Women's IPL | ഒടുവിൽ ഔദ്യോഗികം; വനിതാ ഐപിഎല്ലിന് ബിസിസിഐ അനുമതി
- Published by:user_57
- news18-malayalam
Last Updated:
ആകെ 22 മത്സരങ്ങളാണ് വനിതാ ഐപിഎല്ലിൻെറ ഭാഗമായി ബിസിസിഐ നടത്താനായി ഉദ്ദേശിക്കുന്നത്
വനിതകളുടെ ഇന്ത്യൻ പ്രീമിയർ ലീഗിന് അനുമതി നൽകി ബി.സി.സി.ഐ. മുംബൈയിൽ ചൊവ്വാഴ്ച നടന്ന ബിസിസിഐയുടെ വാർഷിക ജനറൽ ബോർഡ് യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായത്. യോഗത്തിന് ശേഷമാണ് ഏറെക്കാലമായി കാത്തിരിക്കുന്ന വിഷയത്തിലെ തീരുമാനം പ്രഖ്യാപിച്ചത്. ബിസിസിഐയുടെ പുതിയ പ്രസിഡൻറായി റോജർ ബിന്നിയെ തെരഞ്ഞെടുക്കുകയും ചെയ്തു. കാലാവധി പൂർത്തിയായതിനാൽ സ്ഥാനം ഒഴിയുന്ന മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് ബിന്നി ബിസിസിഐ പ്രസിഡൻറ് ആവുന്നത്.
“വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിന് അനുമതി നൽകാൻ വാർഷിക ജനറൽ ബോഡി തീരുമാനിച്ചിരിക്കുന്നു,” ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. എപ്പോഴായിരിക്കും ഐപിഎൽ നടക്കുകയെന്ന കാര്യത്തിൽ തീരുമാനമൊന്നും തന്നെ എടുത്തിട്ടില്ല. അടുത്ത വർഷം മാർച്ചിലായിരിക്കും ആദ്യ വനിത ഐപിഎൽ നടക്കുകയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ പിന്നീട് തീരുമാനം പ്രഖ്യാപിക്കും.
അഞ്ച് ടീമുകളായിരിക്കും ആദ്യത്തെ ഐപിഎല്ലിൽ പങ്കെടുക്കുക. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന 2023ലെ വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും ഐപിഎൽ നടക്കുകയെന്നാണ് സൂചന. 18 കളിക്കാരായിരിക്കും ഓരോ ടീമിൻെറയും ഭാഗമായി ഉണ്ടാവുകയെന്ന് ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 6 കളിക്കാർ വിദേശ താരങ്ങളായിരിക്കും. എന്നാൽ പ്ലേയിങ് ഇലവനിൽ അഞ്ച് വിദേശതാരങ്ങളെ ഉൾപ്പെടുത്താൻ അനുവദിച്ചേക്കും. പുരുഷ ഐപിഎല്ലിൽ നിന്ന് വ്യത്യസ്തമാണ് ഇത്. പുരുഷ ഐപിഎല്ലിൽ പ്ലേയിങ് ഇലവനിൽ നാല് വിദേശ താരങ്ങൾ മാത്രമേ പാടുള്ളൂ.
advertisement
ആകെ 22 മത്സരങ്ങളാണ് വനിതാ ഐപിഎല്ലിൻെറ ഭാഗമായി ബിസിസിഐ നടത്താനായി ഉദ്ദേശിക്കുന്നത്. മത്സരത്തിൻെറ സമയക്രമവും തീയ്യതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കും. സീനിയർ പുരുഷ ടീമിൻെറ 2023-2027 വർഷങ്ങളിലെ വിദേശ പര്യടനങ്ങൾക്കും വനിതാ സീനിയർ ടീമിൻെറ 2022-2025 വർഷം വരെയുള്ള വിദേശ പര്യടനങ്ങൾക്കും വാർഷിക യോഗത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.
advertisement
അതേസമയം, ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ബിസിസിഐ തൽക്കാലം ആരെയും നിർദ്ദേശിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. അടുത്ത മാസം ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന വാർഷിക യോഗത്തിന് ശേഷമായിരിക്കും പുതിയ ഐസിസി ചെയർമാനെ തെരഞ്ഞെടുക്കുക.
ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യയിൽ നിന്ന് ആരെങ്കിലും മത്സരിക്കണോയെന്ന കാര്യത്തിൽ ബിസിസിഐ ഭാരവാഹികളുടെ നേതൃത്വത്തിൽ തന്നെയാണ് തീരുമാനം എടുക്കുക. എന്നാൽ ഐസിസി ചെയർമാൻ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും യോഗത്തിൽ നടന്നിട്ടില്ല. അജണ്ടയിലുള്ള കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്തത്,” വാർഷിക യോഗത്തിൽ പങ്കെടുത്ത സംസ്ഥാന പ്രതിനിധികളിൽ ഒരാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20 ആണ്. നവംബർ 11 മുതൽ 13 വരെയാണ് ഐസിസിയുടെ ബോർഡ് യോഗം നടക്കുക. ആ യോഗത്തിലാണ് പുതിയ ഐസിസി ചെയർമാനെ തെരഞ്ഞെടുക്കുക. ഗ്രെഗ് ബാർക്ലേയാണ് നിലവിൽ ഐസിസി ചെയർമാൻ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2022 5:51 PM IST