ഗാബയിൽ ഇംഗ്ലണ്ടിന്റെ വേരറുത്ത് ഓസീസ് പടയോട്ടം. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയം നേടി ഓസ്‌ട്രേലിയ. ബ്രിസ്‌ബേനിലെ ഒന്നാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റിന്റെ ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ഇതോടെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ പിന്നിലാക്കി ഓസീസ് 1-0 ന് മുന്നിലെത്തുകയും ചെയ്തു.
സ്‌കോര്‍: ഇംഗ്ലണ്ട് - 147,297 ; ഓസ്‌ട്രേലിയ - 425, 20/1
ഗാബയിൽ നടന്ന മത്സരത്തിൽ തുടക്കം മുതലേ ഓസീസിനായിരുന്നു ആധിപത്യം. ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെ കേവലം 147 റൺസിന് പുറത്താക്കിയ ഓസീസ് മറുപടി ബാറ്റിങ്ങിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശി സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെ കരുത്തിൽ 425 റൺസ് നേടി ഒന്നാം ഇന്നിങ്സിൽ 278 റൺസിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
ആദ്യ രണ്ട് ദിവസങ്ങളിൽ ബാറ്റിങ്ങിലും ബോളിങ്ങിലും നിറം മങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനത്തിൽ തിരിച്ചുവരവ് നടത്തിയതോടെ ടെസ്റ്റ് വീണ്ടും ആവേശകരമാവുകയായിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടിന്റെയും (89) ഡേവിഡ് മലാന്റെയും (82) ബാറ്റിംഗ് പ്രകടനങ്ങളാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരുടെയും ബാറ്റിംഗ് പ്രകടനത്തിൽ മൂന്നാം ദിനത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
എന്നാൽ നാലാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ ചെറുത്തുനിൽപ്പിന് ഓസീസ് അന്ത്യം കുറിക്കുകയായിരുന്നു. നേഥൻ ലയൺ നാല് വിക്കറ്റ് നേട്ടവുമായി ഓസീസ് ബോളിങ്ങിനെ നയിച്ചപ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 297 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. കേവലം 19 റൺസിന്റെ ലീഡ് മാത്രം നേടാനേ അവർക്ക് കഴിഞ്ഞുള്ളൂ.
20 റൺസ് എന്ന കുഞ്ഞൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയം നേടുകയായിരുന്നു. അലക്സ് കാരിയുടെ (9) വിക്കറ്റാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. മാർക്കസ് ഹാരിസ് (9), മാർനസ് ലാബുഷെയ്ൻ (0) എന്നിവർ പുറത്താകാതെ നിന്നു. ഒലി റോബിൻസണാണ് കാരിയുടെ വിക്കറ്റ് നേടിയത്.
Also read-
Viral video |ആഷസ് ടെസ്റ്റിനിടെ ഓസീസ് ആരാധികയെ പ്രൊപ്പോസ് ചെയ്ത് ഇംഗ്ലണ്ട് ആരാധകന്‍; വീഡിയോ വൈറല്നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സിന്റെയും സ്റ്റാര്‍ക്കിന്റെയും ജോഷ് ഹെയ്‌സല്‍വുഡിന്റെയും തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ ഇന്നിങ്‌സില്‍ 147 റണ്‍സിന് തകർന്നടിയുകയായിരുന്നു. ഓസ്‌ട്രേലിയൻ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തിൽ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തി കമ്മിൻസ് തിളങ്ങിയപ്പോൾ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ട്രാവിസ് ഹെഡിന്റെ സെഞ്ചുറി മികവിലാണ് ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സിൽ 425 റൺസ് നേടിയത്. ഇതോടെ 278 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡും ഓസീസ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ, മാർക്ക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
പരമ്പരയിലെ രണ്ടാം ടെസ്റ്റ് അഡലൈഡ് ഓവലിൽ ഡിസംബർ 16ന് ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.