അന്താരാഷ്ട്ര ഫുട്ബോളില് ഏറ്റവും കൂടുതല് ഗോളുകള് എന്ന ചരിത്ര നേട്ടം കുറിച്ച മത്സരത്തില് എതിര് ടീമിലെ താരത്തിന്റെ കരണത്തടിച്ച് വിവാദം സൃഷ്ടിച്ചിരിക്കുകയാണ് പോര്ച്ചുഗല് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. മത്സരത്തില് തലനാരിഴയ്ക്കാണ് ചുവപ്പു കാര്ഡില് നിന്നും റൊണാള്ഡോ രക്ഷപ്പെട്ടത്. ലോക റെക്കോര്ഡ് നേട്ടത്തിന് പിന്നാലെ താരം ഗ്രൗണ്ടില് നിയന്ത്രണം വിട്ട നിമിഷങ്ങളും ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നു.
മത്സരത്തിനിടെ അയര്ലന്ഡ് താരം ഡാര ഒഷിയയുടെ മുഖത്തടിച്ചതാണ് റഫറിയും മറ്റ് ടീം അംഗങ്ങളും ശ്രദ്ധിക്കാതെ പോയത്. റഫറിയുടെ ശ്രദ്ധയില് പെടാതെ പോയതാണ് താരത്തെ രക്ഷിച്ചത്. മത്സരത്തിന്റെ 10ആം മിനിറ്റിലായിരുന്നു സംഭവം. പോര്ച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാല്റ്റിയില് വാര് പരിശോധന നടക്കുന്ന സമയത്താണ് സംഭവം. റൊണാള്ഡോ പന്തുമായി കിക്കെടുക്കാന് കാത്തുനില്ക്കവെ അയര്ലന്ഡ് താരം ഡാര ഒഷിയ പന്ത് തട്ടിക്കളഞ്ഞതാണ് താരത്തെ പ്രകോപിപിച്ചത്. പ്രകോപിതനായ താരം ഒഷിയയുടെ മുഖത്ത് അടിക്കുകയായിരുന്നു. പിന്നീട് കിക്കെടുത്ത റൊണാള്ഡോയ്ക്കു പക്ഷേ ലക്ഷ്യം പിഴയ്ക്കുകയും ചെയ്തു.
How is this not a red card for Mr Influencer Ronaldo?pic.twitter.com/jZcvvUME2g
— Edmund 💉 (@EdmundOris) September 1, 2021
മത്സരത്തില് ഒരു ഗോളിന് പിന്നില് നിന്നതിന് ശേഷം 89ആം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഹെഡ്ഡറിലൂടെ ഗോള് നേടിയാണ് ക്രിസ്റ്റ്യാനോ ടീമിന് ജയം നേടിക്കൊടുത്തത്. ഇരട്ട ഗോളോടെ ക്രിസ്റ്റ്യാനോയുടെ രാജ്യാന്തര ഫുട്ബോളിലെ ഗോള് നേട്ടം 111ലേക്ക് എത്തി.
മത്സരത്തില് ഇരട്ട ഗോളുകള് നേടിയ റൊണാള്ഡോ, ഇറാന്റെ അലി ദെയിയെ മറികടന്നാണ് അന്തരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോള്വേട്ടക്കാരുടെ പട്ടികയില് ഒന്നാമതെത്തിയത്. അന്താരാഷ്ട്ര മത്സരങ്ങളില് പോര്ച്ചുഗലിനായി 111 ഗോളുകളാണ് റൊണാള്ഡോ നേടിയിരിക്കുന്നത്. 109 ഗോളുകളാണ് അലി ദെയിയുടെ സമ്പാദ്യം.
അതേസമയം, ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് പോര്ച്ചുഗല് ജയം നേടിയ മത്സരത്തില് അയര്ലന്ഡ് ആയിരുന്നു ആദ്യം ലീഡെടുത്തത്. 45ാം മിനിറ്റില് ജോണ് ഇഗന്റെ ഗോളിലൂടെയാണ് അയര്ലാന്ഡ് ലീഡ് എടുത്തത്. എന്നാല് 89ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും നേടിയ ഗോളുകളിലൂടെ പോര്ച്ചുഗല് നായകന് കൂടിയായ ക്രിസ്റ്റ്യാനോ റൊണാള്ഡോ തന്റെ ടീമിന് ജയം സമ്മാനിക്കുകയായിരുന്നു.
Read also: Cristiano Ronaldo | ഏറ്റവും കൂടുതല് അന്താരാഷ്ട്ര ഗോള്; ചരിത്രം തിരുത്തി ക്രിസ്റ്റ്യാനോ റൊണാള്ഡോ
തന്റെ പഴയകാല ക്ലബായ മാഞ്ചസ്റ്റര് യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ തന്റെ രാജ്യത്തിനായി ഇറങ്ങിയ ആദ്യ മത്സരത്തില് ഫുട്ബോളിലെ മികച്ച റെക്കോര്ഡ് സ്വന്തമാക്കന് കഴിഞ്ഞത് റൊണാള്ഡോയ്ക്ക് ഇരട്ടിമധുരമായി. 12 വര്ഷങ്ങള്ക്ക് ശേഷമാണ് റൊണാള്ഡോ മാഞ്ചസ്റ്റര് യുണൈറ്റഡില് തിരികെയെത്തുന്നത്. ഒരു വര്ഷത്തേക്ക് കൂടി കരാര് പുതുക്കാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റര് യുണൈറ്റഡിന് വേണ്ടി കളിക്കാനും ഓള്ഡ് ട്രാഫോര്ഡില് ആരാധകരെ കാണാനും ഇന്റര്നാഷണല് മത്സരങ്ങള്ക്ക് ശേഷം റൊണാള്ഡോ എത്തുമെന്നും യുണൈറ്റഡ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cristiano ronaldo, Ireland, Portugal