മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവില്‍ കളിച്ച ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും ചരിത്രം കുറിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ട് സുപ്രധാന നേട്ടങ്ങളാണ് റൊണാള്‍ഡോ യങ് ബോയ്സിനെതിരായ മത്സരത്തില്‍ പോക്കറ്റിലാക്കിയത്. മത്സരത്തിനിറങ്ങിയപ്പോള്‍ തന്നെ റയല്‍ മാഡ്രിഡ് ഇതിഹാസതാരം ഇകര്‍ കസിയസിന്റെ ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്തിയ റൊണാള്‍ഡോ മത്സരത്തില്‍ നേടിയ ഗോളിലൂടെ ലയണല്‍ മെസിയുടെ മാത്രം പേരിലുണ്ടായിരുന്ന ഒരു റെക്കോര്‍ഡിനും പങ്കാളിയായി.
മത്സരത്തിന്റെ 13ആം മിനുട്ടില്‍ തന്നെ യങ് ബോയ്സിന്റെ വല കുലുക്കിയാണ് ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോളുകള്‍ നേടിയ കളിക്കാരനെന്ന ലയണല്‍ മെസിയുടെ റെക്കോര്‍ഡിനൊപ്പം പോര്‍ച്ചുഗല്‍ താരം എത്തുന്നത്. റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന മുപ്പത്തിയാറാമത്തെ ടീമാണ് യങ് ബോയ്സ്. ഈ സീസണ് ചാമ്പ്യന്‍സ് ലീഗിലെ ആദ്യത്തെ ഗോള്‍ കൂടിയാണു റൊണാള്‍ഡോ കുറിച്ചത്. തുടര്‍ച്ചയായ പതിനേഴാമത്തെ സീസണിലാണ് താരം ചാമ്പ്യന്‍സ് ലീഗില്‍ വലകുലുക്കുന്നതെന്ന പ്രത്യേകതയും ഈ ഗോളിനുണ്ടായിരുന്നു.
36 - Young Boys are the 36th different team Cristiano Ronaldo has scored against in the UEFA Champions League, with no player scoring against more (also Lionel Messi on 36). Collection. pic.twitter.com/xVk4EDZnnC
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം തന്റെ ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതിനു ശേഷം റയല്‍ മാഡ്രിഡിനൊപ്പം നാലു യൂറോപ്യന്‍ കിരീടങ്ങള്‍ കൂടി ഉയര്‍ത്തിയിട്ടുള്ള റൊണാള്‍ഡോ 2009നു ശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി യൂറോപ്യന്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇതുവരെ 177 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ കളിച്ചു കൊണ്ടാണ് താരം സ്പാനിഷ് ഗോള്‍കീപ്പര്‍ ഇകര്‍ കസിയസിന്റെ പേരിലുള്ള റെക്കോര്‍ഡ് പങ്കു വെക്കുന്നത്. അടുത്ത ചാമ്പ്യന്‍സ് ലീഗ് മത്സരം കളിക്കുന്നതോടെ ഈ റെക്കോര്‍ഡ് റൊണാള്‍ഡോയുടെ മാത്രം പേരിലാകും.
RECORD! Cristiano Ronaldo joins Iker Casillas (177) as all-time leading appearance maker in the Champions League 👏
എന്നാല്‍ മത്സരത്തില്‍ യുണൈറ്റഡിനെ അട്ടിമറിച്ചുകൊണ്ട് യങ് ബോയ്സ് മത്സരം വിജയിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് വീണത്. ആദ്യ പകുതിയില്‍ ഡിഫന്‍ഡര്‍ വാന്‍ ബിസാക ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിനയായത്.
മത്സരത്തിന്റെ 13ആം മിനുട്ടില്‍ തന്നെ ക്രിസ്റ്റ്യാനോയുടെ ഗോളിലൂടെ യുണൈറ്റഡ് മുന്പിലെത്തിയിരുന്നു. എന്നാല്‍ 35ആം മിനുട്ടില്‍ വാന്‍ ബിസാക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയി. 66ആം മിനുട്ടിലാണ് യങ് ബോയ്സ് സമനില ഗോള്‍ നേടിയത്. കളി സമനിലയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം യങ് ബോയ്സിന്റെ വിജയ ഗോള്‍ എത്തുകയായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.