IND vs ENG | ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്, 183 റണ്‍സിന് ഓള്‍ ഔട്ട്
- Published by:Sarath Mohanan
- news18-malayalam
Last Updated:
64 റണ്‍സ് നേടിയ നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 183 റണ്‍സില്‍ അവസാനിച്ചു. 64 റണ്‍സ് നേടിയ നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ക്ക് അത്ര ഭേദപ്പെട്ട തുടക്കമല്ല ലഭിച്ചത്. ആദ്യത്തെ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായത് ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായി മാറി. സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ് ആദ്യത്തെ ഓവറില്‍ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. ശേഷം ഇംഗ്ലണ്ട് മികച്ച രീതിയിലാണ് മുന്നോട്ട് നീങ്ങിയത്. രണ്ടാം വിക്കറ്റില്‍ 42 റണ്‍സ് നേടിയ സാക്ക് ക്രോളി- ഡൊമിനിക് സിബ്ലേ കൂട്ടുകെട്ടിനെ തകര്‍ത്ത് സിറാജാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയത്. 27 റണ്‍സ് നേടിയ ക്രോളിയെയാണ് സിറാജ് പുറത്താക്കിയത്. ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 61/2 എന്ന നിലയിലായിരുന്നു.
advertisement
സ്‌കോര്‍ 66 എത്തിയപ്പോള്‍ ഓപ്പണര്‍ ഡോം സിബ്ലിയെ മുഹമ്മദ് ഷമി കെ എല്‍ രാഹുലിന്റെ കൈകളില്‍ എത്തിച്ചു. പിന്നീട് ക്രീസിലൊരുമിച്ച നായകന്‍ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും മികച്ച രീതിയില്‍ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. എന്നാല്‍ സ്‌കോര്‍ 138ല്‍ നില്‍ക്കുമ്പോള്‍ ഷമി ബെയര്‍സ്റ്റോയെയും വീഴ്ത്തി. 29 റണ്‍സാണ് ബൈയര്‍സ്റ്റോ നേടിയത്. പിന്നീട് ക്രീസിലെത്തിയ ആര്‍ക്കും തന്നെ ബാറ്റിംഗില്‍ താളം കണ്ടെത്താനായില്ല. ലോറന്‍സ്, ജോസ് ബട്ട്‌ലര്‍, ഒലി റോബിന്‍സണ്‍ എന്നിവര്‍ ഡക്കായാണ് പുറത്തായത്. സ്‌കോര്‍ 155ല്‍ എത്തിയപ്പോള്‍ 108 പന്തില്‍ നിന്നും 64 റണ്‍സുമായി നായകന്‍ റൂട്ടും മടങ്ങി.
advertisement
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. രവിചന്ദ്രന്‍ അശ്വിനെയും, ഇഷാന്ത് ശര്‍മ്മയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജോണി ബെയര്‍സ്റ്റോ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയെന്നതാണ് ഇംഗ്ലണ്ട് ടീമില്‍ ശ്രദ്ധേയം. രവീന്ദ്ര ജഡേജയാണ് മത്സരത്തില്‍ ഇന്ത്യയുടെ ഏക സ്പിന്നറായി കളിക്കുന്നത്. ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ നാല് പേസര്‍മാരെയും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റപ്പോള്‍ ഇന്ത്യയുടെ മികവിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നവര്‍ക്ക് ഈ പരമ്പരയിലെ മികച്ച പ്രകടനം കൊണ്ട് മറുപടി നല്‍കാനാകും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ സംഘത്തിനും വലിയൊരു നേട്ടമാകും പ്രത്യേകിച്ചും 2007ന് ശേഷം ഇംഗ്ലണ്ടില്‍ ഇതുവരെയും പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2021 10:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG | ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്, 183 റണ്‍സിന് ഓള്‍ ഔട്ട്