Dhyan Chand 116th Birth Anniversary | ഹോക്കി മാന്ത്രികനായ മേജർ ധ്യാൻ ചന്ദിന്റെ ജീവിതതാളുകളിലൂടെ

Last Updated:

ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ചതിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം അദ്ദേഹത്തിൻറെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായിക ദിനം കൂടിയായാണ് ആചരിക്കുന്നത്

ധ്യാൻ ചന്ദ്, ലോകം കണ്ട എക്കാലത്തെയും മികച്ച ഹോക്കി കളിക്കാരിൽ ഒരാൾ. കളത്തിൽ തന്റെ ഹോക്കി സ്റ്റിക്ക് കൊണ്ട് മായാജാല പ്രകടനങ്ങൾ പുറത്തെടുത്ത താരം ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ്. ധ്യാൻ ചന്ദിന്റെ ഈ മായാജാല പ്രകടനങ്ങൾ കണ്ട ലോകം അദ്ദേഹത്തെ ഹോക്കിയിലെ മാന്ത്രികൻ എന്ന ഓമനപ്പേരിട്ട് വിളിച്ചു. ധ്യാൻ ചന്ദ് ഇന്ത്യൻ ടീമിനൊപ്പം തന്റെ മായാജാല പ്രകടനങ്ങൾ തുടർന്നതോടെ അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും പ്രകടനങ്ങളുടെ ചിറകിലേറി ഇന്ത്യ ഹോക്കിയിലെ അജയ്യ ശക്തിയായി മാറുകയായിരുന്നു. ഇന്ത്യയെ ഹോക്കിയിൽ പ്രതാപശാലികളായി മാറ്റിയ ഈ അതുല്യ പ്രതിഭയുടെ 116ാ൦ ജന്മവാർഷികമാണ് ഇന്ന്. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ചതിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം അദ്ദേഹത്തിൻറെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായിക ദിനം കൂടിയായാണ് ആചരിക്കുന്നത്.
1905 ഓഗസ്റ്റ് 29ന്‌ അലഹബാദിൽ സമേശ്വർ സിങ്, ശാരദ സിങ് ദമ്പതികളുടെ മകനായാണ് ധ്യാൻ ചന്ദിന്റെ ജനനം. ധ്യാൻചന്ദിന്റെ അച്ഛൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലായതിനാൽ പലയിടങ്ങളിൽ ആയിരുന്നു ധ്യാൻ ചന്ദിന്റെ സ്കൂൾ പഠനം. സ്കൂളിലെ പഠനം പൂർത്തിയാക്കിയ ശേഷം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ ചേർന്നാണ് അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കിയത്. ഇതിനു ശേഷം തന്റെ 17ാ൦ വയസ്സിൽ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ബ്രാഹ്മണ റെജിമെന്റിൽ ചേർന്നു. ഈ സമയത്താണ് അദ്ദേഹം ഹോക്കി കളിക്കാൻ ആരംഭിക്കുന്നത്. ആർമിയിൽ, 1922 മുതൽ 26 വരെയുള്ള കാലഘട്ടത്തിൽ സേനയ്ക്കകത്തുള്ള അകത്തുള്ള റെജിമെന്റുകൾ തമ്മിലുള്ള മത്സരങ്ങളിൽ കളിച്ചിരുന്ന ധ്യാൻചന്ദിനെ ഇവിടുത്തെ മികവ് കണ്ട് ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ആർമി ടീമിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. പര്യടനത്തിന് പോയ ഇന്ത്യൻ സംഘം വിജയശ്രീലാളിതരായാണ് തിരികെ വന്നത്. 21 മത്സരങ്ങളിൽ 18ലും ഇന്ത്യക്കായിരുന്നു ജയം.
