ശ്രീലങ്കയ്ക്കെതിരെ ധവാനോടൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം പൃഥ്വി ഷാ കാഴ്ച വെച്ചത്. ഇന്നലെ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ആരാധകര്‍ ഏവരും വളരെ ആവേശത്തോടെ കാത്തിരുന്നത് ഇന്ത്യന്‍ സ്ക്വാഡിലെ യുവതാരങ്ങളുടെ പ്രകടനത്തിനായിരുന്നു. ആരാധകരുടെ മനസ്സ് നിറച്ച പ്രകടനം തന്നെയാണ് അവര്‍ സമ്മാനിച്ചതും. ശിഖര്‍ ധവാന്റെയും ഇഷാന് കിഷന്റെയും അര്‍ദ്ധ ശതകങ്ങളെ മറികടന്ന് പൃഥ്വി ഷായെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.
ഷാ 24 പന്തില്‍ 43 റണ്‍സ് നേടി പുറത്താകുമ്പോള്‍ ഇന്ത്യ 5.3 ഓവറില്‍ 58 റണ്‍സ് നേടിയിരുന്നു. ഇതു തന്നെയാണ് ലങ്കന്‍ ടോട്ടല്‍ അതിവേഗം മറികടക്കാന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ചതും. യുവതാരത്തെ പലരും മുമ്പ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിനോട് ഉപമിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്നലത്തെ പ്രകടനത്തിലൂടെ പിന്നെയും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം വിരേന്ദര്‍ സേവാഗിന്റെ ഒരു റെക്കോര്‍ഡും ഷാ ഇന്നലത്തെ മത്സരത്തിലൂടെ പോക്കറ്റിലാക്കിയിട്ടുണ്ട് എന്നതാണ്.
ആദ്യ ആറ് ഓവറിനുള്ളില്‍ തന്നെ പൃഥ്വി ഷാ സ്കോര്‍ നാല്പത്തില് അധികം ഉയര്‍ത്തിയപ്പോള്‍ പിറന്നത് വീരുവിന്റെ പേരില്‍ മാത്രമുണ്ടായിരുന്ന റെക്കോര്‍ഡാണ്. ഏകദിന ക്രിക്കറ്റില്‍ നാല് ഓവര്‍ എങ്കിലും കളിച്ച താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടിയ താരങ്ങളുടെ ലിസ്റ്റില്‍ താരം സേവാഗിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. ലിസ്റ്റില്‍ ആദ്യ രണ്ട് സ്ഥാനത്തും സേവാഗ് തന്നെയാണ്. 179 സ്ട്രൈക്ക് റേറ്റാണ് പൃഥ്വിക്കുള്ളത്.
180ന് മുകളില്‍ സ്ട്രൈക്ക് റേറ്റോടെയാണ് സേവാഗ് ആദ്യ രണ്ടു സ്ഥാനങ്ങള്‍ കൈയടക്കി വച്ചിരിക്കുന്നത്. 2005ല്‍ പാകിസ്താനെതിരായ ഏകദിനത്തില്‍ 185 ആയിരുന്നു അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഇതു തന്നെയാണ് ഒരു ഇന്ത്യന്‍ ഓപ്പണറുടെ എക്കാലത്തെയും റെക്കോര്‍ഡ്. 2008ല്‍ ബംഗ്ലാദേശിനെതിരേയുള്ള 184 സ്ട്രൈക്ക് റേറ്റ് സേവാഗിനു രണ്ടാം സ്ഥാനവും നേടിക്കൊടുത്തു.
ഓപ്പണിംഗില്‍ തന്റെ ആക്രമണശൈലിയിലുള്ള പ്രകടനത്തെ മുമ്പും പലരും പൃഥ്വി ഷായെ സേവാഗുമായി ഉപമിച്ചിട്ടുണ്ട്. ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃഥ്വി 2021 സീസണിന്റെ ആദ്യ പാദത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഒരോവറിലെ ആറ് പന്തും ബൗണ്ടറി നേടിയിരുന്നു. പൃഥ്വി ആരെയും ഭയക്കാത്തവനാണെന്നും വിരേന്ദര്‍ സേവാഗിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന് ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
ലങ്കന്‍ പരമ്പരയില്‍ ഇന്ത്യക്ക് ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ബാറ്റ്സ്മാന്മാരുടെ എണ്ണം കൂടുതലാണ്. പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, സഞ്ജു സാംസണ് എന്നിങ്ങനെ ഓപ്പണര്‍മാരുടെ ഒരു നീണ്ട നിര തന്നെ ഈ ടീമിലുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിച്ചിരുന്നതും പൃഥ്വി ഷായ്ക്കായിരുന്നു. വലം കയ്യന്‍ ബാറ്റ്സ്മാന് എന്നതിന് പുറമെ ഐ പി എല്ലില്‍ ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തുള്ള പരിചയവും പൃഥ്വി ഷായ്ക്കുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.