'ഇന്ത്യയുടെ പേടിസ്വപ്നം ഇംഗ്ലണ്ട് ടെസ്റ്റില്‍ ആരംഭിക്കും', ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓസിസ് താരം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഈ പരമ്പര ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഒരുപോലെ നിര്‍ണായകമാണെന്നും അതിനുപിന്നിലെ കാരണവും ബ്രാഡ് ഹോഗ് വെളിപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഇനി വെറും മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നിലവില്‍ വന്‍ തയ്യാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക.
ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പേ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ പേടിസ്വപ്നം ആരംഭിക്കുന്നത് ഇംഗ്ലണ്ടില്‍ നിന്നായിരിക്കുമെന്നും ഈ പരമ്പര ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഒരുപോലെ നിര്‍ണായകമാണെന്നും അതിനുപിന്നിലെ കാരണവും ബ്രാഡ് ഹോഗ് വെളിപ്പെടുത്തി.
'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് 19 മത്സരങ്ങളുണ്ട്. അതില്‍ 13 മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ അവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. വെസ്റ്റേണ്‍ ടീമുകളെ സ്വന്തം നാട്ടില്‍ വെച്ചാണ് അവര്‍ നേരിടുന്നത്. അതുകൊണ്ട് ആ ആനുകൂല്യം അവര്‍ക്കുണ്ടാകും. എന്നാല്‍ ഹോമിന് പുറത്ത് അവരുടെ പേടിസ്വപ്നം ആരംഭിക്കുന്നത് ഇംഗ്ലണ്ടില്‍ നിന്നാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച തുടക്കം ലഭിച്ചില്ലയെങ്കില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ പുറകിലാകും.'- ബ്രാഡ് ഹോഗ് പറഞ്ഞു.
advertisement
ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയും ഓസ്ട്രേലിയയില്‍ നടക്കുന്ന ആഷസ് പരമ്പരയുമായിരിക്കും ടൂര്‍ണമെന്റില്‍ റൂട്ടിന്റെയും കൂട്ടരുടെയും വിധിനിര്‍ണയിക്കുകയെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. 'ഇന്ത്യയ്‌ക്കെതിരെ മേധാവിത്വം പുലര്‍ത്തി അഞ്ചില്‍ നാല് ടെസ്റ്റില്‍ വിജയിച്ച് ഒന്നില്‍ സമനില നേടാന്‍ സാധിച്ചാല്‍ അവര്‍ക്ക് തീര്‍ച്ചയായും ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും. കൂടാതെ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ രണ്ട് മത്സരങ്ങളില്ലെങ്കിലും പരാജയപെടുത്തുകയും വേണം. ഇത് രണ്ടും സാധിച്ചാല്‍ അവര്‍ക്ക് തീര്‍ച്ചയായും ഫൈനല്‍ ഉറപ്പിക്കാന്‍ സാധിക്കും.'- ഹോഗ് വിശദമാക്കി.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം കൂടിയേ തീരൂ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്പര നേടിതന്നത്. 2018ലാണ് ഇത് അവസാനമായി നടന്നത്. ജോസ് ബട്ട്ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകര്‍ത്ത് വിട്ടിരുന്നു.
advertisement
ഇന്ത്യന്‍ ടീം:
വിരാട് കോഹ്ലി, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 01, 2021 8:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇന്ത്യയുടെ പേടിസ്വപ്നം ഇംഗ്ലണ്ട് ടെസ്റ്റില്‍ ആരംഭിക്കും', ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓസിസ് താരം