ഷാർജ: പാകിസ്ഥാനെ തറപറ്റിച്ച് ട്വന്റി20 ക്രിക്കറ്റിൽ ചരിത്രമെഴുതി അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്ഥാൻ 2-0ന് സ്വന്തമാക്കി. ക്രിക്കറ്റിലെ വമ്പൻ ടീമുകളിലൊന്നിനെതിരെ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ഒരു പരമ്പര വിജയിക്കുന്നത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് ആകെ നേടിയത്. മറുപടിയിൽ ഒരു പന്ത് ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാൻ വിജയമുറപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാനു വേണ്ടി മധ്യനിര താരം ഇമാദ് വസീം അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്നു. 57 പന്തുകൾ നേരിട്ട താരം 64 റൺസാണു നേടിയത്. ക്യാപ്റ്റൻ ശതബ് ഖാനും തിളങ്ങി. 25 പന്തിൽ 32 റൺസെടുത്ത പാക് ക്യാപ്റ്റൻ റൺഔട്ടായി.
What a momentous occasion for Afghanistan cricket! 🙌😍
AfghanAtalan have created history by securing their first-ever T20I series win over traditional rivals Pakistan. It’s a triumph of grit, courage, and teamwork. pic.twitter.com/nQ7jjqmm14
— Afghanistan Cricket Board (@ACBofficials) March 26, 2023
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും ഉൾപ്പെടെയുള്ളവർ തിളങ്ങിയതോടെ അഫ്ഗാനിസ്ഥാൻ വിജയത്തിലേക്കു കുതിക്കുകയായിരുന്നു. 49 പന്തിൽ 44 റൺസെടുത്ത് ഗുർബാസ് റൺഔട്ടായി. ഇബ്രാഹിം സദ്രാൻ 40 പന്തിൽ 38 റൺസെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് നബിയും 14(9), നജിബുല്ല സദ്രാനും 23(12) കര്‍ത്തടിച്ചതോടെ അഫ്ഗാനിസ്ഥാൻ 3 വിക്കറ്റു നഷ്ടത്തിൽ വിജയമുറപ്പിച്ചു.
പരമ്പരയിലെ അവസാന മത്സരം തിങ്കളാഴ്ച ഷാർജയിൽ നടക്കും. ഈ കളിയെങ്കിലും ജയിച്ച് നാണക്കേടൊഴിവാക്കാനായിരിക്കും പാകിസ്ഥാന്റെ ശ്രമം. ആദ്യ മത്സരത്തിൽ 6 വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്. ട്വന്റി20 ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമായിരുന്നു ഇത്. ക്യാപ്റ്റന്‍ ബാബർ അസം, മുഹമ്മദ് റിസ്‍വാൻ തുടങ്ങിയ പ്രമുഖരെ ഒഴിവാക്കിയാണ് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ നേരിടുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