• HOME
 • »
 • NEWS
 • »
 • sports
 • »
 • ആരാധകൻ്റെ സ്നേഹസമ്മാനം; ചെപ്പോക്ക് സ്റ്റേഡിയത്തിൻ്റെ മിനിയേച്ചറിൽ നിന്നും കണ്ണെടുക്കാതെ ധോണി

ആരാധകൻ്റെ സ്നേഹസമ്മാനം; ചെപ്പോക്ക് സ്റ്റേഡിയത്തിൻ്റെ മിനിയേച്ചറിൽ നിന്നും കണ്ണെടുക്കാതെ ധോണി

ധോണിയുടെ ക്രിക്കറ്റ് കരിയറിലെ മികച്ച ചില ഇന്നിംഗ്‌സുകൾക്ക് സാക്ഷ്യം വഹിച്ച ചെപ്പോക്ക് സ്‌റ്റേഡിയത്തിൻ്റെ മിനിയേച്ചർ രൂപമാണ് ആരാധകൻ നിർമിച്ച് സമ്മാനിച്ചിരിക്കുന്നത്.

 • Share this:

  ഓരോ മാച്ച് കഴിയുന്തോറും മുറുകുകയാണ് ഐപിഎൽ 2023ൻ്റെ കപ്പിനായുള്ള പോരാട്ടം. അപ്രതീക്ഷിത വഴിത്തിരിവുകളുടെയും അട്ടമറികളുടെയും പരമ്പരയായി ഇത്തവണത്തെ ഐപിഎൽ മാറിക്കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിന് പിന്നാലെ പ്ലേ ഓഫ് ഉറപ്പിച്ച രണ്ടാമത്തെ ടീമായി ചെന്നൈ ക്വാളിഫൈ ചെയ്തു. കളിക്കളത്തിലെ ആവേശം പോലത്തന്നെ എംഎസ് ധോണിയുമായി ബന്ധപ്പെട്ട വാർത്തകളും ഇത്തവണത്തെ ഐപിഎല്ലിൽ ആരാധകർക്ക് രസച്ചരടൊരുക്കുന്നുണ്ട്. ധോണിയുടെ അവസാനത്തെ ഐപിഎല്ലായിരിക്കുമിത് എന്നാണ് അഭ്യൂഹങ്ങൾ.

  2023 ഐപിഎല്ലോടെ ധോണി കളമൊഴിയും എന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ലെങ്കിലും, തങ്ങളുടെ പ്രിയതാരത്തെ ഗ്രൗണ്ടിൽ ഒരുനോക്കു കാണാനായി ചെന്നൈ സൂപ്പർകിംഗ്‌സിൻ്റെ മാച്ചുകൾ നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ കുത്തൊഴുക്കാണ്. പ്രിയപ്പെട്ട ധോണിയ്ക്ക് ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് അക്കൂട്ടത്തിലൊരു ആരാധകൻ. സമ്മാനം ധോണിയ്ക്ക് നേരിട്ട് കൈമാറാനും അദ്ദേഹത്തിന് സാധിച്ചു. ധോണിയുടെ ക്രിക്കറ്റ് കരിയറിലെ മികച്ച ചില ഇന്നിംഗ്‌സുകൾക്ക് സാക്ഷ്യം വഹിച്ച ചെപ്പോക്ക് സ്‌റ്റേഡിയത്തിൻ്റെ മിനിയേച്ചർ രൂപമാണ് ആരാധകൻ നിർമിച്ച് സമ്മാനിച്ചിരിക്കുന്നത്.

  ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ഹോംഗ്രൗണ്ടാണ് ചെപ്പോക്ക് സ്‌റ്റേഡിയം. ധോണിയുടെ ജീവിതത്തിൽ ചെപ്പോക്കിനുള്ള പ്രാധാന്യം അത്ര ചെറുതുമല്ല. ആരാധകൻ നൽകിയ സമ്മാനം ധോണി കൗതുകത്തോടെ നോക്കുന്ന ഒരു വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. വൈദ്യുതവെളിച്ചത്തിൽ പ്രകാശിക്കുന്ന സ്റ്റേഡിയത്തിന്റെ രൂപത്തിനു ചുറ്റും വലിയൊരു ചിരിയോടെ നടന്നു നിരീക്ഷിക്കുന്ന ധോണിയുടെ വീഡിയോ അനവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ധോണിയുടെ ഹോട്ടൽ മുറിയിലെ മേശയിലാണ് സമ്മാനം വച്ചിരിക്കുന്നതെന്നും വീഡിയോയിൽ കാണാം. സമ്മാനം ധോണിയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടിരിക്കുന്നുവെന്നും അങ്ങേയറ്റം സന്തോഷവാനായാണ് ധോണി അത് നോക്കിനിൽക്കുന്നതെന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്.

