അടിയും തിരിച്ചടിയുമായി ആവേശത്തിന്റെ കൊടുമുടി കയറിയ പോരാട്ടത്തിനൊടുവില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി മെസ്സിയും അര്‍ജന്റീനയും ഖത്തര്‍ ലോകകപ്പ് സെമി ഫൈനലിലേക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന വിജയം നേടിയത്. 4-3 എന്ന സ്കോറിനാണ് ഓറഞ്ച് പടയെ മെസിയും കൂട്ടരും വീഴ്ത്തിയത്. നെതര്‍ലന്‍ഡിന്റെ ആദ്യ രണ്ട് കിക്കുകളും പാഴായപ്പോള്‍ അര്‍ജന്റീനയുടെ നാലാം കിക്കാണ് ലക്ഷ്യം കാണാതെ പോയത്. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മാസ്മരിക പ്രകടനമാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ വിജയത്തിന് നിര്‍ണായകമായത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
Also Read-ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ ലോക കപ്പ് സെമിയിൽ
നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കായി നഹ്വെല്‍ മൊളീന്യയും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ഗോളടിച്ചപ്പോള്‍ നെതര്‍ലാന്‍ഡ്സിനായി വൗട്ട് വെഗോര്‍സ്റ്റ് ഇരട്ട ഗോളുകള്‍ നേടി. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പെരെഡെസ്, ഗോണ്‍സാലോ മോണ്ടിയല്, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവര്‍ ഗോള്‍ നേടി. മറുവശത്ത് ടിയൂന്‍ കൂപ്പ്മെയ്നേഴ്സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോങ് എന്നിവരുടെ ശ്രമങ്ങളും ലക്ഷ്യം കണ്ടു.
2014ലെ സെമിയുടെ തനി പകര്‍പ്പായിരുന്നു ഇത്തവണത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍. അന്നും ഓറഞ്ച് പടയെ ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന കീഴടക്കിയത്. സെമി ഫൈനലില്‍ ക്രൊയേഷ്യയാണ് മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.