ലോകത്തെ ടി20 ലീഗുകളിലെ ഏറ്റവും മികച്ച ലീഗായ ഐപിഎല്‍ മുഖം മിനുക്കാനൊരുങ്ങുന്നു. ടൂര്‍ണമെന്റ് ഘടനയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്. അടുത്ത ഐ പി എല്‍ സീസണില്‍ 10 ടീമുകള്‍ ഉണ്ടാകുമെന്ന് ബി സി സി ഐ ട്രഷറര്‍ അരുണ്‍ ദുമാല്‍ അറിയിച്ചു. എട്ട് ടീമുകളുമായുള്ള അവസാന ഐ പി എല്ലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
യു എ ഈയില്‍ ആരംഭിക്കാനിരിക്കുന്ന ഈ സീസണിലെ രണ്ടാം പാദ മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ കോവിഡ് പ്രശ്നങ്ങള്‍ കുറവായതിനാലും വാക്സിനേഷന് ഏറെക്കുറെ കഴിഞ്ഞതിനാലും യു എ ഈ സര്‍ക്കാര്‍ കാണികള്‍ക്ക് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി വരുന്നതോടെ ടൂര്‍ണമെന്റില്‍ അടിമുടി മാറ്റങ്ങള്‍ വേണ്ടി വന്നേക്കും. നിലവിലെ ഘടനയനുസരിച്ച് ആകെ മത്സരങ്ങളുടെ എണ്ണം 94ലേക്ക് ഉയരും. ഇത് ടൂര്‍ണമെന്റ് നീളാനും ഇടയാക്കും. എന്നാല്‍ ഇത്രയും മല്‍സരങ്ങള്‍ നടത്തുവാന്‍ രണ്ട് മാസക്കാലയളവ് മതിയാകില്ല. അതിനാല്‍ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ആയിരിക്കും ബിസിസിഐ തീരുമാനം. നിലവില്‍ എട്ട് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ഓരോ ടീമിനും 14 മത്സരങ്ങളാണ് ലഭിക്കുന്നത്. ഇത് ഹോം, എവേ രീതിയില്‍ ഏഴ് വീതം മത്സരങ്ങളായി തിരിഞ്ഞാണ് കളിക്കുന്നത്. ഇങ്ങനെ കളിച്ച് അവസാനം പോയിന്റ് ടേബിളില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ പ്ലേഓഫിലേക്ക് യോഗ്യത നേടുകയും ചെയ്യുന്നതാണ് രീതി.
ഗ്രൂപ്പുകളായി ഐപിഎല്ലില്‍ ടീമുകള്‍ മുന്‍പും ഏറ്റുമുട്ടിയിട്ടുണ്ട്. 2011ല്‍ ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ പുതുതായെത്തിയപ്പോള്‍ ഈ ഫോര്‍മാറ്റിലായിരുന്നു മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ഈ പുതിയ മാറ്റത്തെ കുറിച്ച് ബിസിസിഐയുടെ ഭാഗത്ത് നിന്നും ഒരു ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇതിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.
അടുത്ത സീസണിലെ ഐപിഎല്‍ മെഗാ താരലേലത്തിന് കൂടിയാണ് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഈ ലേലം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഐ പി എല്‍ പതിനാലം സീസണിന്റെ രണ്ടാം പാദ മത്സരങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ബി സി സി ഐ അറിയിച്ചിരുന്നു. മത്സരങ്ങള്‍ക്കിടെ ഗ്യാലറിയില്‍ പന്ത് പോയാല്‍ അത് മാറ്റി പുതിയ പന്തിലാകും കളി തുടരുകയെന്ന് ബി സി സി ഐ വ്യക്തമാക്കി. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ഈയിടെ പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ബി സി സി ഐ ഇക്കാര്യം പുതിയ നിയമം വെളിപ്പെടുത്തിയത്.
ഐ പി എല്‍ രണ്ടാം പാദത്തില്‍ ഇക്കുറി കാണികള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. പുതിയ നിയമം അനുസരിച്ച് ഗ്യലറിയിലെത്തുന്ന പന്തുകള്‍ അണുവിമുക്തമാക്കി ബോള്‍ ലൈബ്രറിയിലേക്ക് മാറ്റുകയും, ആ പന്തിന് പകരം ബോള്‍ ലൈബ്രറിയില്‍ നിന്ന് പുതിയ പന്ത് കൊണ്ടുവന്ന് കളി തുടരുകയുമാണ് ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BCCI, Ipl, IPL in UAE