മെല്‍ബണ്‍: അഫ്ഗാനിസ്ഥാന് എതിരെയുള്ള ഏകദിന ക്രിക്കറ്റില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന് നടപടിയില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. യുഎഇയില്‍ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ നിന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പിന്മാറിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിനെതിരെ നിരോധനമേര്‍പ്പെടുത്തിയ താലിബാന് നയത്തെ അപലപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ രംഗത്തെത്തിയിരുന്നു. ഇത് കായിക രംഗത്തെ സ്ത്രീകളുടെ പ്രാതിനിധ്യത്തെ ബാധിച്ചുവെന്ന് ടീം പ്രതിനിധികള്‍ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതത്തില്‍ ഒരു മാറ്റം പ്രതീക്ഷിക്കുന്നതായും ടീം പ്രതിനിധികള്‍ അറിയിച്ചു.
Also read-‘നിങ്ങളവളെ സംരക്ഷിച്ചോളൂ; പക്ഷേ ഞങ്ങൾ വെറുതെ വിടാൻ പോകുന്നില്ല’: മമത ബാനർജി
ലോകമെമ്പാടുമുള്ള സ്ത്രീകളും പുരുഷന്മാരും സ്പോര്‍ട്സില്‍ സജീവമാകണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആഗ്രഹം,’ സിഎ വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ ഐസിസി അംഗമാണ് അഫ്ഗാനിസ്ഥാന്. വനിതാ ക്രിക്കറ്റ് ടീമില്ലാത്ത രാജ്യം കൂടിയാണ് അഫ്ഗാനിസ്ഥാന്. ശനിയാഴ്ച ആരംഭിക്കുന്ന വനിതാ അണ്ടര്‍ 19 ടി20 വേള്‍ഡ് കപ്പില്‍ ടീമില്ലാത്ത ഏക രാജ്യവും അഫ്ഗാനിസ്ഥാനാണ്.
അതേസമയം, പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീം 2023-ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഏകദിന സൂപ്പര്‍ ലീഗിലെ ആദ്യ എട്ടില്‍ ഇടംപിടിച്ച ടീമാണ് ഇവരുടേത്.
Also read-മെസിയും സൗദിക്ക് പോകുമോ? റൊണാൾഡോയ്ക്ക് ശേഷം വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കും ഓസ്ട്രേലിയ രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തി താലിബാന് നേരത്തെ ഉത്തരവിറക്കിയിരുന്നു. നേരത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരുന്നു. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം നിര്‍ദേശിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമി ഇക്കാര്യം വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചിരുന്നു. താലിബാന് തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു.എന്‍ വിമര്‍ശിച്ചു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ ക്ലാസ് മുറികള്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ചതും പെണ്‍കുട്ടികളെ വനിതാ അധ്യാപകരേ പഠിപ്പിക്കാവൂ എന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകശാലകളിലും പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Also read-ലോകകപ്പിന് ശേഷമുള്ള ആദ്യ കളിയിൽ ഗോളടിച്ച് മെസി; പി.എസ്.ജി 2-0ന് ആംഗേഴ്സിനെ വീഴ്ത്തി
അതേസമയം അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തികൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. താലിബാന് സര്‍ക്കാരിലെ വിവിധ നേതാക്കളാണ് ഈ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതോടെ താലിബാന് പരമോന്നത നേതാവ് ഹിബാത്തുള്ള അഖുന്‍സാദ സമ്മര്‍ദ്ദത്തിലായിരിക്കുകയാണെന്നാണ് ചില അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.