ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2018ല്‍ നടന്ന പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് സംഭവത്തില്‍ ശിക്ഷ അനുഭവിച്ച ക്യാമറോണ്‍ ബാന്‍ക്രോഫ്റ്റ്, വിവാദത്തില്‍ ബോളര്മാര്ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ക്രിക്കറ്റ് ഓസ്ട്രേലിയയെ വീണ്ടും പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഇന്നലെ പന്ത് ചുരണ്ടല്‍ നടന്ന മത്സരത്തിലെ ബോളര്‍മാര്‍ സംയുക്തമായി പ്രസ്താവന ഇറക്കുകയും ഉണ്ടായി. സംഭവത്തിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് നിരവധി മുന്‍ താരങ്ങളും രംഗത്തുണ്ട്.
ടീമിനെ അലട്ടുന്ന മറ്റൊരു പ്രശ്നം ടീമിന്റെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടാണ്. കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ സ്ഥാനം സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 12 മാസത്തെ വിലക്കും നായക സ്ഥാനത്തേക്ക് രണ്ട് വര്‍ഷത്തെ വിലക്കുമാണ് താരത്തിന് ശിക്ഷയായി ലഭിച്ചത്. സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് നായക സ്ഥാനം ടിം പെയിന്‍ ഏറ്റെടുത്തിരുന്നു. ആരോണ്‍ ഫിഞ്ചാണ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ നയിക്കുന്നത്.
എന്നാല്‍ ക്യാപ്റ്റന്‍സി അവസരം നല്കുകയാണെങ്കില് താന്‍ വീണ്ടും അത് ഏറ്റെടുക്കുവാന്‍ തയ്യാറാണെന്ന് സ്റ്റീവ് സ്മിത്ത് ഈയിടെ വെളിപ്പെടുത്തിയിരുന്നു. 2015 ഏകദിന ലോകകപ്പിന് ശേഷം ക്ലാര്‍ക്ക് സ്ഥാനം ഒഴിഞ്ഞതോടെയാണ് സ്മിത്ത് ഓസീസ് ടീമിന്റെ നായകനാവുന്നത്. വിലക്കിന് ശേഷം നാഷണല്‍ ടീമില്‍ തിരികെ എത്തിയ സ്മിത്ത് ആഷസില്‍ രണ്ട് ശതകങ്ങളോട് കൂടിയാണ് ക്രിക്കറ്റിലേക്ക് മടങ്ങി വരവ് ആഘോഷിച്ചത്. ടിം പെയിനിന് 36 വയസ്സാണെന്നുള്ളത് ഇനി ഭാവി എന്തെന്നുള്ള ചോദ്യത്തിലേക്ക് നയിക്കുകയാണ്. കൂടാതെ ടിം പെയിന്‍ വൈകാതെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും എന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
ഇപ്പോള്‍ ഓസ്ട്രേലിയയുടെ നായകസ്ഥാനത്തേക്ക് സ്റ്റാര്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന് ഇയാന്‍ ചാപ്പല്‍. 'എന്റെ അഭിപ്രായത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് പുതിയ ഒരാളെ ഓസീസ് ടീം മാനേജ്മന്റ് പരീക്ഷിക്കേണ്ട സമയമായി. വീണ്ടും സ്റ്റീവ് സ്മിത്തിനെയാണ് നിങ്ങള്‍ നായകനാക്കുന്നതെങ്കില്‍ അത് ഒരു തരത്തില്‍ പുറകോട്ടുള്ള നടത്തം പോലെയാകും. എല്ലാവരും ഓസീസ് ക്രിക്കറ്റിന്റെ ഭാവി മുന്നില്‍ കാണണം. അതിനാല്‍ പാറ്റ് കമ്മിന്‍സ് നായകനാക്കണം. അതാണ് യഥാര്‍ത്ഥ നടപടി'- ചാപ്പല്‍ അഭിപ്രായപ്പെട്ടു.
ഇനിയൊരിക്കലും സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ നായകനാവരുതെന്ന് മുന്‍ ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്കും പറഞ്ഞിട്ടുണ്ട്. പെയിനിന്റെ വിരമിക്കലിന് ശേഷം ഓസ്ട്രേലിയയെ നയിക്കേണ്ടത് പേസര്‍ പാറ്റ് കമ്മിന്‍സാണെന്നും ക്ലാര്‍ക്ക് നിര്‍ദ്ദേശിച്ചു. മൂന്ന് ഫോര്‍മാറ്റിലും കമ്മിന്‍സ് ക്യാപ്റ്റനാവണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.