ബംഗ്ലാദേശിലെ പ്രാദേശിക ടി20 ടൂര്‍ണമെന്റായ ധാക്ക പ്രീമിയര്‍ ലീഗിലെ മത്സരങ്ങള്‍ക്കിടെ താരങ്ങള്‍ കളിക്കളത്തില്‍ തുടര്‍ച്ചയായി മോശം പെരുമാറ്റം പുറത്തെടുക്കുന്നതില്‍ പ്രതിഷേധിച്ച് അമ്പയറിങ് കരിയര്‍ അവസാനിപ്പിക്കാന്‍ ബംഗ്ലാദേശി അമ്പയര്‍ മോനിറുസ്സമാന്‍ തീരുമാനിച്ചു. ബംഗ്ലാദേശിന്റെ ഐ സി സി എമേര്‍ജിങ്ങ് പാനലില്‍ മോര്‍ഷദ് അലി ഖാനോടൊപ്പം അംഗമായ മോനിറുസ്സമാന്‍ എലൈറ്റ് പാനലില്‍ സ്ഥാനം പിടിക്കുവാന്‍ സാധ്യതയുള്ള അമ്പയറായാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം ടൂര്‍ണമെന്റിലെ ഒരു മത്സരത്തിനിടെ ബംഗ്ലാദേശ് താരം മഹമദുള്ളയാണ് അവസാനമായി അമ്പയറുടെ തീരുമാനത്തിനെതിരെ മോശം പെരുമാറ്റം പുറത്തെടുത്തത്. ഈ മത്സരത്തില്‍ മോനിറുസ്സമാന്‍ ടിവി അമ്പയര്‍ ആയിരുന്നു. അമ്പയറുടെ തീരുമാനത്തിനെതിരെ മഹമദുള്ള ഗ്രൗണ്ടില്‍ കിടന്ന് മത്സരവുമായി സഹകരിക്കാതെ പ്രതിഷേധിക്കുകയാണ് ചെയ്തത്. താരം ലെവല്‍- 2 ഒഫന്‍സ് പ്രകാരം കുറ്റക്കാരനാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് മോനിറുസ്സമാന്‍ തീരുമാനവുമായി രംഗത്തെത്തിയത്. തനിക്കും ആത്മാഭിമാനമുണ്ടെന്നും അതുമായി ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ അമ്പയര്‍ ഷാക്കിബിന്റെയും മഹമദുള്ളയുടെയും പെരുമാറ്റമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്നും വ്യക്തമാക്കി. അമ്പയര്‍മാര്‍ക്കും തെറ്റ് പറ്റുമെന്നും എന്നാല്‍ ഇത്തരത്തിലല്ല തങ്ങളോട് പെരുമാറേണ്ടതെന്നും മോനിറുസ്സമാന്‍ പറഞ്ഞു. താന്‍ മാച്ച് ഫീസ് മാത്രം വാങ്ങിച്ചാണ് കളി നിയന്ത്രിക്കുന്നതെന്നും ബി സി ബി ജീവനക്കാരന് അല്ലാത്തതിനാല്‍ തന്നെ ലഭിയ്ക്കുന്ന തുച്ഛമായ പണത്തിന് ഇത്തരത്തില്‍ മോശം പെരുമാറ്റം സഹിച്ച് ജോലി തുടരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മാസത്തിനിടെ ധാക്ക പ്രീമിയര്‍ ലീഗില്‍ രണ്ടാമത്തെ പ്രാവശ്യമാണ് താരങ്ങളുടെ ഭാഗത്തു നിന്നും ഇത്തരം മോശം പെരുമാറ്റം ഉണ്ടാകുന്നത്. സ്റ്റാര്‍ ഓള് റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന് അമ്പയറോട് കയര്‍ത്ത് സ്റ്റമ്പ് പിഴുതെറിഞ്ഞ സംഭവവും വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ധാക്ക ട്വന്റി 20 ലീഗില്‍ മുഹമ്മദന്‍ സ്പോര്‍ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ രണ്ടു തവണയാണ് ഷാക്കിബിന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്.
ദേശീയ ടീം താരം മുഷ്ഫിഖുര്‍ റഹീമിനെതിരെ ബോള്‍ ചെയ്ത ശേഷം എല്‍ ബി ഡബ്ല്യുവിനായി ഷാക്കിബ് അപ്പീല്‍ ചെയ്തിട്ടും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. നിയന്ത്രണം വിട്ട ഷക്കീബ് വിക്കറ്റില്‍ ചവിട്ടിയാണ് ദേഷ്യം പ്രകടിപ്പിച്ചത്. കൂടാതെ അമ്പയറുമായി തര്‍ക്കിക്കുകയും ചെയ്തു, പിന്നാലെ മഴയെ തുടര്‍ന്ന് കളി നിര്‍ത്തിവെക്കുന്നെന്ന് അമ്പയര്‍ അറിയിച്ചതോടെ ഓടിയെത്തിയ ഷാക്കിബ് വിക്കറ്റ് വലിച്ചൂരി നിലത്ത് അടിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുടെയും വീഡിയോ വളരെപെട്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മത്സരശേഷം താരം ഫെയ്സ്ബുക്കിലൂടെ മാപ്പ് ചോദിച്ചിരുന്നു. മത്സരത്തിനിടെ നിയന്ത്രണം വിട്ടതിനും മത്സരം തടസപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നെന്നും ഒരു സീനിയര്‍ താരത്തില്‍ നിന്നുണ്ടാവേണ്ട പെരുമാറ്റമല്ല ഇതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഷാക്കിബ് കുറിച്ചിട്ടു. എന്നാല്‍ ഷാക്കിബ് അല്‍ ഹസ്സനെതിരെ അച്ചടക്ക നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. താരത്തിന് മൂന്ന് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം ബംഗ്ലാദേശ് ടാക്ക പിഴയടക്കാനുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangladesh cricket, Bangladesh Cricket team, Cricket Umpire