187ആം മത്സരത്തിലാണ് ബാബര്‍ അസം നേട്ടം സ്വന്തമാക്കിയത്. വിരാട് കോഹ്ലിയാകട്ടെ 212 ഇന്നിങ്സുകളില്‍ നിന്നാണ് ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്.
ബാബർ അസം
Last Updated :
Share this:
ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കി പാകിസ്ഥാന് നായകന് ബാബര്‍ അസം. പാകിസ്ഥാനില്‍ നടക്കുന്ന ദേശീയ ടി20 പോരാട്ടത്തില്‍ സെന്‍ട്രല്‍ പഞ്ചാബിനായി കളിക്കാനിറങ്ങിയ താരം സതേണ്‍ പഞ്ചാബിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് പുതിയ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 49 പന്തുകളില്‍ നിന്ന് 59 റണ്‍സ് നേടി അസം പുറത്താകാതെ നിന്നു.
ക്രിസ് ഗെയ്ലിനെയും വിരാട് കോഹ്ലിയെയുമാണ് പാക് സൂപ്പര്‍ താരം പിന്നിലാക്കിയത്. കരിയറിലെ 187ആം മത്സരത്തിലാണ് ബാബര്‍ അസം 7000 റണ്‍സ് മറികടന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ക്രിസ് ഗെയിലിന് 7000 റണ്‍സ് തികയ്ക്കാന്‍ 192 ഇന്നിങ്സുകള്‍ വേണ്ടി വന്നു. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാകട്ടെ 212 ഇന്നിങ്സുകളില്‍ നിന്നാണ് ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്.
ന്യൂസിലന്‍ഡിനെതിരായ പോരാട്ടം നടക്കാതെ വന്നതോടെ ടി20 ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ക്ക് തയ്യാറെടുപ്പിന്റെ ഭാഗമായാണ് ദേശീയ ക്രിക്കറ്റ് കപ്പ് എന്ന പേരില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പോരാട്ടം സംഘടിപ്പിച്ചത്.
നേരത്തെ ഇതേ ടൂര്‍ണമെന്റിലൂടെ ട്വന്റി 20യില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലും ബാബര്‍ അസം മുന്നിലെത്തിയിരുന്നു. നിലവില്‍ ആറ് സെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. അഞ്ച് സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ മറികടന്ന ബാബര്‍ അസം നിലവില്‍ രോഹിത് ശര്‍മ, ഷെയ്ന് വാട്സണ് എന്നിവരുമായി റെക്കോര്‍ഡ് പങ്കിടുകയാണ്. ഇരുവര്‍ക്കും ആറ് സെഞ്ച്വറികള്‍ വീതമാണുള്ളത്.
ഐപിഎല്ലില്‍ ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫ് ബെര്‍ത്തിനരികെയെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 116 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു.
ഇന്നലത്തെ ഈ മത്സരം ഒരു ഇന്ത്യന്‍ യുവതാരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു. തന്റെ ആദ്യ മല്‍സരത്തില്‍ തന്നെ മിന്നല്‍ വേഗതയിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന് മാലിക്ക്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തില്‍ ജമ്മു കാശ്മീരില്‍ നിന്നുള്ള താരം വമ്പന്‍ നേട്ടവും കുറിച്ചാണ് ആരാധക പ്രശംസ ഏറ്റുവാങ്ങിയത്. ഈ സീസണിലെ ഐ പി എല്ലില്‍ ഏറ്റവും വേഗതയുള്ള പന്തെറിഞ്ഞ ഇന്ത്യന്‍ താരമായിരിക്കുകയാണ് 21കാരനായ ഉമ്രാന്.
150.06 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് ഉമ്രാന് ഇന്ത്യയുടെ ഷോയിബ് അക്തറായി മാറിയിരിക്കുന്നത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും വേഗത കൊണ്ട് ആദ്യ മല്‍സരത്തില്‍ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നാലോവറില്‍ 27 റണ്‍സാണ് ഉമ്രാന് വിട്ടുകൊടുത്തത്. ആദ്യ ഓവറില്‍ തന്നെയായിരുന്നു ഉമ്രാന്റെ 150 കി.മി വേഗതയിലുള്ള പന്ത് പിറന്നത്.
നേരത്തേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജായിരുന്നു ഈ സീസണിലേ വേഗതയേറിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ തലപ്പത്ത്. ആദ്യ രണ്ടു സ്ഥാനങ്ങളും അദ്ദേഹത്തിനായിരുന്നു. 147.68 കിമി, 147.67 കിമി എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു ബോളുകളുടെയും വേഗത. ഇതാണ് ഉമ്രാന് അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ഓവറില്‍ തന്നെ തിരുത്തിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.