advertisement
1928ലെ ആംസ്റ്റർഡാം ഒളിമ്പിക്‌സാണ് അദ്ദേഹത്തിന് രാജ്യാന്തര തലത്തിൽ വലിയ പ്രശസ്തി നേടിക്കൊടുത്തത്. ആംസ്റ്റർഡാം ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ ധ്യാൻ ചന്ദും ഉൾപ്പെട്ടിരുന്നു. ഓസ്ട്രിയ ബെൽജിയം ഡെന്മാർക്ക് സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഡിവിഷൻ 'എ'ലായിരുന്നു ഇന്ത്യ. ആദ്യ മത്സരത്തിൽ ഓസ്ട്രിയയെ ധ്യാൻ ചന്ദിന്റെ ഹാട്രിക്ക് ഗോൽമികവിൽ 6-0 ന് തോൽപ്പിച്ച ഇന്ത്യ, അടുത്ത മത്സരങ്ങളിലായി ബെൽജിയത്തിനെ 9-0 നും ഡെൻമാർക്കിനെ 5 -0നും സെമിഫൈനലിൽ സ്വിറ്റ്സർലാൻഡിനെ 6-0 നും തോൽപ്പിച്ച് ഫൈനലിലേക്ക് യോഗ്യത നേടുകയും ഫൈനലിൽ ആതിഥേയരായ നെതർലൻഡ്സിനെ 3-0 ന് തോൽപ്പിച്ച് ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടി. ഫൈനൽ മത്സരത്തിലും രണ്ട് ഗോളുകൾ നേടി ഗോളടി തുടർന്ന ധ്യാൻചന്ദ് അഞ്ച് കളികളിലായി 14 ഗോളുകളാണ് നേടിയത്.
advertisement
പിന്നീട് അങ്ങോട്ട് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആധിപത്യം തന്നെയായിരുന്നു. ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യൻ സംഘം സ്വർണം വാരിക്കൂട്ടുമ്പോൾ അതിലെല്ലാം തന്നെ ധ്യാൻ ചന്ദിന്റെ മാന്ത്രിക കരസ്പർശം ഉണ്ടായിരുന്നു.
ധ്യാൻ ചന്ദിന്റെ ജീവിതത്തിലെ മറ്റൊരു സുപ്രധാന സംഭവം നടന്നത് 1936 ബെർലിൻ ഒളിമ്പിക്സിലായിരുന്നു. ജർമനി ആതിഥേയത്വം വഹിച്ച ഒളിമ്പിക്സിൽ അതിന്റെ നടത്തിപ്പുകാരനായി മുന്നിൽ ഉണ്ടായിരുന്നത് സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ ആയിരുന്നു. ഇതിനു മുൻപും ഇതിനു പിൻപും ഇത്ര കെങ്കേമമായി ഒരു ഒളിമ്പിക്സ് നടന്നുകാണരുതെന്ന വാശിയിൽ വൻകിട സന്നാഹങ്ങളോടെയാണ് അഡോൾഫ് ഹിറ്റ്ലർ കായിക മാമാങ്കം സംഘടിപ്പിച്ചത്. ഒളിമ്പിക്സിലെ ഉദ്‌ഘാടന ചടങ്ങിൽ മാർച്ച്പാസ്റ്റിൽ മറ്റ് രാജ്യങ്ങളിലെ താരങ്ങൾ എല്ലാവരും തന്നെ ഹിറ്റ്ലറെ സല്യൂട്ട് ചെയ്തപ്പോൾ ഹിറ്റ്ലർ പുലർത്തിയിരുന്ന വംശീയതയിൽ പ്രതിഷേധിച്ച്, യുഎസും ഇന്ത്യയും അദ്ദേഹത്തെ സല്യൂട്ട് ചെയ്തില്ല, ധ്യാൻ ചന്ദായിരുന്നു ഇന്ത്യൻ സംഘത്തെ നയിച്ചത് എന്നതിനാൽ അദ്ദേഹവും സല്യൂട്ട് ചെയ്തില്ല. തന്നെ സല്യൂട്ട് ചെയ്യാതിരുന്ന ധ്യാൻ ചന്ദിനെ ധിക്കാരി എന്ന് വിളിച്ച ഹിറ്റ്ലർ, അദ്ദേഹത്തിന്റെ ധിക്കാരം ഫൈനൽ മത്സരത്തിൽ തീർത്തുകൊടുക്കാം എന്ന തീരുമാനത്തിലാണ് എത്തിയത്.
