്ന സംരക്ഷണത്തിന്റെ തോത് നിർണ്ണയിക്കാൻ നിലവിൽ ആന്റിബോഡി പരിശോധനകൾ വിലയിരുത്തിപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
അഞ്ച് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളിൽ അഹമ്മദാബാദ് ആസ്ഥാനമായുള്ള സിഡസ് കാഡിലയുടെ വാക്സിനായി (ZyCoV-D) പീഡിയാട്രിക് ട്രയൽ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിൽ കുട്ടികൾക്കായുള്ള കോവാക്സിൻ പരീക്ഷണങ്ങളുടെ ഫലമറിയാൻ ഇനിയും കുറച്ചുനാൾ എടുക്കും. നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗം കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുക എന്നതാണ്. ശരിയായതും ഉചിതമായതുമായ മാസ്കുകൾ ഉപയോഗിക്കുക, കൈ കഴുകൽ, സാനിറ്റൈസർ ഉപയോഗിക്കുക, വീട്ടിൽ തന്നെ തുടരുക, ശാരീരിക അകലം പാലിക്കൽ, തുടങ്ങിയ നിയന്ത്രണങ്ങളും മുതിർന്നവരിൽ നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പും രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കും.
കോവിഡ് വാക്സിനേഷനായുള്ള പുതിയ വഴികൾ
കുത്തിവയ്ക്കുന്ന വാക്സിനുകൾ കൂടാതെ, ശാസ്ത്രജ്ഞരും മരുന്ന് നിർമ്മാതാക്കളും കഴിക്കാനാകുന്ന ഗുളികകൾ, അല്ലെങ്കിൽ തുള്ളിമരുന്ന്, മൂക്കിൽ അടിക്കുന്ന സ്പ്രേകൾ എന്നിവ വഴി അണുബാധ തടയുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾക്കായുള്ള പ്രവർത്തനത്തിലാണ്. കുത്തിവയ്പ് അല്ലാത്ത ബദൽ രീതികളുടെ വികസനം വാക്സിനുകളുടെ സംഭരണം, ഗതാഗതം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം വാക്സിൻ സ്വീകാര്യതയും വർദ്ധിപ്പിക്കും. ഇത്തരത്തിലുള്ള മ്യൂക്കോസൽ വാക്സിനുകളുടെ പ്രധാന ഗുണം അവക്ക് ശക്തമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാനും, വൈറസിന്റെ പ്രവേശന സ്ഥലത്ത് തന്നെ വൈറസിനെ തടയാനും അതുവഴി ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നത് തടയാനും കഴിയും എന്നതാണ്. കോവിഡ് 19 ബാധിക്കുന്നത് മൂക്കിലെ മ്യൂക്കോസൽ സ്തരത്തെയാണ്. അതിനാൽ മൂക്കിലേക്ക് മരുന്ന് സ്പ്രേ രൂപത്തിലെത്തുന്നത് കൂടുതൽ ഫലപ്രദമാവുകയും വെെറസുകൾ പെരുകാതെ ആദ്യം തന്നെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
പരമ്പരാഗത രീതിയിലുള്ളതാണ് തൊലിപ്പുറത്തു കൂടി കുത്തിവയ്ക്കുന്ന രീതി. പല വാക്സിനുകളും ഇങ്ങനെയാണ് നൽകുന്നത്. നേസൽ വാക്സിനുകളാണെങ്കിൽ മൂക്കിലെ മ്യൂക്കോസൽ സ്തരത്തിൽ അടങ്ങിയിരിക്കുന്ന വെെറസിനെ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. നേസൽ സ്പ്രേ വാക്സിനുകൾ മൂക്കിന്റെ നോസ്ട്രില്ലുകളിലേക്ക് സ്പ്രേ ചെയ്യുന്നു. സൂചിയില്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
എലികളിലും കുരങ്ങുകളിലും നടത്തിയ ചില പഠനങ്ങൾ അനുസരിച്ച്, നാസൽ സ്പ്രേ വാക്സിൻ ഉപയോഗിക്കുന്നതിലൂടെ നല്ല ഫലങ്ങൾ കാണിക്കുന്നുണ്ടെങ്കിലും, കോവിഡ് വാക്സിനേഷനായി ഈ ബദൽ മാർഗങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണം ഇപ്പോഴും പുതിയ ഘട്ടത്തിലാണ്. മെയ് അഞ്ചിന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം യുഎസ്, യുകെ, ചൈന, ഇന്ത്യ, ഇറാൻ, ക്യൂബ എന്നിവിടങ്ങളിൽ എട്ട് നാസൽ വാക്‌സിനുകൾക്കായി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
നിലവിൽ, രണ്ട് ഇൻട്രനാസൽ വാക്സിനുകൾ മാത്രമാണ് ക്ലിനിക്കൽ ട്രയലിൻ്റെ രണ്ടാം ഘട്ടത്തിൽ ഉള്ളത്. ഒരെണ്ണം ഹോങ്കോംഗ് സർവകലാശാല, സിയാമെൻ യൂണിവേഴ്‌സിറ്റി, ബീജിംഗ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്റർപ്രൈസ് എന്നിവർ ചേർന്ന് കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പെയർഡ്നസ് ഇന്നൊവേഷൻസിന്റെ (സിഇപിഐ) പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുക്കുന്നു. രണ്ടാമത്തെ വാക്സിൻ ഇറാനിലെ റാസി വാക്സിനും സെറം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വികസിപ്പിച്ചെടുക്കുന്നത്.
എങ്കിലും, കുത്തിവയ്ക്കാത്ത ഈ വാക്സിനുകൾ മറ്റുള്ള വാക്സിനുകൾ പോലെ ഫലപ്രാപ്തിയുണ്ടാകില്ലെന്നും പറയപ്പെടുന്നു. ഇൻട്രനാസൽ ഫ്ലൂ വാക്സിൻ (ഫ്ലൂമിസ്റ്റ്) ഉപയോഗിച്ചുള്ള മുൻ അനുഭവത്തിൽ നിന്ന്, ഫലപ്രദവും ദീർഘകാലം നിലനിൽക്കുന്നതുമായ പ്രതിരോധശേഷി ഉൽപാദിപ്പിക്കാനുള്ള കഴിവ് ഇൻട്രനാസൽ വാക്സിനുകൾക്കില്ലെന്നാണ് പറയുന്നത്. എങ്കിലും, നേസൽ സ്പ്രേ പരിസ്ഥിതി സൗഹൃദമാണെന്നും, ചെലവു കുറഞ്ഞതും എവിടെയും സൂക്ഷിക്കാവുന്നതുമാണെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല റഫറിജറേറ്ററിൽ സൂക്ഷിക്കേണ്ട ആവശ്യവുമില്ല. എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്നത് മറ്റൊരു സവിശേഷതയാണ്. ഇത് മൂലം കൂടുതൽ ആളുകൾക്ക് വളരെ വേഗത്തിൽ കോവിഡ് പ്രതിരോധം ലഭിക്കാനും സാധിക്കും.
Location :
First Published :
June 04, 2021 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഏത് കോവിഡ് വാക്സിനുകളാണ് കുട്ടികൾക്ക് ലഭിക്കുക? കുത്തിവയ്പ്പാണോ നേസൽ സ്പ്രേയാണോ നല്ലത്? ചോദ്യങ്ങളും ഉത്തരങ്ങളും