• HOME
  • »
  • NEWS
  • »
  • sports
  • »
  • അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ ഐ പി എല്ലിനെത്തും, സ്ഥിരീകരിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ ഐ പി എല്ലിനെത്തും, സ്ഥിരീകരിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

ഐ പി എല്ലിനായി പോകണോ എന്നത് ഓരോ താരങ്ങള്‍ക്കും തീരുമാനിക്കാവുന്നതാണ്. ബോര്‍ഡുകള്‍ ഔദ്യോഗികമായി താരങ്ങളുടെ പങ്കാളിത്തം ഉറപ്പ് നല്‍കിയെന്ന് ബി സി സി ഐ ഫ്രാഞ്ചൈസികളെ അറിയിച്ചു.

Image-@IPL (Twitter)

Image-@IPL (Twitter)

  • Share this:
    യു എ ഈയില്‍ നടക്കുന്ന ഐ പി എല്‍ രണ്ടാം പാദ മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പായിരിക്കുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചു. പതിനാലാം ഐ പി എല്‍ സീസണിലെ ബാക്കി മത്സരങ്ങള്‍ക്കായി തങ്ങളുടെ കളിക്കാരെ വിടുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ ബി സി സി ഐയെ അറിയിച്ചു.

    ഐ പി എല്ലിനായി പോകണോ എന്നത് ഓരോ താരങ്ങള്‍ക്കും തീരുമാനിക്കാവുന്നതാണ്. ബോര്‍ഡുകള്‍ ഔദ്യോഗികമായി താരങ്ങളുടെ പങ്കാളിത്തം ഉറപ്പ് നല്‍കിയെന്ന് ബി സി സി ഐ ഇന്നലെ ഫ്രാഞ്ചൈസികളെ അറിയിച്ചു. ഒക്ടോബറില്‍ ഇംഗ്ലണ്ട് പാകിസ്ഥാനുമായി പരിമിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയ്ക്ക് ഐ പി എല്‍ താരങ്ങളുടെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.

    ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ കാശി വിശ്വനാഥനും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്‌സിന്റെ സതീഷ് മേനോനും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. തങ്ങളുടെ ജേസന്‍ ബെഹ്റന്‍ഡോര്‍ഫ്, സാം കറന്‍, മൊയിന്‍ അലി എന്നീ താരങ്ങള്‍ ഐ പി എല്ലിന് എത്താന്‍ സന്നദ്ധരാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

    ഓസ്ട്രേലിയയുടെ മാക്സ്വെല്ലും ഡേവിഡ് വാര്‍ണറും ഓസീസിന്റെ വിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് ഐ പി എല്ലിന് എത്തുന്നതിനായി പിന്മാറിയിരുന്നു. ബംഗ്ലാദേശ് പര്യടനം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മാറ്റി വയ്ക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ആണ് ഐ പി എല്ലിന് എത്തിയേക്കില്ലെന്ന നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ കമ്മിന്‍സ് തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ആരാധകര്‍.

    യു എ ഈയില്‍ നടക്കുന്ന ഐ പി എല്‍ രണ്ടാം പാദത്തിന്റെ മത്സരക്രമം ഈയിടെ ബി സി സി ഐ പുറത്തുവിട്ടിരുന്നു. ബി സി സി ഐ പുറത്തുവിട്ട മത്സരക്രമം പ്രകാരം ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബര്‍ 15നാണ് ഫൈനല്‍.

    യുഎഈയില്‍ നടക്കുന്ന മത്സരങ്ങളില്‍ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
    Published by:Sarath Mohanan
    First published: