മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
- Published by:Sarika KP
- news18-malayalam
Last Updated:
മറ്റ് കളിക്കാർക്കൊപ്പം മൈതാനത്തുണ്ടായിരുന്ന താരത്തിന് കളിയ്ക്കിടെ ഇടിമിന്നൽ ഏൽക്കുന്നതും തുടർന്ന് ഗ്രൗണ്ടിൽ വീഴുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്.
മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ ഫുട്ബോൾ താരം മരിച്ചു. പടിഞ്ഞാറൻ ജാവയിലെ ബന്ദുങ്ങിലെ സിലിവാംഗി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാങ്ങില്‍നിന്നുള്ള സെപ്റ്റെയ്ൻ രാഹർജ (35) ആണ് മരിച്ചത്. ശരീരത്തില്‍ ഇടിമിന്നലേറ്റതിനെത്തുടർന്ന് പെട്ടെന്ന് രാഹർജ കുഴഞ്ഞുവീഴുന്നതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫുട്ബോൾ സ്റ്റേഡിയത്തിന് 300 മീറ്റർ ഉയരത്തിൽ നിന്നാണ് താരത്തിനുമേൽ ഇടിമിന്നൽ വന്നുപതിച്ചിരിക്കുന്നത് എന്ന് ഇന്തോനേഷ്യയിലെ മെറ്റീരിയോളജി, ക്ലൈമറ്റോളജി, ജിയോഫിസിക്‌സ് ഏജൻസി (ബിഎംകെജി) വ്യക്തമാക്കി. എന്നാൽ മത്സരം നടക്കുമ്പോൾ ആകാശം തെളിഞ്ഞതായിരുന്നു എന്നും അപ്രതീക്ഷിതമായാണ് കാലാവസ്ഥ മാറിയതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മറ്റ് കളിക്കാർക്കൊപ്പം മൈതാനത്തുണ്ടായിരുന്ന താരത്തിന് കളിയ്ക്കിടെ ഇടിമിന്നൽ ഏൽക്കുന്നതും തുടർന്ന് ഗ്രൗണ്ടിൽ വീഴുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇത് കണ്ട് മറ്റ് കളിക്കാർ ഇദ്ദേഹത്തെ സഹായിക്കാൻ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. വീണ ഉടനെ താരത്തിന് ശ്വാസം ഉണ്ടായിരുന്നെങ്കിലും പിന്നാലെ ആശുപത്രിയിൽ എത്തിയ ശേഷം മരിക്കുകയായിരുന്നു.
advertisement
ഇത്തരമൊരു സംഭവം ഇന്തോനേഷ്യയിൽ നടക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം, കിഴക്കൻ ജാവയിലെ ബൊജൊനെഗോറോയിൽ സൊറാറ്റിൻ അണ്ടർ 13 മത്സരത്തിൽ കളിക്കുന്നതിനിടെ മറ്റൊരു ഫുട്ബോൾ താരത്തിനും ഇടിമിന്നലേറ്റിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് താരത്തെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 20 മിനിറ്റിനുള്ളിൽ ജീവൻ രക്ഷിക്കാനും സാധിച്ചു.
ക്ടോബറിൽ, ഹെർട്ട്ഫോർഡിൽ ഒരു സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റിനിടെ 12 കാരനും ഇടിമിന്നലേറ്റിരുന്നു. സംഭവത്തിൽ അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടായിട്ടും അനുകൂലമല്ലാത്ത കാലാവസ്ഥയിൽ മത്സരം നടത്തിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 13, 2024 6:46 PM IST