advertisement
ഇന്ത്യയും ജർമനിയുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. കാണികൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ, ഹിറ്റ്ലറെ സാക്ഷി നിർത്തി ധ്യാൻ ചന്ദിന്റെ ഇന്ത്യൻ സംഘം, ഒന്നിനെതിരെ എട്ട് ഗോളുകൾക്കാണ് ജർമനിയെ തകർത്തുവിട്ടത്. മത്സരത്തിനിടയിൽ ജർമ്മൻ ഗോൾ കീപ്പർ ടിറ്റോ വാൺ ഹോൾസുമായുണ്ടായ കൂട്ടിയിടിയിൽ ധ്യാൻ ചന്ദിന്റെ പല്ലിന് പരിക്കേറ്റിരുന്നു. ഫൈനലിൽ നേടിയ മൂന്ന് ഗോളുകളടക്കം ടൂർണമെന്റിൽ മൊത്തം 13 ഗോളുകളാണ് ധ്യാൻ ചന്ദ് അന്ന് നേടിയത്.
ജര്‍മനിയെ തോല്‍പിച്ചപ്പോള്‍, ഹിറ്റ്‌ലര്‍ നല്‍കിയ അത്താഴവിരുന്നില്‍ ധ്യാന്‍ ചന്ദ് പങ്കെടുത്തിരുന്നു. ഇന്ത്യന്‍ കരസേനയില്‍ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന അദ്ദേഹത്തിന് ഹിറ്റ്‌ലര്‍, ജര്‍മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെ ജര്‍മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്‌തെങ്കിലും ധ്യാന്‍ ചന്ദ് ആ വാഗ്ദാനം നിരസിക്കുകയാണ് ഉണ്ടായത്.
advertisement
34 വർഷത്തെ ആർമി സേവനത്തിന് ശേഷം 1956 ഓഗസ്റ്റ് 29 ന് ലഫ്റ്റനന്റായാണ് ധ്യാൻ ചന്ദ് വിരമിച്ചത്. തുടർന്ന് രാജസ്ഥാനിലെ മൌണ്ട് അബു കോച്ചിങ് ക്യാമ്പിലും പട്ട്യാലയിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്പോർട്സിൽ പരിശീലകനായി പ്രവർത്തിച്ചു. കരൾ കാൻസർ ബാധിതനായിരുന്ന അദ്ദേഹം 1979 ഡിസംബർ 3ന് ഡൽഹിയിൽ വെച്ച് അന്തരിച്ചു.
ഇന്ത്യൻ ടീമിനെ മികവിന്റെ ഉന്നതിയിലേക്ക് നയിച്ച അദ്ദേഹം ഇന്ത്യൻ ജേഴ്‌സിയിൽ 400ലധികം രാജ്യാന്തര ഗോളുകളാണ് നേടിയത്. ഇന്ത്യൻ ഹോക്കിയുടെ മുഖവും ഹോക്കിയിലെ ഇതിഹാസ താരവുമായ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിവസമാണ് കായിക താരങ്ങൾക്കുള്ള അർജുന അവാർഡ് പരിശീലകർക്കുളള ദ്രോണാചാര്യ പുരസ്കാരം എന്നിവ സമ്മാനിക്കുന്നത്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി 2002ൽ ഡൽഹിയിലെ ദേശീയ സ്റ്റേഡിയത്തിന് ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയം എന്ന പേര് നൽകുകയുണ്ടായി. അടുത്തിടെ ഇന്ത്യയിലെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന എന്നാക്കി പുനർനാമകരണം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിഅറിയിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Dhyan Chand 116th Birth Anniversary | ഹോക്കി മാന്ത്രികനായ മേജർ ധ്യാൻ ചന്ദിന്റെ ജീവിതതാളുകളിലൂടെ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement