ചരിത്രനേട്ടത്തിനൊപ്പം റൊണാൾഡോ; അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ കണക്കിൽ അലി ദേയിക്കൊപ്പം
- Published by:Naveen
- news18-malayalam
Last Updated:
യൂറോ കപ്പിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെയാണ് പോർച്ചുഗീസ് താരം 109 ഗോളുകളുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അലി ദേയിയുടെ ഒപ്പം എത്തിയത്.
ഫ്രാൻസിനെതിരെ സമനില നേടി പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയ പോർച്ചുഗലിന് ബെൽജിയമാണ് എതിരാളികൾ. ഇന്നത്തെ മത്സരത്തിലെ രണ്ട് ഗോളുകളും കൂട്ടി ഈ യൂറോ കപ്പിൽ റൊണാൾഡോ അഞ്ചു ഗോളുകളാണ് ഇതുവരെ നേടിയത്. തകർപ്പൻ ഫോമിലുള്ള താരം പ്രീക്വാർട്ടറിൽ ബെൽജിയത്തിന് എതിരെ കൂടി ഗോൾ നേടിയാൽ അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ റെക്കോർഡ് താരത്തിന് തന്റെ മാത്രം പേരിലാക്കാൻ കഴിയും. താരത്തിന്റെ നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ ബെൽജിയത്തിനെതിരായ മത്സരത്തിൽ തന്നെ താരം ഈ റെക്കോർഡ് തിരുത്തിയേക്കാം. ഫുട്‍ബോളിൽ സജീവമായുള്ള താരങ്ങളിൽ ആരും തന്നെ ഗോൾ കണക്കിൽ റൊണാൾഡോയുടെ അടുത്ത് പോലുമില്ല. സജീവമായി കളിക്കുന്ന താരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് രണ്ടാം സ്ഥാനത്ത്. ഛേത്രിക്ക് 74 ഗോളുകൾ ആണുള്ളത്. അര്ജന്റീന താരമായ ലയണൽ മെസ്സിക്ക് 73 ഗോളുകൾ ആണ് സ്വന്തമായുള്ളത്.
advertisement
ഇതോടൊപ്പം യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോൾ നേടുന്ന യൂറോപ്യൻ താരം എന്ന റെക്കോർഡ് കൂടി റൊണാൾഡോ സ്വന്തമാക്കി. 21 ഗോളുകളാണ് താരം ഇതുവരെ ഇരു ടൂർണമെൻ്റുകളിൽ നിന്നും നേടിയത്.
നേരത്തെ ഹംഗറിക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടി യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് കൂടി നേടിയിരുന്നു. ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ ഒമ്പത് ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ അന്ന് മറികടന്നത്. പിന്നീട് മൂന്ന് ഗോളുകൾ നേടിയ താരത്തിന് നിലവിൽ 24 യൂറോ കപ്പ് മത്സരങ്ങളിൽ നിന്നായി 14 ഗോളുകളാണ് സ്വന്തമായുള്ളത്.
advertisement
യൂറോ കപ്പിലെ ഗോൾ നേട്ടത്തിൽ റെക്കോർഡിട്ട റൊണാൾഡോ അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും അതോടൊപ്പം തുടർച്ചയായി അഞ്ച് യൂറോ കപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
ഇനിയൊരു യൂറോ കപ്പിന് താരം ഉണ്ടാകുമോ എന്ന് എല്ലാവരും ചോദിക്കുമ്പോഴും താരം തന്റെ 36ാം വയസ്സിലും ഫുട്‍ബോൾ ലോകത്തെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ജർമനിക്കെതിരായ മത്സരത്തിൽ താരം നേടിയ ഗോൾ. കളിയിൽ റൊണാൾഡോയുടേത് ഒരു സാധാരണ ടാപ് ഇൻ ഗോൾ ആയിരുന്നെങ്കിലും താരം ഗോൾ നേടാൻ പിന്നിട്ട വഴിയാണ് ഗോളിനെ ചർച്ചാവിഷയമാക്കിയത്. ഗോൾ നേടാൻ റൊണാൾഡോ പോർച്ചുഗൽ പോസ്റ്റിൽ നിന്നും ജർമൻ പോസ്റ്റിലേക്ക് ഓടിയെത്തിയത് വെറും 14.2 സെക്കന്റിലാണ്. ഇരു പോസ്റ്റുകൾക്കിടയിലുള്ള 92 മീറ്റർ ദൂരം താരം താണ്ടിയത് മണിക്കൂറിൽ ഏകദേശം 32കി.മീ വേഗത്തിലായിരുന്നു.
advertisement
Also read- Euro Cup| 14.2 സെക്കൻ്റിൽ പിന്നിട്ടത് 92 മീറ്റർ; തോൽവിയിലും ചർച്ചയായി റൊണാൾഡോയുടെ ഗോൾ
തൻ്റെ 36ാം വയസ്സിലും അസാമാന്യ കായിക മികവ് പുലർത്തുന്ന താരം മത്സരത്തിലുടനീളം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. കഠിനാദ്ധ്വാനവും ആത്മസർപ്പണവും കളിയോടുള്ള അടങ്ങാത്ത ആവേശവുമാണ് റൊണാൾഡോയെ ഫുട്‍ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാക്കുന്നത്.
Summary
Cristiano Ronaldo reaches another milestone, becomes the highest international goal scorer alongside Ali Daei
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 24, 2021 5:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചരിത്രനേട്ടത്തിനൊപ്പം റൊണാൾഡോ; അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ കണക്കിൽ അലി ദേയിക്കൊപ്പം