  Also Read-ധോണിപ്പട അനായാസം പ്ലേ ഓഫ് ഉറപ്പിച്ചു; ചെന്നൈ സൂപ്പർ കിങ്സ് ഡൽഹിയെ 77 റൺസിന് തകർത്തു

  ധോണിയുടെ കഠിനാധ്വാനത്തെയും സമ്മാനം നിർമിച്ചെടുത്ത ആരാധകൻ്റെ കഴിവിനെയും പ്രശംസിച്ചുകൊണ്ടുള്ള കമൻ്റുകളാണ് വീഡിയോയ്ക്കുള്ള പ്രതികരണമായി വന്നുകൊണ്ടിരിക്കുന്നത്. ഒരു ആരാധകൻ കുറിച്ചതിങ്ങനെ: ‘ഇദ്ദേഹത്തെപ്പോലെ മറ്റൊരു ക്രിക്കറ്ററില്ല. ധോണി വിരമിക്കുന്നതു കാണാൻ ആഗ്രഹിക്കുന്ന ആരുമില്ല എന്നതാണ് സത്യം. അദ്ദേഹത്തിൻ്റെ ജീവിതവും കഷ്ടപ്പാടുകളും എല്ലാവർക്കും മനസ്സിലാക്കാനും സ്വന്തം ജീവിതത്തോട് ബന്ധപ്പെടുത്താനും കഴിയും.’ ധോണിയുടെ ‘മില്യൺ-ഡോളർ പുഞ്ചിരി’യെക്കുറിച്ചുള്ള കമൻ്റുകളും ധാരാളമാണ്.

  മറ്റൊരു ആരാധകനാകട്ടെ, സമ്മാനം നിർമിച്ചയാളെ അഭിനനന്ദിക്കുകയാണ്. ‘ലവ് യൂ, എംഎസ് ധോണി. സ്‌റ്റേഡിയത്തിൻ്റെ ഈ അതിമനോഹര മിനിയേച്ചർ നിർമിച്ച ആ വ്യക്തിക്ക് കൈയടി.’ മറ്റൊരു പ്രതികരണം ഇങ്ങനെ:’അവിശ്വസനീയം. നമ്മുടെ ധോണിയുടെ പ്രതികരണം നോക്കൂ. ഇത്തരമൊരു സമ്മാനം കണ്ടതിൻ്റെ ഞെട്ടലിലാണദ്ദേഹം.’ ധോണിയുടെ ആരാധകവൃന്ദത്തിൻ്റെ ആവേശം വാക്കുകളിൽ പറഞ്ഞറിയിക്കാനാകില്ലെന്നാണ് മറ്റു കമൻ്റുകൾ.

  നിലവിൽ ഐപിഎൽ പോയിൻ്റ് നിലയിൽ രണ്ടാം സ്ഥാനത്താണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ സ്ഥാനം. 13 മാച്ചുകളിലായി 7 ജയങ്ങളാണ് ടീമിന് നേടാനായിരിക്കുന്നത്. 15 പോയിന്റുകൾ ഇതിനോടകം നേടിക്കഴിഞ്ഞിരിക്കുന്ന മഞ്ഞപ്പടയ്ക്ക്, പ്ലേഓഫ് സീറ്റുറപ്പിക്കാൻ ഇനി വെറുമൊരു വിജയം മാത്രം മതി. ശനിയാഴ്ചയാണ് ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ അവസാന ലീഗ് മത്സരം. ദൽഹി ക്യാപിറ്റൽസിനെയാണ് ചെന്നൈ എതിരിടുക.

  Published by:Jayesh Krishnan
  First published: