IND vs ENG | ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു, അശ്വിന്‍ പുറത്ത്, കെ എല്‍ രാഹുല്‍ ടീമില്‍

Last Updated:

ജോണി ബെയര്‍‌സ്റ്റോ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയെന്നതാണ് ഇംഗ്ലണ്ട് ടീമില്‍ ശ്രദ്ധേയം. രവീന്ദ്ര ജഡേജയാണ് മത്സരത്തില്‍ ഇന്ത്യയുടെ ഏക സ്പിന്നറായി കളിക്കുന്നത്.

News18
News18
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. രവിചന്ദ്രന്‍ അശ്വിനും, ഇഷാന്ത് ശര്‍മ്മക്കും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജോണി ബെയര്‍‌സ്റ്റോ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയെന്നതാണ് ഇംഗ്ലണ്ട് ടീമില്‍ ശ്രദ്ധേയം. രവീന്ദ്ര ജഡേജയാണ് മത്സരത്തില്‍ ഇന്ത്യയുടെ ഏക സ്പിന്നറായി കളിക്കുന്നത്. ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ നാല് പേസര്‍മാരും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.
അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.  ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് ആരംഭിക്കുന്ന മത്സരം സോണി ചാനലുകളില്‍ തത്സമയം കാണാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റപ്പോള്‍ ഇന്ത്യയുടെ മികവിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നവര്‍ക്ക് ഈ പരമ്പരയിലെ മികച്ച പ്രകടനം കൊണ്ട് മറുപടി നല്‍കാനാകും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ സംഘത്തിനും വലിയൊരു നേട്ടമാകും പ്രത്യേകിച്ചും 2007ന് ശേഷം ഇംഗ്ലണ്ടില്‍ ഇതുവരെയും പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍.
advertisement
ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്‌സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക. അതേസമയം പരമ്പര ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പരിശീലനത്തിനിടെ പരിക്കേറ്റു. പരിശീലനത്തിനിടെ ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൌണ്‍സര്‍ തലയില്‍ കൊണ്ടാണ് മായങ്ക് അഗര്‍വാളിന് പരിക്കേറ്റത്. നേരത്തെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
advertisement
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം കൂടിയേ തീരൂ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്പര നേടിതന്നത്. 2018ലാണ് ഇത് അവസാനമായി നടന്നത്. ജോസ് ബട്ട്‌ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകര്‍ത്ത് വിട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG | ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു, അശ്വിന്‍ പുറത്ത്, കെ എല്‍ രാഹുല്‍ ടീമില്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement