ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് വീണ്ടും സന്തോഷ വാര്‍ത്ത. ഐപിഎല്ലിനിടെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വിശ്രമത്തിലായിരുന്ന ഇന്ത്യൻ താരം കെ എല്‍ രാഹുല്‍ ഇന്ത്യൻ ടീമിനൊപ്പം ചേരും. താരം തന്റെ കായിക ക്ഷമത വീണ്ടെടുത്തത്തോടെയാണ് ടീമിനൊപ്പം ചേരുമെന്ന് ഉറപ്പായത്. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവായ സാഹചര്യത്തില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹവും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടാവും. രാഹുലിന്റെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും നടക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ജൂൺ 18നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തുടങ്ങുക. ഇതിന് ശേഷം ഓഗസ്റ്റിലാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര. മൊത്തം മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിലെ പ്രധാന താരങ്ങളെല്ലാം ഒപ്പമുള്ളത് ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
നേരത്തെ കോവിഡ് പോസിറ്റീവായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയും രോഗമുക്തനായി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഐപിഎല്ലിനിടക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ സാഹയ്ക്ക് കോവിഡ് ബാധിതനായത്. നിലവില്‍ അദ്ദേഹം പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. സ്റ്റാന്റ്‌ബൈ താരമായ പ്രസീദ് കൃഷ്ണയും രോഗമുക്തനായതിനാല്‍ അദ്ദേഹവും പര്യടനത്തില്‍ ടീമിന്റെ ഭാഗമാവും.
ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീം കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇന്ത്യയിലും തുടർന്ന് ഇംഗ്ലണ്ടിലും ക്വറന്റീനിൽ കഴിഞ്ഞതിന് ശേഷമാകും മത്സരങ്ങൾക്ക് ഇറങ്ങുക. ഇന്ത്യയിൽ മുംബൈയിലാണ് താരങ്ങൾ ക്വറന്റീനിൽ കഴിയുക. 14 ദിവസമാണ് ഇന്ത്യയിലെ ക്വറന്റീൻ കാലാവധി. ഇതിന്റെ ഭാഗമായി ചാർട്ടേഡ് ഫ്‌ളൈറ്റ് ഉപയോഗിച്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള താരങ്ങളെ മുംബൈയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് തവണ കോവിഡ് പരിശോധനാ ഫലം നടത്തിയ ശേഷമാവും താരങ്ങളെ ക്വറന്റീനിൽ പ്രവേശിപ്പിക്കുക. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്നാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുൻപും പരിശോധനയുണ്ടാകും. ഇതിലും നെഗറ്റീവ് ആയാൽ മാത്രമേ ടീമിനൊപ്പം പോകുവാൻ കഴിയുകയുള്ളൂ. ക്വറന്റീൻ സമയത്ത് നടത്തുന്ന പരിശോധനകളിൽ പോസിറ്റീവ് ആയാൽ ടീമിൽ നിന്ന് പുറത്താക്കുമെന്ന് താരങ്ങളോട് ബിസിസിഐ അറിയിച്ചിട്ടുണ്ട്.
Also Read-
എബി ഡി തിരിച്ചുവരില്ല; തീരുമാനം സ്ഥിരീകരിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കഇംഗ്ലണ്ടിലെത്തിയ ശേഷം 10 ദിവസവും താരങ്ങള്‍ ക്വറന്റീനില്‍ കഴിയും. അതിന് ശേഷമാവും മത്സരത്തിനിറങ്ങുക. ഇംഗ്ലണ്ടില്‍ ഇന്ത്യ മൂന്ന് മാസക്കാലം ഉണ്ടാവുമെന്നതിനാല്‍ താരങ്ങളുടെ കോവിഡ് നിയന്ത്രണ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ കടുത്ത നിയന്ത്രണങ്ങള്‍ താരങ്ങള്‍ക്കുണ്ടാകില്ല.
ഇന്ത്യയുടെ വനിതാ ടീമിനും ഇതേ സമയത്ത് ഇംഗ്ലണ്ടില്‍ പരമ്പരയുണ്ട്. അതിനാല്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ ഒന്നിച്ചാവും ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. ആദ്യമായാണ് ഇത്തരത്തില്‍ ഒരു യാത്ര നടത്തുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ രണ്ട് വിമാനത്തില്‍ ടീമിനെ എത്തിക്കുക പ്രയാസമായതിനാലാണ് ഇത്തരമൊരു നീക്കം.
അതേസമയം, കരുത്തരായ ന്യൂസിലന്‍ഡാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ താരങ്ങൾ എല്ലാവരും മികച്ച ഫോമിലുള്ളതിനാല്‍ മികച്ച പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടൂര്‍ണമെന്റിലെ ഒന്നാം നമ്പര്‍ ടീമായാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.