പറങ്കിപ്പടയുടെ 'ആറാട്ട്'; സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ക്വാർട്ടറിൽ; റാമോസിന് ഹാട്രിക്

Last Updated:

ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടം 21കാരനായ ഗോണ്‍സാലോ റാമോസ് സ്വന്തമാക്കി

(AP Photo/Alessandra Tarantino)
(AP Photo/Alessandra Tarantino)
ദോഹ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്റെ ചുമലിലേറി പറങ്കികൾ നടത്തിയ പടയോട്ടത്തിൽ തകർന്ന് സ്വിറ്റ്സർലൻഡ്. ലൂസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് സ്വിസ് പ്രതിരോധം തകർത്ത് പോർച്ചുഗൽ ഖത്തർ ക്വാർട്ടറിലെത്തി.
ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടവും 21കാരനായ ഗോണ്‍സാലോ റാമോസ് സ്വന്തമാക്കി. മത്സരത്തിന്‍റെ 17, 51, 67 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. പോർച്ചുഗലിനായി പെപ്പെ (33), റാഫേല്‍ ഗുരെയിരോ (55), റാഫേൽ ലിയോ (90+2) എന്നിവരും വലകുലുക്കി. സ്വിറ്റ്സർലൻഡിന്‍റെ ആശ്വാസ ഗോൾ മാനുവൽ അകാൻജിയുടെ (58) വകയായിരുന്നു.
ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ് പോർച്ചുഗലിന്‍റെ എതിരാളികൾ.
പന്തടക്കത്തിലും പാസ്സിങ്ങിലും ഏറെക്കുറെ ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഫിനിഷിങ്ങിൽ പോർച്ചുഗൽ ബഹുദൂരം മുന്നിലെത്തി. കിട്ടിയ അവസരങ്ങളെല്ലാം പറങ്കിപ്പട വലയിലാക്കി. 17ാം മിനിറ്റിൽ റാമോസിലൂടെയാണ് പോർച്ചുഗൽ ആദ്യ ലീഡെടുത്തത്. സ്വിസ് ബോക്സിലേക്ക് പോർച്ചുഗൽ നടത്തിയ മുന്നേറ്റമാണ് ഗോളിനു വഴിയൊരുക്കിയത്.
advertisement
സ്വിസ് പകുതിയിൽ പോർച്ചുഗലിന് ലഭിച്ച ത്രോയിൽ നിന്നായിരുന്നു നീക്കത്തിന്റെ തുടക്കം. ത്രോയിൽനിന്ന് ലഭിച്ച പന്ത് ജാവോ ഫെലിക്സ് ബോക്സിനുള്ളിലുണ്ടായിരുന്ന റാമോസിന് മറിച്ചു നൽകി. പിന്നാലെ താരം കിടിലൻ ഇടങ്കാൽ ഷോട്ടിലൂടെ പന്ത് വലക്കുള്ളിലാക്കി.
33ാം മിനിറ്റിൽ പ്രതിരോധ താരം പെപ്പെ ലീഡ് ഉയർത്തി. ബോക്സിന്റെ മധ്യത്തിലേക്ക് ബ്രൂണോ ഫെർണാണ്ടസ് ഉയർത്തി നൽകിയ കോർണർ കിക്ക് കിടിലൻ ഹെഡ്ഡറിലൂടെ ഗോളി സോമറെ കാഴ്ചക്കാരനാക്കി പെപ്പെ വലയിലെത്തിച്ചു. ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം പെപ്പെ സ്വന്തമാക്കി. 39 വയസ്സും 283 ദിവസവും.
advertisement
ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 3-0. 51ാം മിനിറ്റിൽ ഗോണ്‍സാലോ റാമോസിന്റെ രണ്ടാം ഗോൾ. പന്തുമായി വലതു പാർശ്വത്തിലൂടെ ബോക്സിനുള്ളിലേക്ക് കയറി ഡീഗോ ഡാലോ നൽകിയ ക്രോസ് റാമോസ് സ്വിസ് ഗോളി സോമറിന്റെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തിച്ചു. നാലു മിനിറ്റിനകം പോർച്ചുഗലിന്റെ നാലാമത്തെ ഗോളുമെത്തി. റാഫേല്‍ ഗുരെയിരോയാണ് ഇത്തവണ വലകുലുക്കിയത്. കൗണ്ടര്‍ അറ്റാക്കിങ്ങാണ് ഗോളിൽ കലാശിച്ചത്.
റാമോസ് നൽകിയ പാസിൽനിന്നാണ് ഗുരെയിരോ ലക്ഷ്യംകണ്ടത്. 58ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് മാനുവൽ അകാൻജിയിലൂടെ ഒരു ഗോൾ മടക്കി. കോർണർ പന്ത് ഹെഡ്ഡറിലൂടെയാണ് താരം വലയിലാക്കിയത്. 67ാം മിനിറ്റിൽ റാമോസിന്‍റെ ഹാട്രിക് ഗോൾ. മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് പോർച്ചുഗൽ മുന്നേറ്റത്തിനൊടുവിൽ ജാവോ ഫെലിക്സ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് റാമോസ് ഗോളിയെയും മറികടന്ന് വലയിലാക്കി.
advertisement
73ാം മിനിറ്റിൽ ജാവോ ഫെലിക്സിനു പകരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങി. 84ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഗോളടിച്ചെങ്കിലും ലൈൻസ്മാൻ ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. അവസാന പകുതിയുടെ ഇൻജുറി ടൈമിൽ റാഫേൽ ലിയോ ആറാം ഗോളും പൂർത്തിയാക്കി. റാഫേല്‍ ഗുരെയിരോയാണ് ഗോളിന് വഴിയൊരുക്കിയത്.
2008നുശേഷം പോർച്ചുഗൽ ആദ്യമായാണ് റൊണാൾഡോ ഇല്ലാതെ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്. 31 മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവനിൽ റൊണാൾഡോ ഇടംപിടിച്ചിരുന്നു. പോര്‍ചുഗല്‍ 4-3-3 ശൈലിയിലും സ്വിറ്റ്‌സര്‍ലന്‍ഡ് 4-2-3-1 ഫോര്‍മേഷനിലുമാണ് കളിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
പറങ്കിപ്പടയുടെ 'ആറാട്ട്'; സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ക്വാർട്ടറിൽ; റാമോസിന് ഹാട്രിക്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement